മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപനം ഇന്ന് വല്ലാര്‍പാടം ബസിലിക്കയിൽ
text_fieldsമദർ ഏലീശ്വ
കൊച്ചി: മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപന ആഘോഷങ്ങൾ ശനിയാഴ്ച വല്ലാര്‍പാടം ബസിലിക്കയില്‍ നടത്തും. വൈകീട്ട് 4.30ന് ആരംഭിക്കുന്ന ദിവ്യബലിയിൽ ലിയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപത മെത്രാൻ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിക്കും. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പോസ്തലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും.
അത്യുന്നത കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് മദര്‍ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്യും. തുടര്‍ന്ന് മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും. ദിവ്യബലിക്കു ശേഷം ഏലീശ്വാമ്മയുടെ നൊവേന സി.ബി.സി.ഐ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും.
1831 ഒക്ടോബർ 15ന് വൈപ്പിനിലെ ഓച്ചന്തുരുത്തിൽ ജനിച്ച ഏലിശ്വ കേരള കത്തോലിക്ക സഭയിലെ പ്രഥമ സന്ന്യാസിനിയും ഇന്ത്യയിലെ ആദ്യ സന്ന്യാസിനീസഭയുടെ സ്ഥാപകയുമാണ്. ഇന്ന് 'തെരേസ്യൻ കർമലീത്ത സഹോദരികൾ' എന്നറിയപ്പെടുന്ന നിഷ്പാദുക കർമലീത്ത മൂന്നാം സഭാസമൂഹമാണ് മദർ ഏലീശ്വ സ്ഥാപിച്ചത്.
വിധവയും ഒരു പെൺകുഞ്ഞിന്‍റെ അമ്മയുമായിരുന്ന ഏലീശ്വ പുനർവിവാഹത്തിന് വിസമ്മതിക്കുകയും ഏകാന്തതയിലും നീണ്ട പ്രാർഥനകളിലും സാധുജന സേവനത്തിലുമായി ഏതാണ്ട് ഒരു പതിറ്റാണ്ടോളം ജീവിതം തുടരുകയും ചെയ്തു. പിന്നീടാണ് നിഷ്പാദുക കർമലീത്ത മൂന്നാം സഭാസമൂഹം സ്ഥാപിച്ചത്. ഇതിന്‍റെ സ്ഥാപന ചരിത്രം 1862 വരെ പിന്നോട്ടു പോകുന്നതാണ്.
1913 ജൂലൈ 18ന് വരാപ്പുഴയിൽ വച്ച് മരണമടഞ്ഞ ദൈവദാസി ഏലീശ്വയുടെ മദ്ധ്യസ്ഥതയാൽ നടന്ന ഒരു അത്ഭുതം അംഗീകരിക്കപ്പെട്ടതോടെ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിനുള്ള വഴി തെളിഞ്ഞു. വിശുദ്ധപദ പ്രഖ്യാപനത്തിലേക്കുള്ള സോപാനത്തിൽ അവസാനത്തെ പടിയാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം.
വിശുദ്ധരായി പ്രഖ്യാപിക്കുന്ന മറ്റ് അഞ്ച് പേരിൽ ഒരാൾ രക്തസാക്ഷിയായ റോമാക്കാരനായ ദൈവദാസൻ നത്സറേനൊ ലഞ്ചോത്തി എന്ന രൂപതാ വൈദികനാണ്. 1940 മാർച്ച് 3ന് റോമിൽ ജനിച്ച അദ്ദേഹം 2001 ഫെബ്രുവരി 22ന് ബ്രസീലിലെ സാവോപോളോയിൽ വച്ച് വധിക്കപ്പെടുകയായിരുന്നു.
ഉപവിയുടെ സഹോദരർ, യേശുവിന്‍റെയും മറിയത്തിന്‍റെയും ഉപവിയുടെ സഹോദരികൾ, യേശുവിന്‍റെ ബാല്യകാല സഹോദരികൾ എന്നീ സമർപ്പിത ജീവിത സമൂഹങ്ങളുടെ സ്ഥാപകനായ ബെൽജിയം സ്വദേശി വൈദികൻ പീറ്റർ ജോസഫ് ട്രിയെസ്റ്റ്, ഇറ്റലി സ്വദേശിയും വിശുദ്ധ കത്രീന സമൂഹത്തിന്‍റെ സ്ഥാപകനുമായ രൂപതാവൈദികൻ ആഞ്ചെലൊ ബുഗേത്തി, ഇറ്റലിക്കാരായ രൂപതാവൈദികൻ അഗസ്തീനൊ കൊത്സോളീനൊ, സ്പെയിൻ സ്വദേശി അല്മായൻ അന്തോണിയോ ഗൗദി ഇ കൊർണേത്ത് എന്നിവരാണ് മറ്റ് നാലുപേർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

