Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightമിന ഭക്തിസാന്ദ്രം,...

മിന ഭക്തിസാന്ദ്രം, അറഫാസംഗമം നാളെ

text_fields
bookmark_border
hajj
cancel

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് വെള്ളിയാഴ്ച അറഫാസംഗമത്തോടെ തുടക്കമാകും. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള മുഴുവൻ തീർഥാടകരും മിനായിൽ എത്തിക്കഴിഞ്ഞു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആരോഗ്യ മുൻകരുതലുകളും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് 10 ലക്ഷത്തോളം തീർഥാടകർ മിനായുടെ താഴ്വാരത്തിലെത്തിയിരിക്കുന്നത്.

ബുധനാഴ്ച രാത്രി മുതൽ തന്നെ തീർഥാടകർ 'ലബ്ബൈക്ക്' വിളികളോടെ മിനായിലേക്ക് ഒഴുകാൻ തുടങ്ങി. വെള്ളിയാഴ്ച രാവിലെ അറഫ മൈതാനിയിലേക്ക് പുറപ്പെടും വരെ എല്ലാവരും മിനായിൽ തങ്ങും. കോവിഡ് മഹാമാരിയുടെ രണ്ടുവർഷം നീണ്ട ഇടവേളക്കുശേഷം മിനാ താഴ്വാരം ഹാജിമാരാൽ നിറയുമ്പോൾ ലോക മുസ്‌ലിംകൾക്ക് ഇത് മനംനിറയും കാഴ്ചയാകും. ഇനി നാലുനാൾ തീർഥാടകരുടെ താമസം മിനായിലാണ്. ഹജ്ജിനെത്തുന്ന തീർഥാടകർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടമാണ് ലോകത്തെ തമ്പുകളുടെ നഗരം എന്നറിയപ്പെടുന്ന മിനാ താഴ്വാരം.

ദുൽഹജ്ജ് 13 (ജൂലൈ 12 ചൊവ്വാഴ്ച) വരെ ഈ താഴ്വാരം ഇഹ്റാമിന്റെ ശുഭ്രവസ്ത്രധാരികളായ തീർഥാടകരാൽ നിറഞ്ഞ് പാൽക്കടലായി മാറും. അന്തരീക്ഷം പ്രാർഥനാമുഖരിതമാകും. മിനായിൽ എത്തിയ തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മലഞ്ചെരുവിൽ നിർമിച്ച ആറു വലിയ ബഹുനില കെട്ടിടങ്ങളായ 'അബ്റാജ് മിനാ'യിലും കിദാന കമ്പനി ഒരുക്കിയ മികച്ച സൗകര്യങ്ങളോടുകൂടിയ തമ്പുകളിലുമാണ് തീർഥാടകർക്ക് താമസം ഒരുക്കിയിട്ടുള്ളത്.

വ്യാഴാഴ്ച രാവും പകലും പ്രാർഥനകളുമായി മിനായിൽ തങ്ങുന്ന തീർഥാടകർ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പായി അറഫയിൽ എത്തും. അറഫയിലെ സംഗമം ഹജ്ജിലെ പ്രഥമവും ഏറ്റവും സുപ്രധാനവുമായ ചടങ്ങാണ്. ഇതിൽ പങ്കെടുത്തില്ലെങ്കിൽ ഹജ്ജ് പൂർണമാകില്ല. അതുകൊണ്ടുതന്നെ രോഗികളായി ആശുപത്രികളിലുള്ള തീർഥാടകരെ വരെ ആംബുലൻസുകളിലും എയർ ആംബുലൻസുകളിലുമായി അറഫയിൽ എത്തിക്കും. ഹജ്ജിലെ ഏറ്റവും സുപ്രധാനമായ ചടങ്ങായ അറഫ ലഭിക്കാത്തവർക്ക് ഹജ്ജില്ലെന്നാണ് പ്രവാചക വചനം. പ്രവാചകന്റെ പ്രസംഗത്തെ, ഓർമിപ്പിക്കുന്ന അറഫാ പ്രഭാഷണം വെള്ളിയാഴ്ച ഉച്ചക്ക് നടക്കും. സൗദിയിലെ പണ്ഡിതസഭ അംഗവും മുസ്‍ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലുമായ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസയാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിക്കുന്നത്.

