മദീനയിലെ മസ്ജിദുല് ഗമാമ
text_fieldsമദീനയിലെ മസ്ജിദുൽ ഗമാമ
മദീനയിലെ പൗരാണികമായ മസ്ജിദുൽ ഗമാമ പ്രവാചകചരിത്രത്തിൽ ഇടംപിടിച്ച പ്രധാനപ്പെട്ട ഒരു പള്ളിയാണ്. മസ്ജിദുന്നബവിയുടെ കവാടങ്ങളിലൊന്നായ 'ബാബ് അൽസലാമി'ൽനിന്ന് 500 മീറ്റർ അകലെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് അൽഗമാമ മസ്ജിദ്. മസ്ജിദുന്നബവിക്കടുത്തുള്ള ചരിത്ര ഉദ്യാനമായ 'ഹദീഖതുൽ ബൈഅ'യിൽനിന്ന് ഹറമിന്റെ മുൻവശത്തേക്ക് പുറത്തുകൂടി നേരെ നീങ്ങിയാലും ഈ മസ്ജിദിൽ പ്രവേശിക്കാം.
പ്രവാചകൻ പെരുന്നാൾ നമസ്കാരവും മഴക്കുവേണ്ടിയുള്ള നമസ്കാരവും ഈ ഭാഗത്തായിരുന്നു നിർവഹിച്ചിരുന്നത്. നേരത്തേ ഒഴിഞ്ഞുകിടന്നിരുന്ന പ്രദേശം 'മദായിനുൽ മുസ്വല്ല' എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഈ മൈതാനിയിൽ പിൽക്കാലത്ത് നിർമിച്ച മസ്ജിദുൽ ഗമാമ 'മസ്ജിദുൽ മുസ്വല്ല' എന്ന പേരിലും അറിയപ്പെട്ടു. പ്രവാചകൻ പെരുന്നാൾ നമസ്കാരം അവസാനമായി നിർവഹിച്ചതും ഈ മൈതാനത്തായിരുന്നു.
പ്രവാചകൻ എ.ഡി 631ൽ ഈ പ്രദേശത്ത് മഴക്കുവേണ്ടിയുള്ള നമസ്കാരത്തിന് നേതൃത്വം നൽകിയപ്പോൾ മേഘം സൂര്യനെ മറച്ച് തണലൊരുക്കിയിരുന്നു. നമസ്കാരം കഴിഞ്ഞ ഉടനെ ആകാശം മേഘാവൃതമാവുകയും നല്ല മഴ ലഭിക്കുകയും ചെയ്തു. അതിനാലാണ് മഴ, മേഘം എന്നെല്ലാം അർഥം വരുന്ന 'ഗമാമ' എന്ന നാമം ഈ പള്ളിക്ക് വന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. വാസ്തുശിൽപമികവിൽ പണിതീർത്ത ഈ ചരിത്രദേവാലയം പ്രവാചകചരിത്രത്തിന്റെ നാൾവഴികളാണ് സന്ദർശകർക്ക് പകർന്നുനൽകുന്നത്.
മദീനയിലെത്തുന്ന തീർഥാടകർ പലരും മസ്ജിദുൽ ഗമാമയും സന്ദർശിക്കുന്നു. ഉമവീ ഖലീഫയായിരുന്ന ഉമർ ബിൻ അബ്ദുൽ അസീസിന്റെ കാലത്ത് ഹിജ്റ 86ലാണ് പ്രദേശത്ത് ആദ്യം പള്ളി പണിതത്. പിന്നീട് സുൽത്താൻ ഹസൻ ബിൻ മുഹമ്മദ് ബിൻ ഖലാവൂൻ അൽസാലിഹിന്റെ ഭരണകാലത്ത് ഹിജ്റ 761ൽ പള്ളി പുതുക്കിപ്പണിതു. പിന്നീട് പല കാലഘട്ടത്തിലും പള്ളിയുടെ അറ്റകുറ്റപ്പണികളും നവീകരണങ്ങളും നടന്നിരുന്നു. സൗദി ഭരണകാലഘട്ടത്തിൽ ഹിജ്റ 1431ലാണ് പൂർണമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മസ്ജിദുൽ ഗമാമയിൽ നടത്തിയത്.
1434ൽ വാസ്തുശിൽപമികവിൽ പള്ളിയുടെ പുനരുദ്ധാരണ പ്രക്രിയ പൂർത്തിയാക്കി. ചതുരാകൃതിയിൽ രൂപകൽപന ചെയ്ത പള്ളിക്ക് അഞ്ചു വൃത്താകൃതിയിലുള്ള താഴികക്കുടങ്ങളും മേൽക്കൂര കൂർത്ത കമാനങ്ങളും ഉണ്ട്. പള്ളിയുടെ വാതിലുകൾ ഓട്ടോമൻ ലിഖിതങ്ങൾ ആലേഖനം ചെയ്ത മരംകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പഴമയുടെ തനിമ നിലനിർത്തി പ്രത്യേക ചാരുതയോടെ പണിതീർത്ത മസ്ജിദുൽ ഗമാമ ഇസ്ലാമിക വാസ്തുശിൽപകലയുടെ മികവുമായി തലയുയർത്തിനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

