ഓരോ ക്രിസ്മസും പുതിയ ഉണർവിന്റേതാകട്ടെ
text_fieldsഫാ. റവ. ജോസഫ് തോമസ് (സെന്റ് ജെയിംസ് സി.എസ്.ഡി ചർച്ച്, റൂവി)
‘‘യേശു നമ്മിൽ ഓരോരുത്തരിലും ജനിക്കണം. ഒട്ടിയ വയറുമായി കഴിയുന്ന അനേകരുടെ ദീനരോദനം കേട്ടിട്ടും പിറന്ന മണ്ണിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും മതതീവ്രവാദം മൂലം പലായനം ചെയ്യേണ്ടി വരുന്ന ആളുകളുടെയും മനോവ്യഥ കണ്ടിട്ടും അതിനൊന്നും പരിഹാരം കണ്ടെത്താനാവാതെ വർണവിസ്മയങ്ങളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെയൊക്കെയാണ് നാം ക്രിസ്മസ് ആഘോഷിക്കുന്നതെങ്കിൽ ക്രിസ്തു നമ്മുടെ മനസ്സിൽനിന്ന് പുറത്താണ്...’’
ഒരു രക്ഷകൻ നമുക്കായി പിറന്നിരിക്കുന്നു. സർവജനത്തിനുമുണ്ടാകുവാനുള്ള മഹാ സന്തോഷ പ്രഖ്യാപനത്തിന്റെ ഓർമകൾ ലോകശാന്തിക്കും സമാധാനത്തിനും വീണ്ടെടുപ്പിനുമായി രണ്ടായിരത്തി ഇരുപത്തഞ്ച് സംവത്സരങ്ങൾക്ക് മുമ്പ് ലോകരക്ഷക്കായി ചരിത്രം നൽകിയ ഏറ്റവും വലിയ സമ്മാനമായിരുന്നു യേശുക്രിസ്തു. മനുഷ്യനെ ദൈവിക സ്വഭാവമുള്ളവനാക്കിത്തീർക്കാൻ ദൈവം മനുഷ്യനായിത്തീർന്ന മാനവചരിത്രത്തിലെ ഒരു മഹാസംഭവമായിരുന്നു ക്രിസ്മസ്. അന്ധതമസ്സിന്റെ അന്ധകാരശക്തിയുടെമേൽ ദിവ്യപ്രകാശം പരത്തുന്ന ദിനം.
ഹൃദയത്തിൽ നന്മ തേടുന്ന ഒരു വലിയ ജനതയുടെ സ്വപ്ന പുർത്തീകരണത്തിനുള്ള വർഷങ്ങളുടെ കാത്തിരിപ്പിന്റെ ഉത്തരമാണ് രക്ഷകന്റെ പിറവി. കഷ്ടതയുടെയും വേദനയുടെയും സംഘട്ടനങ്ങളുടെയും സംഘർഷങ്ങളുടെയും വൈരുധ്യങ്ങളുടെയും മധ്യത്തിൽ സന്തോഷവും സമാധാനവും പകർന്നുതരുന്ന ദിവ്യ മുഹൂർത്തമാണ് ക്രിസ്മസ് സമ്മാനിക്കുന്നത്. ക്രിസ്തുവിന്റെ ജനന സമയത്ത് നിലനിന്നിരുന്ന അതേ ഹിംസാത്മകതയും പീഡനവും ക്രൂരതയും പൈശാചികതയും അസമാധാനവും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തിൽ ദൂതന്മാർ നമ്മെയും അഭിസംബോധനചെയ്യുന്നു ‘നിങ്ങൾക്ക് സമാധാനം’. മനുഷ്യർക്ക് ചുറ്റും കോട്ടമതിൽ ആയിരിക്കുന്നതിനുവേണ്ടിയല്ല യേശു ഭൂമിയിൽ പിറന്നത്. ക്രൂരതയെ, കഷ്ടതയെ, പൈശാചിക ശക്തികളെ നേരിടുന്നതിന് ധൈര്യവും ശക്തിയും നൽകുന്നതായിരുന്നു യേശുവിന്റെ ആഗമന ലക്ഷ്യം.
അവൻ സമാധാനം നൽകാൻ വന്നു. ദൈവത്തിന് മനുഷ്യജീവിതത്തെ കുറിച്ചുള്ള ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും മനസ്സിലാക്കി അവ നിറവേറ്റപ്പെടാൻ. ദൈവാത്മബോധത്തോടുകൂടി പ്രവർത്തിക്കുമ്പോഴാണ് ഈ സമാധാനം കൈവരിക്കാൻ സാധിക്കുന്നതെന്ന് യേശു തന്റെ ആത്മ സമർപ്പണ പ്രാർഥനാശൈലികൊണ്ട് വെളിപ്പെടുത്തി.
ഓരോ ക്രിസ്മസും ഒരു പുതിയ ഉണർവും പുതുജീവനും നമ്മിൽ ഉളവാക്കണം. യേശു നമ്മിൽ ഓരോരുത്തരിലും ജനിക്കണം. ഒട്ടിയവയറുമായി കഴിയുന്ന അനേകരുടെ ദീനരോദനം കേട്ടിട്ടും പിറന്ന മണ്ണിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും മതതീവ്രവാദം മൂലം പലായനം ചെയ്യേണ്ടി വരുന്ന ആളുകളുടെയും മനോവ്യഥ കണ്ടിട്ടും അതിനൊന്നും പരിഹാരം കണ്ടെത്താനാവാതെ വർണവിസ്മയങ്ങളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെയൊക്കെയാണ് നാം ക്രിസ്മസ് ആഘോഷിക്കുന്നതെങ്കിൽ ക്രിസ്തു നമ്മുടെ മനസ്സിൽനിന്ന് പുറത്താണ്.
സർവം വെടിഞ്ഞവനായി ഇറങ്ങിവന്ന് ക്രിസ്തുവിനെ നമുക്ക് ധ്യാനിക്കാം. ‘ആരുടെ കാലിൽ തറയ്ക്കും മുള്ളും എന്റെ ആത്മാവിനെ കുത്തിനോവിക്കും’ എന്ന് കവി പാടിയതുപോലെ ഈ ക്രിസ്മസ് നമ്മിൽ ഒരുനൊമ്പരം ഉളവാക്കട്ടെ. വിടരാനായി വെളിച്ചം കാത്തിരിക്കുന്ന പൂമൊട്ടു പോലെ, വർണച്ചിറക് വിരിച്ച് പറക്കാനാഗ്രഹിച്ച് സമാധിയിരിക്കുന്ന പുഴുവിനെപോലെ ശുഭപ്രതീക്ഷയോടെ ക്രിസ്തുവിനെ ധ്യാനിക്കാം. ഈ ക്രിസ്മസ് നാളിൽ യേശുവിനെ നമ്മുടെ ഹൃദയത്തിൽ, മനസ്സിൽ ജനിപ്പാൻ അനുവദിക്കുക. നവസൃഷ്ടികളായിത്തീരുക. ഏവർക്കും അനുഗ്രഹമാവുക. ക്രിസ്മസ് ആശംസകൾ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