പുണ്യനഗരികൾ കടുത്ത ചൂടിൽ

ശക്തമായ ചൂടാണ് ഇത്തവണ ഹജ്ജ് ദിനങ്ങളിൽ അനുഭവപ്പെടുകയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നൽകിയിട്ടുണ്ട്. അതിനെ പ്രതിരോധിക്കാനും ചൂട് കുറയ്ക്കാനും അന്തരീക്ഷം മിതശീതോഷ്ണമാക്കാനും അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തിൽ ജലം സ്പ്രേ ചെയ്യുന്നുണ്ട്. ചൂട് മൂലം ശാരീരികമായ അസ്വസ്ഥതകളുണ്ടാവുന്നവരെ പരിചരിക്കാൻ ആശുപത്രികളിൽ പ്രത്യേകം കിടക്കകൾ മാറ്റിവെച്ചിട്ടുണ്ട്. കോവിഡ് ബാധ സംശയിക്കുന്നവർക്ക് ക്വാറന്റീനായും ആശുപത്രികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യമുൻകരുതലുകൾക്കായി പ്രത്യേക സംഘങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

ഭക്ഷണവിതരണത്തിനും സംവിധാനം

മിനായിൽ ഹജ്ജ് സർവിസ് കമ്പനികൾ മൂന്നുനേരം ഭക്ഷണം തയാറാക്കി തീർഥാടകർക്ക് നൽകും. രണ്ടുനില കെട്ടിടത്തിൽ വിപുലമായ രീതിയിൽ സജ്ജീകരിച്ച അടുക്കളകൾ മിനായിലെ ഓരോ തമ്പുകൾക്കിടയിലും ഒരുക്കിക്കഴിഞ്ഞു.

ഇന്ത്യൻ തീർഥാടകർ 79,213

ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 56,629 ഉം വിവിധ സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിൽ 22,596 ഉം ഉൾപ്പെടെ 79,213 തീർഥാടകർ ഇന്ത്യയിൽനിന്ന് ഹജ്ജ് നിർവഹിക്കാൻ എത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി ഉൾപ്പെടെ അഞ്ചംഗ ഇന്ത്യൻ ഔദ്യോഗിക പ്രതിനിധി സംഘവും ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം, ഹജ്ജ് കോൺസൽ വൈ. സാബിർ, ഇന്ത്യയിൽനിന്നെത്തിയ 750 ഓളം ഉദ്യോഗസ്ഥരും ചേർന്നാണ് ഇത്തവണ ഇന്ത്യൻ ഹാജിമാരുടെ കർമങ്ങളും മറ്റു കാര്യങ്ങളും നിയന്ത്രിക്കുന്നത്.

കിങ് അബ്ദുൽ അസീസ് പാലത്തിന്‍റെ ഇരുവശങ്ങളിലായാണ് ഇന്ത്യൻ ഹാജിമാരുടെ മിനായിലെ തമ്പുകളിൽ താമസം. 10 സംഘങ്ങളായി തിരിച്ചാണ് ഇന്ത്യൻ തീർഥാടകർ ചടങ്ങുകൾ പൂർത്തീകരിക്കുക. ഇന്ത്യയിൽനിന്നുള്ള 79,213 തീർഥാടകരിൽ 12 പേർ ഇതിനകം വിവിധ കാരണങ്ങളാൽ മരണപ്പെട്ടു. ഇവരിൽ നാലുപേർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കീഴിൽ വന്നവരാണ്. അസീസിയയിലെ ഇന്ത്യൻ തീർഥാടകരുടെ താമസസ്ഥലങ്ങളിൽനിന്ന് മിനായിലേക്കും തിരിച്ചും ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസ്സുകളിലാണ് ഇത്തവണ യാത്ര ചെയ്യുന്നത്. ഹജ്ജ് കർമങ്ങൾ ആരംഭിച്ചാൽ യാത്ര മശാഇർ മെട്രോ ട്രെയിനുകളിലാണ്.

