മദീനയിലെ മസ്ജിദുൽ ഖിബ്‌ലതൈനി
text_fieldsമദീനയിലെ മസ്ജിദു ഖിബ്‌ലതൈനിയുടെ വിവിധ ദൃശ്യങ്ങൾ
മദീനയിലെ മസ്ജിദുൽ ഖിബ്‌ലതൈനി ഇസ്‌ലാമിക ചരിത്രത്തിൽ പ്രധാനപ്പെട്ടൊരു സംഭവത്തിന് സാക്ഷ്യംവഹിച്ച പള്ളിയാണ്. മദീനയുടെ പടിഞ്ഞാറു ഭാഗത്തുള്ള 'ഹർറത്തുൽവബ്റ' എന്ന പേരിലറിയപ്പെടുന്ന പർവതത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് 'അഖീഖുസ്സുഗ്റ' താഴ്വരക്ക് അഭിമുഖമായി ഖാലിദുബ്‌നു വലീദ് റോഡിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ഒരേ നമസ്‌കാരത്തിൽ രണ്ടു ഖിബ്‌ലകളെ അഭിമുഖീകരിച്ച് നമസ്‌കാരം നടന്ന പള്ളി എന്നതാണ് ചരിത്രത്തിൽ ഈ മസ്ജിദിന്റെ പ്രാധാന്യം.
പ്രവാചകൻ മക്കയിൽനിന്ന് മദീനയിലെത്തിയ ശേഷം നമസ്‌കാരത്തിന് ആദ്യം 'ഖിബ്‌ല' (ദിശ) ആയി നിശ്ചയിച്ചിരുന്നത് മസ്ജിദുൽ അഖ്‌സക്ക് അഭിമുഖമായായിരുന്നു. 16 മാസത്തിനുശേഷമാണ് ഖുർആന്റെ നിർദേശപ്രകാരം മക്കയിലെ കഅ്ബയിലേക്ക് ഖിബ്‌ല മാറ്റാൻ നിശ്ചയിച്ചത്. ഈ പള്ളിയിൽ പ്രവാചകനും അനുചരന്മാരും 'ളുഹ്ർ' നമസ്‌കാരം നിർവഹിക്കുന്നതിനിടയിൽ പ്രവാചകന് ദിവ്യസന്ദേശം ലഭിച്ചു, 'മസ്ജിദുൽ ഹറാമിന്റെ വശത്തേക്ക് മുഖം തിരിക്കുക. ഇനി നിങ്ങൾ എവിടെയായിരുന്നാലും ആ ഭാഗത്തേക്ക് മുഖം തിരിച്ച് നമസ്കരിക്കുക.'
പ്രവാചകന് ഏറെ ആത്മബന്ധമുള്ള കഅ്ബയിലേക്ക് നമസ്കാരത്തിന്റെ ദിശ മാറ്റണമെന്ന നിർദേശം ലഭിച്ചതിനെ തുടർന്ന് നമസ്‌കാരത്തിൽതന്നെ പ്രവാചകൻ അത് പ്രാവർത്തികമാക്കി. നമസ്കാരം പകുതി പൂർത്തിയാക്കിയപ്പോഴാണ് ഈ നിർദേശം ലഭിച്ചത്. തുടർന്ന് കഅ്ബക്കുനേരെ തിരിഞ്ഞ് നമസ്കാരം പൂർത്തിയാക്കുകയായിരുന്നു. ഒരുനേരത്തെ നമസ്‌കാരം രണ്ടു വ്യത്യസ്ത ദിശകളിലേക്ക് തിരിഞ്ഞുനിന്ന് നമസ്കരിച്ചതിനാൽ അന്നുമുതൽ രണ്ടു ഖിബ്‌ലകളുള്ള പള്ളിയെന്നർഥം വരുന്ന 'മസ്ജിദ് ഖിബ്‌ലതൈൻ' എന്ന പേരിൽ പള്ളി അറിയപ്പെടുകയായിരുന്നു.
മസ്ജിദുൽ അഖ്‌സ മദീനയുടെ നേരെ വടക്കുഭാഗത്തും കഅ്ബ നേരെ തെക്കുഭാഗത്തുമാണ്. രണ്ടു പള്ളികളിലേക്കുമുള്ള ദിശകൾ സൂചിപ്പിക്കുന്ന അടയാളം മസ്ജിദ് ഖിബ്‌ലതൈനിയിൽ ഇപ്പോഴും കാണാം. പ്രവാചകന്റെ കാലത്ത് ബനൂസലമ ഗോത്രക്കാർ ഈ പള്ളി പണിതതിനാൽ ബനൂ സലമയുടെ പള്ളി എന്ന പേരിലും അക്കാലത്ത് അറിയപ്പെട്ടിരുന്നു. മദീനയിലെ ഏറ്റവും പഴക്കംചെന്ന പള്ളിയും പ്രവാചകനുമായി ബന്ധപ്പെട്ട ചരിത്രസ്‌മാരകങ്ങളിൽ പ്രധാനപ്പെട്ടവയിൽ ഒന്നുമാണിത്. ഈ പള്ളിയിൽ നൂറ്റാണ്ടുകളോളം രണ്ടു മിഹ്‌റാബുകളും (പ്രസംഗപീഠം) ഉണ്ടായിരുന്നു. ഒന്ന് മസ്ജിദുൽ അഖ്‌സയുടെ ഭാഗത്തും മറ്റേത് കഅ്ബയുടെ ഭാഗത്തും. പിന്നീട് ആദ്യത്തേത് ഒഴിവാക്കി.
മദീനയിലെ മസ്ജിദു ഖിബ്‌ലതൈനിയുടെ വിവിധ ദൃശ്യങ്ങൾ
ഇപ്പോൾ പഴമയുടെ അടയാളമായി മസ്ജിദുൽ അഖ്‌സയുടെ ഭാഗത്തുള്ള പള്ളിയുടെ കവാടത്തിൽ ഒരു മുസല്ലയുടെ രൂപം വരച്ചുവെച്ചിട്ടുണ്ട്. കാലാകാലങ്ങളിലായി ഈ പള്ളിയിലും വികസനപ്രവർത്തനവും അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്.
ഹിജ്റ 893ലും 950ലും അറ്റകുറ്റപ്പണികൾ നടത്തി. ഹിജ്‌റ 1408 ൽ മസ്ജിദു ഖിബ്‌ലതൈനി പുതുക്കിപ്പണിതതായും ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. രണ്ട് മനോഹരമായ മിനാരങ്ങളുള്ള 3,920 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ പള്ളി ഇപ്പോൾ സന്ദർശകരെ ഏറെ ആകർഷിക്കുന്ന മദീനയിലെ പ്രധാന പള്ളികളിലൊന്നാണ്. ഇസ്‌ലാമിക ചരിത്രത്തിന്റെ നാൾവഴികളിലെ തിളങ്ങുന്ന സ്‌മാരകങ്ങളിലൊന്നായി തലയുയർത്തി നിൽക്കുന്ന മസ്‌ജിദ് ഖിബ്‌ലതൈനി സന്ദർശിക്കാൻ മദീനയിലെത്തുന്ന തീർഥാടകർ പ്രത്യേകം സമയം കണ്ടെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

