മിശ്കാൽ പള്ളി: പറങ്കിപ്പടയുടെ തീക്കളിയെ ഹിന്ദു-മുസ്ലിം സൗഹൃദം കൊണ്ട് തുരത്തിയ അഭിമാനസ്മരണ
text_fieldsകുറ്റിച്ചിറ മിശ്കാൽ പള്ളി
കോഴിക്കോട്: നാടിന്റെ ഐക്യവും വ്യാപാര അഭിവൃദ്ധിയും തകർക്കാൻ പറങ്കിപ്പട നടത്തിയ തീക്കളിയെ ഹിന്ദു-മുസ്ലിം സൗഹൃദം കൊണ്ട് തുരത്തിയ അഭിമാന സ്മരണയിൽ കുറ്റിച്ചിറയിലെ മിശ്കാൽ പള്ളി. ഓരോ റമദാൻ 22ാം തീയതിയും ഈ ചരിത്രസ്മാരകത്തിന് പൊള്ളുന്ന ഓർമകളുടെ ദിനമാണ്.
ഹിജ്രാബ്ധം 915 റമദാൻ 22ന് (1510 ജനുവരി 3) ആയിരുന്നു വാസ്കോഡ ഗാമയുടെ പിൻഗാമിയായി കോഴിക്കോട്ടെത്തിയ അൽബുക്കർക്കിന്റെ നേതൃത്വത്തിലുള്ള പറങ്കിപ്പട കല്ലായിപ്പുഴ വഴി പട്ടണത്തിലേക്ക് പ്രവേശിക്കുകയും കുറ്റിച്ചിറ മിശ്കാൽ പള്ളി അഗ്നിക്കിരയാക്കുകയും ചെയ്തത്.
ഇന്നേക്ക് 529 വർഷമായി ഈ ആക്രമണത്തിന്. തീവെപ്പിൽ പള്ളിയുടെ മിഹ്റാബ് (പ്രസംഗ പീഠം) പൂർണമായും ഒന്നാം നില ഭാഗികമായും കത്തിനശിച്ചു. തീ കത്തിയതിന്റെ പാടുകൾ പള്ളിയുടെ ഒന്നാം നിലയിൽ ഇന്നും ദൃശ്യമാണ്.
സാമൂതിരിയും മുസ്ലിംകളും തമ്മിലുള്ള ഐക്യം തകർക്കുക, അറബികൾക്ക് കോഴിക്കോട്ടെ വ്യാപാരമേഖലയിലുള്ള ആധിപത്യം തകർക്കുക തുടങ്ങിയ ബഹുതല ലക്ഷ്യങ്ങളായിരുന്നു പള്ളി തകർക്കലിന്റെ ലക്ഷ്യമെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു. ഏതായാലും പറങ്കിപ്പടയുടെ ദുഷ്ടലാക്കിനെ സാമൂതിരിയുടെ പടയും മുസ്ലിംകളും കൈകോർത്ത് നേരിട്ടു. ശക്തമായ ഏറ്റുമുട്ടലിന് കുറ്റിച്ചിറയും പരിസരവും സാക്ഷ്യംവഹിച്ചു.
കുഞ്ഞാലി മരക്കാരുടെ നേതൃത്വത്തിൽ തകർത്ത ചാലിയത്തെ പോർച്ചുഗീസ് കോട്ടയുടെ മരത്തടികൾ മിശ്കാൽ പള്ളി പുനർനിർമാണത്തിന് ഉപയോഗിച്ചത് പോർച്ചുഗീസുകാർക്ക് സാമൂതിരി നൽകിയ മറ്റൊരു തിരിച്ചടിയായി. തീവെപ്പ് സംഭവത്തിൽ പോർച്ചുഗീസ് പട്ടാളക്കാർക്കെതിരെ 500ൽപരം നായർ-മുസ്ലിം പടയാളികൾ പൊരുതി.
