ഇനി ആത്മസമർപ്പണത്തിന്റെ ദിനരാത്രങ്ങൾ
text_fieldsഹംരിയപള്ളിയിൽ നടന്ന തറാവീഹ് നമസ്കാരം- അൻസാർ കരുനാഗപ്പള്ളി
മസ്കത്ത്: ഒമാനിൽ ഇന്ന് റമദാൻ ഒന്ന്. ആത്മ വിമലീകരത്തിന്റെയും വിശുദ്ധിയുടെയും ദിനരാത്രങ്ങൾ സമാഗതമായി. പകലറ്റം വരെ ഭക്ഷണവും പാനീയങ്ങളും വെടിഞ്ഞ് രാവറ്റം വരെ പ്രാർഥനകളിൽ മുഴുകി മനസ്സും ശരീരവും പാകപ്പെടുത്തിയെടുക്കുന്ന ദിനരാത്രങ്ങളാണ് ഇനിയുള്ള ഒരുമാസം.
വിശുദ്ധ മാസത്തിലെ ഓരോ നിമിഷങ്ങളും വിശ്വാസികൾക്ക് വിലപ്പെട്ടതാണ്. വിശന്നൊട്ടിയ വയറും വറ്റി വരണ്ട തൊണ്ടയുമായി വിശ്വാസികൾ ദൈവത്തിലേക്ക് അടുക്കുകയാണ്. ജീവിത വഴിത്താരകളിൽ അറിഞ്ഞും അറിയാതെയും വന്നുപോയ പാപങ്ങൾ എണ്ണിപ്പറഞ്ഞ് പാപമോചനം നേടും. ദൈവവചനങ്ങൾ ഉരുവിട്ടും നാഥനെ വാഴ്ത്തിയും അവർ പടച്ചവനിലേക്ക് അടുക്കും.
നോമ്പ് കാരുണ്യത്തിന്റെ മാസമാണ്. സഹജീവികളിൽ കരുണ അർപ്പിക്കുമ്പോൾ ദൈവം വിശ്വാസികളിൽ കാരുണ്യം ചൊരിയും. റമദാൻ വിശ്വാസികളുടെ ആത്യന്തിക മോഹമായ സ്വർഗപ്രവേശനത്തിന്റേതാണ്. ദൈവ കാരുണ്യവും ദൈവത്തിൽ നിന്നുള്ള പാപ മോചനവും നേടുന്നതോടെ സ്വർഗത്തിലേക്ക് വഴിതെളിയും.
റമദാനിൽ വിശ്വാസിയുടെ ഓരോ കാൽവെപ്പും ഞാൻ നോമ്പനുഷ്ഠിക്കുന്നു എന്ന ബോധ്യത്തോടെയാണ്. അതോടെ വന്യമായ ചിന്തകൾക്കും സഭ്യമല്ലാത്ത ചെയ്തികൾക്കും കടിഞ്ഞാണുകളായി. നാവുകളിൽ നന്മകൾ പൊഴിയുന്ന അക്ഷരങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്. ചിന്തകളിൽ നന്മയുടെ പൂമരമാണ് പൂത്തുലയുന്നത്. മസ്ജിദുകളും ആരാധനാലയങ്ങളുമാണ് ഇനി വിശ്വാസികളുടെ പ്രധാന സങ്കേതം.
നീണ്ട നേരം ഖുർആൻ പാരായണം നടത്തിയും കാൽമുട്ടുകളിൽ അസ്വസ്ഥതയനുഭവപ്പെടുന്നതുവരെ നമസ്കരിച്ചും അവർ ജീവിതം ആരാധനയാക്കും. എല്ലാ നന്മകൾക്കും പതിന്മടങ്ങ് പ്രതിഫലമായെത്തുന്ന ഈ മാസത്തിലെ നിമിഷങ്ങളൊന്നും വെറുതെയാവരുതെന്നാണ് വിശ്വാസിയുടെ തേട്ടം.
ഏറെ പുണ്യ മുഹൂർത്തങ്ങൾ നിറഞ്ഞതാണ് റമദാൻ. ഇസ്ലാമിനെ പിഴുതെറിയാനും മുളയിൽ തന്നെ നുള്ളിക്കളയാനും സർവ സന്നാഹങ്ങളുമായി കുതിച്ചെത്തിയവരെ വിശ്വാസം ആയുധമാക്കി പോരാടി വിജയം വരിച്ച ബദരീങ്ങളുടെ റമദാൻ 17. മലക്കായിരങ്ങളും ജിബ്രീൽ മാലാഖയും മണ്ണിലിറങ്ങി വിശ്വാസികൾക്ക് ആശിർവാദവും സമാധാനവും നേരുന്ന അവസാന പത്തിലെ ലൈലത്തുൽ ഖദ്ർ... അങ്ങനെ പോവുന്നു റമദാൻ സവിശേഷതകൾ.
ഒമാനിൽ ഈ വർഷം താരതമ്യേന ചൂട് കുറഞ്ഞ അന്തരീക്ഷത്തിലാണ് റമദാൻ. ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും സൗകര്യകരമായ സമയക്രമമുണ്ടാക്കിയത് നോമ്പെടുക്കുന്നവർക്ക് അനുഗ്രഹമാവും. വ്യപാരസ്ഥാപനങ്ങളും ഭക്ഷ്യ വിതരണസ്ഥാപനങ്ങളും വൈകുന്നേരത്തോടെ കൂടുതൽ സജീവമാകുകയും രാവറ്റം വരെ തുറന്ന് പ്രവർത്തിക്കുകയും ചെയ്യും. നഗരങ്ങളും ഗ്രാമങ്ങളും രാത്രി മുഴുവൻ സജീവമാകും.
നഗരത്തിലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിലും നല്ല തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. റമദാനിന് മുന്നോടിയായുള്ള അവസാന വട്ട ഒരുക്കത്തിനായി സ്വദേശികളും വിദേശികളും കുടുംബവുമൊത്തായിരുന്നു ഇത്തരം സ്ഥാപനങ്ങളിൽ എത്തിയിരുന്നത്.
റമദാനിനോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചത് സാധാരണക്കാർക്ക് ആശ്വാസമായിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി മുനിസിപ്പാലിറ്റികളുടെയും ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെയും നേതൃത്വത്തിൽ പരിശോധനയും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

