മുല്ലയ്ക്കൽ ചിറപ്പിന് ഇന്ന് തുടക്കം; ഇനി നാടിന് ഉത്സവമേളം
text_fieldsആലപ്പുഴ മുല്ലയ്ക്കൽ ചിറപ്പിന് മുന്നോടിയായ എ.വി.ജെ ജങ്ഷനിൽ ഉയർന്ന കൂറ്റൻ അലങ്കാരഗോപുരം
ആലപ്പുഴ: ആലപ്പുഴയുടെ ഉത്സവമായ മുല്ലയ്ക്കൽ ചിറപ്പിന് ചൊവ്വാഴ്ച തുടക്കമാകും. ഇനിയുള്ള 10 ദിവസം മുല്ലക്കൽ ക്ഷേത്രവും തെരുവും ജനങ്ങളാൽ നിറയും. വിവിധങ്ങളായ സാധനങ്ങളുമായി കച്ചവടക്കാർ മുല്ലക്കൽ തെരുവിൽ ഇടം പിടിച്ചു. എ.വി.ജെ ജങ്ഷനിൽ കൂറ്റൻ അലങ്കാര ഗോപുരവും ഉയർന്നു. തോരണങ്ങളാലും അലങ്കാരങ്ങളാലും മുല്ലക്കൽ തെരുവ് വർണാഭമായി. ഇനിയുള്ള രാത്രിയിൽ തെരുവ് കളർഫുള്ളാകും. കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ ഈമാസം 20 മുതൽ ഉത്സവം ആരംഭിക്കും. മണ്ഡലകാലമായതിനാൽ ദിവസവും മുല്ലക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ കളഭാഭിഷേകം, കുങ്കുമാഭിഷേകം, പുഷ്പാഭിഷേകം, പ്രസാദമൂട്ട് എന്നിവയുണ്ടാകും.
ചിറപ്പ് ദിവസങ്ങളിൽ പുലർച്ച 4.30ന് നിർമാല്യം അഭിഷേകം, രാവിലെ 6.30ന് ഭാഗവതപാരായണം, 8.30ന് ശ്രീബലി, 12.30ന് പ്രസാദമൂട്ട്, വൈകീട്ട് ആറിന് ദീപാരാധന, രാത്രി 10.30ന് എതിരേറ്റ്, തീയാട്ട് എന്നിവയുണ്ടാകും. ജില്ലകോടതിപാലം പണി നടക്കുന്നതിനാൽ വൻഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കുരുക്കകഴിക്കാൻ പൊലീസും ഏറെ പണിപ്പെട്ടു. പലതരം പലഹാരങ്ങളും ബലൂണുകളും ഉൾപ്പെടെയുള്ളവ തെരുവിലുണ്ട്. കരിമ്പും മൈലാഞ്ചി വിൽപനയുമുണ്ട്. ഇനിയുള്ള നാളുകൾ ആലപ്പുഴക്കാർക്ക് ഒരുമയുടെയും കൂട്ടായ്മയുടെയും ആഘോഷമാണ്.
യാത്രാദുരിതം ഇരട്ടി; ബദൽപാത പാതിവഴിയിൽ
ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പിനും കിടങ്ങാംപറമ്പ് ഉത്സവത്തിനും മുന്നോടിയായി ജില്ലകോടതിപ്പാലത്തിന് സമാന്തരമായി കനാലിന് കുറുകെ താൽക്കാലിക നടപ്പാലം നിർമാണം തകൃതിയിൽ. യാത്രാദുരിതം ഇരട്ടിയായി. പാലംപൊളിച്ച് നഗരത്തെ രണ്ടായി വെട്ടിമുറിച്ചതിനെതിരെ വ്യാപകപ്രതിഷേധമുയർന്നതിന് പിന്നാലെ ജില്ലകലക്ടർ അലക്സ് വർഗീസിന്‍റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ചിറപ്പിന് മുന്നോടിയായി യാത്രാദുരിതം പരിഹരിക്കാൻ പുതിയപാലം തീർക്കുമെന്നായിരുന്നു പ്രഖ്യാപനം. കനാലിന് കുറുകെയുള്ള താൽക്കാലിക ബണ്ടിന്‍റെ നിർമാണം തുടങ്ങിയെങ്കിലും പാതിവഴിയാണ്.
ഇത് കച്ചവടത്തെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. എന്നാൽ, രണ്ടുദിവസത്തിനകം ബണ്ട് തീർക്കുന്നമെന്ന നിലയിലാണ് നിർമാണം പുരോഗമിക്കുന്നത്. വാടക്കനാലിന് കുറുകെയാണ് പുതിയയാത്രാമാർഗം തുറക്കുന്നത്. ചിറപ്പിനൊപ്പം ഈമാസം 20 മുതൽ കിടങ്ങാംപറമ്പ് ഉത്സവം തുടങ്ങുന്നതോടെ സീറോ ജങ്ഷൻ മുതൽ തോണ്ടംകുളങ്ങര വരെ വൻ ജനക്കൂട്ടമാണ് എത്താറുള്ളത്. ഇതിന് പിന്നാലെ പുതുവർഷരാഘോഷവും എത്തുന്നതോടെ ജില്ലകോടതിപ്പാലം തിരക്കിലമരും.
ക്ഷേത്രത്തിൽ ഇന്ന്
- നിർമാല്യദർശനം-പുലർച്ച 4.30
- ദേവീഭാഗവതര പാരായണം-രാവിലെ 6.30
- ശ്രീബലി-രാവിലെ 8.30
- കുങ്കുമാഭിഷേകം, കളഭാഭിഷേകം-രാവിലെ 10.30
- പ്രസാദ ഊട്ട്-ഉച്ച. 12.30
- കാഴ്ചശ്രീബലി-വൈകു. 5.30
- ദീപാരാധന- വൈകു. 6.00
- നൃത്തപരിപാടി-രാത്രി 7.00
- സിനിമാറ്റിക്സ് ഡാൻസ്-രാത്രി 8.30
- എതിരേൽപ്-രാത്രി 10.30
- തീയാട്ട്-രാത്രി 11.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

