വിസ്മയങ്ങളൊരുക്കി ചെങ്കല്ലിൽ കടഞ്ഞെടുത്ത ക്ഷേത്രകവാടം
text_fieldsഅങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര
ഭഗവതി ക്ഷേത്രത്തിനുവേണ്ടി രാജൻ നിർമിച്ച കവാടം
(ഇൻ സെറ്റിൽ രാജൻ)
നീലേശ്വരം: ജീവൻതുടിക്കുന്ന ശിൽപങ്ങളോടുകൂടി ചെങ്കല്ലിൽ കടഞ്ഞെടുത്ത് നിർമിച്ച ക്ഷേത്രകവാടം വിസ്മയമാകുന്നു. നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിന് നിർമിച്ച കവാടമാണ് നിർമാണത്തിലെ വ്യത്യസ്തതകൊണ്ട് ആളുകളെ വിസ്മയിപ്പിക്കുന്നത്.
ശിൽപി ബങ്കളം കൂട്ടപുനയിലെ കള്ളിപ്പാൽ രാജനാണ് ഈ ചെങ്കൽ ശിൽപി. ഒരു സാധാരണ കൽപണിക്കാരനായി ജീവിതം തുടങ്ങി രാജൻ 43 വർഷത്തിനിടയിൽ ജില്ലയിലെ വിവിധഭാഗങ്ങളിൽ നൂറുകണക്കിന് ക്ഷേത്രങ്ങളും തറവാടുകളും ഭവനങ്ങളും നിർമിച്ചിട്ടുണ്ട്. അതിൽ ഏറ്റവും വലുതു ശ്രേഷ്ഠവുമായ ചെങ്കൽക്കവാടമാണ് നീലേശ്വരം അങ്കക്കളരി കവാടം.
ഇതിന്റെ അടിത്തറ ക്ഷേത്രനിർമിതിയിൽപെട്ട കബോധബന്ധം തറയാണ്. പിന്നെ വേദിക, പഞ്ചരം, ശാലകൂടം മാതൃകയിലുള്ള അലങ്കാരപ്പണികളാണ്. രണ്ടു ഭാഗത്തെ വൃത്താകൃതിയിലുള്ള തൂണിന്റെ അടിഭാഗത്തായി യഥേഷ്ടം എല്ലാഭാഗത്തേക്കും കറക്കാവുന്ന ചെങ്കൽ ഗോളവുമുണ്ട്.
10.37 മീറ്റർ ഉയരവും 12.37 മീറ്റർ വീതിയിലുമാണ് ഈ മനോഹരകവാടം നിർമിച്ചിരിക്കുന്നത്. കവാടത്തിന്റെ ഏറ്റവും മുകളിലായി മകരത്തല, നാഗശില്പം, വ്യാളിമുഖം തുടങ്ങിയ പണികളുമുണ്ട്. ക്ഷേത്രത്തിലെ പ്രധാന ആരാധനദേവതകളായ വേട്ടക്കൊരുമകൻ ഈശ്വരൻ, പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളുടെ രൂപങ്ങൾ ജീവൻതുടിക്കുന്ന ശില്പങ്ങളാണ്.
ഒന്നരവർഷത്തെ അധ്വാനമാണ് കവാടനിർമാണത്തിന് വേണ്ടിവന്നത്. മൂവായിരത്തോളം ചെങ്കല്ലുകളാണ് കവാടത്തിനായി ഉപയോഗിച്ചത്. ചെങ്കൽ ശിൽപകലയുടെ സമഗ്രസംഭാവനക്ക് 2019ൽ കേരള ക്ഷേത്ര കലാഅക്കാദമി പുരസ്കാരം ലഭിച്ചു. കയ്യൂർ രക്തസാക്ഷി പാലായിയിലെ പി. അബൂബക്കർ സ്മാരകസ്തൂപം, പടന്നക്കാട് നെഹ്‌റു കോളജ് പ്രവേശനകവാടം, കൈതപ്രം ശ്രീകൃഷ്ണക്ഷേത്രം, പാലായിയോഗ പ്രകൃതിചികിത്സകേന്ദ്രം ആസ്ഥാനം തുടങ്ങിയവ ചെങ്കല്ലിൽ രാജന്റെ കൈവിരുതിന്റെ മകുടോദാഹരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

