ഗസ്സയിലെ മഹ് മൂദ് റഹാൻ
text_fieldsമക്കയിൽ മഹ് മൂദ് റഹാനുമൊത്ത് സാദിഖലി ശിഹാബ് തങ്ങൾ
മകന് വുസാമിനെക്കുറിച്ച് അഭിമാനത്തോടെയാണ് ആ പിതാവ് സംസാരിച്ചത്. കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് ഇസ്രായേല്‍ ബോംബാക്രമണത്തില്‍ 18 വയസ്സുള്ള വുസാം കൊല്ലപ്പെടുന്നത്
ഇസ്രായേലിന്റെ കൊടുംക്രൂരത തുടരുന്ന ഗസ്സയില്‍നിന്ന് ഇപ്രാവശ്യം ഹജ്ജിനെത്തിയ മഹ് മൂദ് റഹാനുമായി ഹജ്ജ് കർമത്തിനിടെ സംസാരിക്കാൻ അവസരം കിട്ടി. ഫലസ്തീനിന്റെയും ഗസ്സയുടെ വേദനയുടെ നേർചിത്രങ്ങളിലൊന്നാണ് അദ്ദേഹത്തിന്റെ ജീവിതം. ഇസ്രായേല്‍ ബോംബാക്രമണത്തില്‍ അദ്ദേഹത്തിന് നഷ്ടമായത് 18 വയസ്സുള്ള മകനെയാണ്. പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും മണ്ണില്‍നിന്നും വിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തിയ മഹ് മൂദ് റഹാന്റെ കണ്ണുകളില്‍ നിറഞ്ഞുനില്ക്കുന്നത് ഭീതിയോ ദയനീയതയോ അല്ല, വിശ്വാസദാര്‍ഢ്യമാണ്.
മകന് വുസാമിനെക്കുറിച്ച് അഭിമാനത്തോടെയാണ് ആ പിതാവ് സംസാരിച്ചത്. കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് വുസാം കൊല്ലപ്പെടുന്നത്. ഗസ്സയില്‍ ജീവിക്കാനായി പോരാടുന്നത് അനേകം മഹ് മൂദ് റഹാന്മാരെയും, നഷ്ടപ്പെട്ടുപോയ ലക്ഷക്കണക്കിന് വുസാമുമാരെയും ഓര്‍മപ്പെടുത്തുന്ന കൂടിക്കാഴ്ചയായത് മാറി.
മനസ്സ് കല്ലിച്ചുപോകുന്ന വേദനയില്‍നിന്നും അവര്‍ക്ക് രക്ഷ അല്ലാഹു മാത്രമാണ്. അവന്റെ രക്ഷക്കുവേണ്ടി തേടുകയാണവര്‍. സര്വശക്തനുള്ള സമര്‍പ്പണമാണല്ലോ ഹജ്ജ്. ഫലസ്തീനികളെപ്പോലെ അല്ലാഹുവിലേക്ക് സമര്‍പ്പിച്ചവരെ കാണുമ്പോള്‍, സഹിക്കുന്നവരെ കാണുമ്പോള്‍ ഹജ്ജിന്റെ സന്ദേശം ഏറ്റവും നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയും. ഗസ്സയില്‍നിന്ന് 500 ഓളം പേരാണ് സൗദി ഗവണ്മെന്റിന്റെ അതിഥികളായി ഇത്തവണ ഹജ്ജിനെത്തിയത്. ഫലസ്തീന് ജനതയോടുള്ള സംസാരം നമ്മില്‍ നോവ് പടര്‍ത്തും. ഇസ്രായേലിന്റെ തടവറയായ ആ ഭൂമിയിലെ മനുഷ്യര്‍ നേരിടുന്ന ക്രൂരത വിവരണാതീതമാണ്. ഗസ്സയില്നിന്നുള്ളവര്ക്ക് വലിയ നഷ്ടങ്ങളാണ് പറയാനുള്ളത്. സംസാരത്തില്‍ അവരുടെ കണ്ഠമിടറും.
കൊല്ലപ്പെട്ട വുസാമിന്റെ ചിത്രവുമായി സാദിഖലി ശിഹാബ് തങ്ങൾ
ഇന്ത്യയില്‍നിന്നാണെന്ന് അറിയുമ്പോള്‍ അവര്‍ക്ക് വലിയ ആശ്വാസമാണ്. ഇന്ത്യ ഫലസ്തീനൊപ്പമുണ്ടെന്ന് പറഞ്ഞ് ഞാന്‍ ആശ്വസിപ്പിച്ചു. മുസ്ലിം ലീഗിന്റെ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലിയുടെ ഫോട്ടോകളും വിഡിയോകളും കാണിച്ചുകൊടുത്തു. അവര്‍ക്കത് വലിയ സന്തോഷം നല്കി, ഒരുപാട് നന്ദിയുണ്ടെന്ന് പറഞ്ഞു. പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും മണ്ണില്‍നിന്നും വിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തിയ, ചരിത്രമുറങ്ങുന്ന ഈ പുണ്യഭൂമിയില്‍ നില്ക്കുന്ന അവർ ഓരോരുത്തരുടെയും ഉള്ളില്‍ നന്മയുടെ പ്രകാശമാണ് നിറയുന്നത്.
നേരത്തേ രണ്ടു പ്രാവശ്യം ഹജ്ജ് ചെയ്തിട്ടുണ്ടെങ്കിലും പുണ്യകര്‍മം നിര്‍വഹിക്കാനുള്ള ഓരോ യാത്രയും നവ്യാനുഭവമാണ്. സർവശക്തനിലേക്ക് അടുക്കാനും അവനോട് അടുത്തവരെ സ്മരിക്കാനും ചരിത്രഭൂമിയിലൂടെ സഞ്ചരിക്കാനുമുള്ള പുതിയ അവസരമാണിത്. ലോകരാജ്യങ്ങളുടെ പ്രതിനിധികളായവരെ കാണാനും സംവദിക്കാനും ഇത്തവണ അവസരമുണ്ടായി.
കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ഓരോ വിശ്വാസിയും പുതിയ മനുഷ്യനായാണ് മടങ്ങുക. മാനവിക ഐക്യത്തിനായി, ലോകസമാധാനത്തിനായി പ്രതിജ്ഞ പുതുക്കിയവര് അവര്‍ക്കു ചുറ്റുമെങ്കിലും സുന്ദരമായൊരു ലോകം കെട്ടിപ്പടുക്കും. സര്വശക്തന് എല്ലാവരുടെയും ഹജ്ജ് സ്വീകരിക്കുമാറാകാട്ടെ. ലോകമെങ്ങും സമാധാനം നിറക്കട്ടെ. അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്...
തയാറാക്കിയത് - സമൂർ നൈസാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

