ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് പ്രവേശിക്കാം
text_fieldsവർക്കല: ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ഊരാതെ പ്രവേശിക്കാമെന്ന് ധർമസംഘം ട്രസ്റ്റ് യോഗത്തിൽ തീരുമാനം. ധർമസംഘം ട്രസ്റ്റ് ബോർഡ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ ചേർന്ന് യോഗമാണ് സുപ്രധാന തീരുമാനം ഐകകണ്ഠ്യേന പാസാക്കിയത്. ക്ഷേത്രഭാരവാഹികളും വൈദികന്മാരും ശിവഗിരി മഠത്തിന്റെ തീരുമാനം നടപ്പാക്കണമെന്ന് മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ശിവഗിരിയിലെ അവസാന മഠാധിപതിയും ഗുരുശിഷ്യനുമായ സ്വാമി ശങ്കരാനന്ദ ഗുരു പ്രസ്ഥാനത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ഷർട്ടിട്ട് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയിട്ടുണ്ട്. ഗുരുവും ശിഷ്യപരമ്പരയും നടത്തിയിട്ടുള്ള ക്ഷേത്രങ്ങളുടെ തന്ത്രാവകാശം തലസ്ഥാനമായ ശിവഗിരി മഠത്തിൽ നിക്ഷിപ്തമാണെന്നും ഈ ക്ഷേത്രങ്ങൾ അതു പ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങൾ ശിവഗിരി മഠവുമായി ബന്ധപ്പെട്ട് നടത്തണമെന്നും സന്യാസി സംഘം തീരുമാനമെടുത്തു.