ഹജ്ജിൽ രാഷ്ട്രീയ മുദ്രാവാക്യം പാടില്ല -ലെഫ്റ്റനന്റ് ജനറൽ

മക്ക: ഹജ്ജ് വേളയിൽ വിശുദ്ധ സ്ഥലങ്ങളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്ക് ഇടമില്ലെന്ന് പബ്ലിക് സെക്യൂരിറ്റി ഫോഴ്‌സ് ഡയറക്ടറും ഹജ്ജ് സെക്യൂരിറ്റി ഫോഴ്‌സ് കമാൻഡറുമായ ലെഫ്. ജനറൽ മുഹമ്മദ് അൽ ബസ്സാമി. തീർഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന ഒന്നും ആഭ്യന്തര മന്ത്രാലയം അനുവദിക്കില്ല. സുരക്ഷയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഏത് പ്രവർത്തനങ്ങളെയും നേരിടാനുള്ള തയാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. തീർഥാടകരെ ബാധിക്കുന്ന എല്ലാ പ്രവർത്തനങ്ങളും എളുപ്പത്തിലും സൗകര്യത്തോടെയും പൂർത്തിയാക്കാൻ കഴിയും.


ഹജ്ജ് സുരക്ഷാപ്രവർത്തനങ്ങളിൽ സ്ത്രീകളുടെ ഏകീകരണം വരുന്നതോടെ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വർഗീകരണത്തിന്റെ ഘട്ടം അവസാനിക്കും. സുരക്ഷാമേഖലയിൽ സ്ത്രീകൾ വഹിക്കുന്ന പങ്കിൽ അഭിമാനമുണ്ട്. ഹജ്ജ് വേളയിൽ സാധ്യമായ ഏറ്റവും മികച്ച സേവനങ്ങൾ നൽകാൻ സൈന്യം സന്നദ്ധമാണ്. എല്ലാ പദ്ധതികളും സുരക്ഷിതവും തടസ്സരഹിതവുമായാണ് ക്രമീകരിച്ചിട്ടുള്ളത്. സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരീക്ഷിക്കുന്നതിനും അവ വേഗത്തിൽ പരിഹരിക്കുന്നതിനും സേനയുടെ സാന്നിധ്യം ശക്തമാക്കും.

തീർഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ തടയാൻ നടപടി സ്വീകരിക്കും. മക്കയുടെ പ്രവേശന കവാടങ്ങളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കും. ഹറം ഭാഗത്തെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലൂടെ തീർഥാടകർക്ക് സുരക്ഷിതമായി കർമങ്ങൾക്ക് സാധിക്കും. നിയമലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും അനധികൃത തീർഥാടകരെ തടയുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും നടപടി സ്വീകരിക്കും.

ചൂട് ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം

ജിദ്ദ: ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ പരമാവധി താപനില 42-44 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പകൽസമയത്ത് പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിലും എക്സ്പ്രസ് റോഡുകളിലും മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ ഉപരിതല കാറ്റുണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം, കൊടും ചൂടിൽ പുറത്തിറങ്ങുന്നവർ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂര്യാഘാതമേൽക്കുന്നത് ഹജ്ജ് നടപടികൾ പൂർത്തിയാക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. പകൽ പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ് ട്വിറ്ററിലൂടെ തീർഥാടകർക്ക് മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj 2022
News Summary - Mina , Araf Sangamam tomorrow
Next Story