പള്ളി പുനരുദ്ധാരണം രണ്ടാംഘട്ടം: മക്ക മേഖലയിൽ അഞ്ച് പള്ളികൾ
text_fieldsമക്ക മേഖലയിൽ പുനരുദ്ധാരണത്തിന് തിരഞ്ഞെടുത്ത പള്ളി
ജിദ്ദ: ചരിത്രപരവും പൗരാണികവുമായ പള്ളികളുടെ വികസനത്തിനുവേണ്ടിയുള്ള അമീർ മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ മക്ക മേഖലയിൽ അഞ്ച് പള്ളികൾ വികസിപ്പിക്കുന്നു. പള്ളികളുടെ ചരിത്രപരമായ ഘടനയും തനത് വാസ്തുവിദ്യയും സംരക്ഷിക്കുകയും അറ്റകുറ്റപ്പണികൾ നടത്തി പുനരുദ്ധരിക്കുകയും ചെയ്യുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണിത്.
മിനയിലെ ജംറ അൽഅഖബക്കു സമീപം അബ്ബാസിയ ഖലീഫ അബൂ ജഅ്ഫർ അൽ-മൻസൂർ നിർമിച്ച ബഅ്യ പള്ളിയാണ് ഈ ഘട്ടത്തിൽ മക്ക മേഖലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തേത്. മശ്അർ മിനയിലെ ഹിജ്റക്കു മുന്നോടിയായി ബൈഅത്ത് നടന്ന 'ശിഅ്ബ് അൽ-അൻസാറി'ലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.
മക്ക മേഖലയിൽ പുനരുദ്ധാരണത്തിന് തിരഞ്ഞെടുത്ത പള്ളികളിൽ ചിലത്
അതുല്യമായ വാസ്തുവിദ്യാ സവിശേഷതകളോടുകൂടിയതാണ് ഇത്. ജിദ്ദയിൽ രണ്ടു പള്ളികളുടെ വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതിലൊന്ന് ഹാറത് അൽശാമിലെ അബൂ അനബ പള്ളിയാണ്. 900 വർഷത്തിലേറെ പഴക്കമുള്ളതാണിത്. മറ്റൊന്ന് ബലദ് മേഖലയിലെ ശാരിഅ് ദഹബിലെ ഖിദ്ർ പള്ളിയാണ്. 700 വർഷത്തിലേറെ പഴക്കമുള്ളതാണിത്. ജമൂം പട്ടണത്തിലെ അൽഫത്തഹ് പള്ളിയും ത്വാഇഫ് പട്ടണത്തിന്റെ തെക്കു ഭാഗത്തുള്ള മർകസ് സഖീഫിലെ ജുബൈൽ പള്ളിയും വികസിപ്പിക്കുന്നതിലുൾപ്പെടും.
ചരിത്രപരമായ പള്ളികൾ വികസിപ്പിക്കാനുള്ള അമീർ മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വികസിപ്പിക്കുന്ന രാജ്യത്തെ മൊത്തം പള്ളികളുടെ എണ്ണം 30 ആണ്. ഓരോ പള്ളിയുടെയും ചരിത്രവും സവിശേഷതകളും ഗുണങ്ങളും സൂക്ഷ്മമായി വിലയിരുത്തിയശേഷം പദാർഥങ്ങളുടെയും വാസ്തുവിദ്യാ രൂപകൽപനകളുടെയും സമഗ്രത ഉറപ്പാക്കുന്ന ആധുനിക സംവിധാനങ്ങൾക്കനുസൃതമായാണ് പള്ളികൾ പുനരുദ്ധരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