ഏറ്റുമുട്ടലിൽ നിരവധി പേർ മരണമടഞ്ഞതായും പള്ളിയുടെ പുനർനിർമാണത്തിന്ന് വിവിധ ഘട്ടങ്ങളിലായി നിരവധി വർഷമെടുത്തുവെന്നും ശൈഖ് സൈനുദ്ദീൻ മഖ്ദൂം ‘തുഹ്ഫത്തുൽ മുജാഹിദീൻ’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വൈദേശികാക്രമണത്തിനെതിരെ സാമൂതിരിയും മുസ്ലിംകളും കൈകോർത്ത് നടത്തിയ പോരാട്ടവും പള്ളി സംരക്ഷിക്കാൻ സാമൂതിരി രാജാവ് കാണിച്ച താൽപര്യവും മതസൗഹാർദത്തിന്റെയും മാനവികതയുടെയും ഉദാത്ത മാതൃകയായി കോഴിക്കോട്ട് ഉയർന്നുനിൽക്കുകയാണ്. പരമ്പരാഗത ഖാദിമാരുടെ ആസ്ഥാനം കൂടിയാണ് മിശ്കാൽ പള്ളി.
ഓരോ റമദാൻ 22നും കുറ്റിച്ചിറ ഖാദി പരമ്പരയിലെ പിന്മുറക്കാർ സാമൂതിരി രാജാവിനെ സന്ദർശിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്യുന്നു.
മുഹമ്മദ് കോയ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ കോഴിക്കോട് മുഖ്യ ആക്ടിങ് ഖാദി ശഫീർ സഖാഫി, ഖാദി പരമ്പരയിലെ ഇളം തലമുറ അംഗം എം.വി. റംസി ഇസ്മായിൽ, ഫൗണ്ടേഷൻ ചെയർമാൻ എം.വി. മുഹമ്മദലി, മിശ്കാൽ പള്ളി സെക്രട്ടറി എൻ. ഉമ്മർ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം 4.30ന് കോഴിക്കോട് തിരുവണ്ണൂരിലുള്ള സാമൂതിരിയുടെ ഭവനമായ അയോധ്യ അപ്പാർട്ട്മെന്റിലെത്തി സാമൂതിരി ഉണ്ണി അനുജൻ രാജക്ക് ഉപഹാരങ്ങൾ കൈമാറും.
മിശ്കാൽപള്ളി
പതിനാലാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ യമൻ സ്വദേശിയും കപ്പലുടമയുമായ നാഖൂദാ മിശ്കാൽ നിർമിച്ച നാലു നിലകളിലായുള്ള ഈ പള്ളി ശിൽപകല സൗന്ദര്യത്തിന്റെ പ്രൗഢ മന്ദിരം കൂടിയാണ്. ഇതിന്റെ നിർമാണത്തിന് കല്ലുകളേക്കാൾ മരങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.
നാലു നിലകളിലും മരംകൊണ്ടുള്ള വണ്ണംകൂടിയ ബീമുകളും തൂണുകളും ഉപയോഗിച്ച് ഫ്ലോറുകൾ പൂർണമായും മരപ്പലകകൾ നിരത്തി കെട്ടിടത്തിന്റെ മുകളിൽ ചെന്നുചേരുന്ന കഴുക്കോൽ കൂട്ടങ്ങൾ കോർത്ത മേൽക്കൂരയും ചുറ്റും മരത്താഴികകളും കേരള വാസ്തുശൈലിയുടെ ഉദാത്ത മാതൃക കൂടിയാണ്.
ഇബ്നു ബത്തൂത്ത തന്റെ സഞ്ചാരഗ്രന്ഥത്തിൽ രേഖപ്പെടുത്തിയതുപ്രകാരം പശ്ചിമതീരത്തെ പ്രമുഖ തുറമുഖങ്ങളിലൊന്നായ കോഴിക്കോട് വ്യാപാരാവശ്യാർഥം ചൈന, ജാവ, സിലോൺ, യമൻ, പേർഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നെല്ലാം വ്യാപാരികളെ ആകർഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

