51 ക്ഷേത്രങ്ങളിൽ കാൽനട ദർശനം പൂർത്തിയാക്കി മലയാളി പൂജാരി
text_fields51 ക്ഷേത്രങ്ങളിൽ കാൽനടദർശനം പൂർത്തിയാക്കിയ മനോജ് കെ. വിശ്വനാഥൻ
ബംഗളൂരു: കേരളീയ താന്ത്രിക അനുഷ്ഠാനങ്ങൾ പിന്തുടരുന്ന ബംഗളൂരു സിറ്റിയിലെ 51 അയ്യപ്പക്ഷേത്രങ്ങളിൽ കാൽനടദർശനം പൂർത്തിയാക്കി മലയാളി പൂജാരിയായ മനോജ് കെ. വിശ്വനാഥൻ. എരുമേലി സ്വദേശിയായ ഇദ്ദേഹം നവംബർ 11ന് ശബരിമല ദർശനത്തിനായി മുദ്ര ധരിച്ച ശേഷമാണ് ബംഗളൂരുവിലെ അയ്യപ്പ സന്നിധികളിലൂടെ ഏകാന്തസഞ്ചാരം ആരംഭിച്ചത്.
വ്രതത്തിന്റെ ഭാഗമായി ആന്ധ്ര-തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി പുണ്യക്ഷേത്രങ്ങൾ, പഞ്ചഭൂതാധിഷ്ഠിതമായ കാളഹസ്തി, തിരുവണ്ണാമലൈ, ചിദംബരം, ത്രിച്ചി, കാഞ്ചിപുരം ശിവക്ഷേത്രങ്ങൾ എന്നിവിടങ്ങളിലും മനോജ് വിശ്വനാഥ പൂജാരി ദർശനം നടത്തി. ശബരിമല മണ്ഡല-മകരമഹോത്സവം ദക്ഷിണേന്ത്യയിലെ എല്ലാ തീർഥാടന കേന്ദ്രങ്ങളിലും അയ്യപ്പ ഭക്തിയും ശരണംവിളികളും നിറക്കുകയാണെന്നും തത്ത്വമസി പൊരുളിലേക്ക് അഖില ഭക്തരേയും ഉണർത്തുന്ന ഉത്സവമാണ് തീർഥാടന കാലമെന്നും ശബരിമല വ്രതം മനസ്സിനും ശരീരത്തിനും ബലപ്രദമായ മഹത് കൃത്യമാണെന്നും അത് അനുഭവിച്ചറിയണമെന്നും പൂജാരി പറഞ്ഞു.
ഗുരുപ്പനപാളയ അയ്യപ്പ ക്ഷേത്രത്തിലാരംഭിച്ച അയ്യപ്പ ദർശനയാത്ര ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ സമാപിച്ചു. മേൽശാന്തി ത്രിവിക്രമൻ ഭട്ടതിരിപ്പാട്, കീഴ്ശാന്തി വിഘ്നേശ്, ക്ഷേത്രം പ്രസിഡന്‍റ് ജെ.സി. വിജയൻ, ട്രസ്റ്റി ആർ.ആർ. രവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചൊവ്വാഴ്ച എരുമേലിക്ക് സമീപമുള്ള സ്വവസതിയോട് ചേർന്ന ഓലിക്കൽ ശ്രീ ഗുരു അയ്യപ്പ ഭജനമഠത്തിൽ ഇരുമുടി നിറച്ച് ശബരിമല ദർശനം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

