ഉമ്മ എന്ന സ്നേഹ മന്ത്രം
text_fieldsനവാസ് മീരാനും സഹോദരൻ ഫിറോസ് മീരാനും മാതാവ് നബീസ മീരാനോടൊപ്പം
സ്നേഹിക്കാൻ ഞാൻ പഠിച്ചത് മമ്മിയിൽനിന്നാണ്. ഒപ്പമുള്ളവരെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചത് മമ്മിയാണ്. മമ്മി എന്ന രണ്ടക്ഷരം സ്നേഹമന്ത്രംതന്നെയാണ്. ആ ഓർമകൾക്ക് മരണമില്ല. ഇക്കുറി പെരുന്നാളിന്റെ തക്ബീർ ധ്വനികൾക്കിടയിലും ചേർത്തുപിടിക്കുന്ന മമ്മിയുടെ കൈകളാണ് ഞങ്ങൾ പരതുന്നത്
മമ്മിയുടെ ചെറുപയർ പായസം ഇല്ലാത്ത പെരുന്നാൾ ഓർക്കാൻ പറ്റാത്ത ഒന്നാണ്. ഏത് നാട്ടിലാണെങ്കിലും പെരുന്നാൾ ദിനത്തിൽ ഞാനും സഹോദരൻ ഫിറോസും അടിമാലിയിലെ വീട്ടിലെത്തും. മമ്മിക്ക് ഞങ്ങളുടെ സാന്നിധ്യം അത്രമാത്രം നിർബന്ധമായിരുന്നു. വീട്ടിലെത്തിയാൽ പപ്പയുടെ (എം.ഇ. മീരാൻ) ആഗ്രഹങ്ങൾ നിറവേറ്റുക, ഓരോന്ന് ഓർത്തെടുത്ത് ചെയ്യിപ്പിക്കുക, പള്ളിയിലെ (അടിമാലി മുസ്ലിം ജമാഅത്ത്) കാര്യങ്ങളുടെ ഇടപെടൽ ഉൾപ്പെടെ മമ്മി എല്ലാം ചെയ്യിപ്പിച്ച ശേഷമേ എനിക്ക് വിശ്രമമുള്ളൂ. വലിയ സൗഹൃദത്തിന് ഉടമയായിരുന്നു മമ്മി. ദൂരദേശത്തുൾപ്പെടെയുള്ള പപ്പയുടെ പരിചയക്കാരും അടുപ്പക്കാരും വരുമ്പോൾ അവരെ സ്വീകരിക്കുന്ന മമ്മിയുടെ ആതിഥ്യ ശൈലി എടുത്തുപറയേണ്ടതാണ്.
പപ്പയുടെ വേർപാടിനു ശേഷം ആറു മാസത്തോളം ഞാൻ നേരിട്ട പ്രതിസന്ധി വളരെ വലുതായിരുന്നു. പ്രത്യേകിച്ച് കമ്പനി കാര്യം. ആശങ്കക്ക് എല്ലാം പരിഹാരമായത് മമ്മിയുടെ ഊർജസ്വലത നിറഞ്ഞ പിന്തുണ മാത്രമായിരുന്നു. ഞാൻ ബോർഡിങ് സ്കൂളിലാണ് പഠിച്ചത്. അവധിക്ക് വീട്ടിൽ വരുമ്പോൾ ക്ഷീണിച്ചിരിക്കും. തിരികെ പോകുമ്പോൾ തടിച്ചിരിക്കും കൂട്ടുകാർ ഈ രഹസ്യം ചോദിക്കാതെ തന്നെ എന്നെ കളിയാക്കും. ഞാൻ സ്കൂളിലോ ഓഫിസിലോ പോകാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ മുന്നിലേക്ക് മമ്മി വരില്ല. എന്നാൽ, ബെഡ്റൂമിന്റെ ജനൽവഴി തന്നെ മാത്രം നോക്കി ഒളിച്ചു നിൽക്കും. അവിടെനിന്ന് മമ്മി സങ്കടക്കണ്ണീർ തുടക്കുന്നതും പതിവ് കാഴ്ചയായിരുന്നു. അത്രമാത്രം സ്നേഹമായിരുന്നു മക്കളായ ഞങ്ങളോട്. ആ കാഴ്ചകൾ ഇനി കാണാൻ പറ്റില്ലല്ലോ എന്നോർക്കും. വല്ലാത്ത ശൂന്യതയാണ് മനസ്സിൽ.
രണ്ടുമാസമായി മമ്മി തന്നോടൊപ്പം എറണാകുളത്തെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ദിവസവും അടിമാലിയെ കുറിച്ച് പറയും. കൂമ്പൻപാറ സ്കൂളിൽ അധ്യാപികയായി മമ്മി ചേർന്നത് മുതൽ പൊതുരംഗത്തെ പ്രവർത്തനം, ഈസ്റ്റേൺ പബ്ലിക് സ്കൂൾ പ്രവർത്തനം എല്ലാം ഓർത്തെടുത്ത് പറയും. ആ ഓർമശക്തി തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു. മമ്മി ഒരു കാര്യം പറഞ്ഞാൽ ആദ്യം കേൾക്കുമ്പോൾ ശരിയല്ലെന്ന് തോന്നും എന്നാൽ അത് സത്യമാണെന്ന് പിന്നീട് തിരിച്ചറിയും. ഒരാൾ വിളിച്ചാൽ ഫോണിൽ പേരില്ലെങ്കിലും വിളിച്ചയാളെ തിരിച്ചറിഞ്ഞ് പറഞ്ഞു തരും.
പപ്പയുള്ളപ്പോൾ പപ്പയുടെ നിഴലായി കൂടെയുണ്ടാകും. പപ്പ എവിടെ പോയാലും മമ്മിയും കൂടെ ഉണ്ടാകും. ഇതാണ് ചെറുപ്പത്തിലെ ഞങ്ങൾ കാണുന്ന കാഴ്ച. അത്രക്ക് സ്നേഹമായിരുന്നു അവർ തമ്മിൽ. പല രാജ്യങ്ങളിലും പപ്പയോടൊപ്പം മമ്മിയും യാത്ര ചെയ്തിട്ടുണ്ട്. സ്നേഹിക്കാൻ ഞാൻ പഠിച്ചത് മമ്മിയിൽ നിന്നാണ്. ഒപ്പമുള്ളവരെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചത് മമ്മിയാണ്. മമ്മി എന്ന രണ്ടക്ഷരം സ്നേഹമന്ത്രം തന്നെയാണ്. ആ ഓർമകൾക്ക് മരണമില്ല. ഇക്കുറി പെരുന്നാളിന്റെ തക്ബീർ ധ്വനികൾക്കിടയിലും ചേർത്തുപിടിക്കുന്ന മമ്മിയുടെ കൈകളാണ് ഞങ്ങൾ പരതുന്നത്.
തയാറാക്കിയത് : വാഹിദ് അടിമാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

