മാഹി തിരുനാൾ; ഭക്തിസാന്ദ്രമായി നഗരപ്രദക്ഷിണം
text_fieldsദീപാലംകൃതമായ വാഹനത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണം
മാഹി: സെന്റ് തെരേസ ബസലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ആയിരക്കണക്കിന് തീർഥാടകർ മാഹിയിലെത്തി ആഘോഷങ്ങളിൽ പങ്കുചേർന്നു. അലങ്കരിച്ച തേരിലായിരുന്നു മയ്യഴിയമ്മയുടെ നഗര പ്രദക്ഷിണം. ബസലിക്ക റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി 7.45ന് ബസലിക്ക പരിസരത്തുനിന്ന് പുറപ്പെട്ട് പഴയ പോസ്റ്റോഫിസ്, ടാഗോർ പാർക്ക്, ആശുപത്രി ജങ്ഷൻ വഴി പൂഴിത്തല, ശ്രീകൃഷ്ണ ക്ഷേത്രം, ലാഫാർമ റോഡ്, ആനവാതുക്കൽ അമ്പലം വഴി സഞ്ചരിച്ച് രാത്രി വൈകി ഒന്നരയോടെ തിരിച്ചെത്തി.
വഴി നീളെ വിശ്വാസികൾ തിരുസ്വരൂപത്തിൽ പൂമാല ചാർത്തി വണങ്ങി. വീടുകളിൽ ദീപം തെളിച്ചു മാതാവിനെ വരവേറ്റു. ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് ക്ഷേത്ര ഭാരവാഹികൾ സ്വീകരണം നൽകി. ബസലിക്കയിലെ ഗായക സംഘം ഘോഷയാത്രയെ അനുഗമിച്ചു രാവിലെയും വൈകീട്ടും ദിവ്യബലി അർപ്പിച്ചു. ദിവ്യബലിക്ക് കോഴിക്കോട് അതിരൂപത ജനറൽ മോൺ. ജെൻസൻ പുത്തൻ വീട്ടിൽ കാർമികത്വം വഹിച്ചു. തിരുനാൾ ആഘോഷത്തിന് 22ന് ഉച്ചതിരിഞ്ഞ് സമാപനമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

