കതാറപ്പെരുന്നാൾ
text_fieldsകതാറയിൽ ഈദ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ
വെടിക്കെട്ട്
കാഴ്ച
ചൂടും ഹ്യുമിഡിറ്റിയും കൂടിയ പകലിനെയും തോൽപിക്കുന്നതായിരുന്നു കതാറയിലെ പെരുന്നാൾ ആവേശം. ബുധനാഴ്ച ബലിപെരുന്നാൾ ആഘോഷം തുടങ്ങിയതിനു പിന്നാലെ, കഴിഞ്ഞ മൂന്നു ദിവസങ്ങളിലും കതാറ സാംസ്കാരിക ഗ്രാമം ഖത്തറിന്റെ ആഘോഷവേദിയായി. ചുട്ടുപൊള്ളുന്ന പകലിനെ സമ്മാനിച്ച് സൂര്യൻ മധ്യാഹ്നം വിട്ടുതുടങ്ങുന്നത് മുതൽ കതാറയിൽ കളിയുടെയും വിനോദത്തിന്റെയും മുഹൂർത്തം ഉദിച്ചുയരുകയായി. പെരുന്നാളിന്റെ മൂന്നു ദിനങ്ങളിലും വർണവൈവിധ്യമാർന്ന കാഴ്ചകളായിരുന്നു കതാറ സമ്മാനിച്ചത്.
സ്ത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാം ഒഴുകിയെത്തിയപ്പോൾ അവർക്ക് വർണവിസ്മയം പകരുന്ന മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് കതാറ വരവേറ്റു. വൈകീട്ട് അഞ്ചു മണി മുതൽ രാത്രി ഒമ്പതുവരെ വിനോദങ്ങളുടെ പൂരനഗരിയായി ഇവിടം മാറി. പെരുന്നാൾദിനം മുതൽ കുട്ടികളെ സമ്മാനപ്പൊതികൾ നൽകിയായിരുന്നു വരവേറ്റത്. വൈകീട്ട് 6.45 മുതൽ മുക്കാൽ മണിക്കൂർ നേരം കതാറ കോർണിഷിൽ കുരുന്നുകൾക്ക് സമ്മാനപ്പൊതികൾ സമ്മാനിച്ചു. തുടർന്ന് ഒരുക്കിയത് ഒരുപിടി വിനോദങ്ങൾ.
കുട്ടികൾക്ക് കളിക്കാനുള്ള ഇടങ്ങളും മുതിർന്നവർക്കും കുട്ടികൾക്കും ഉല്ലസിക്കാൻ കടലിൽ തുഴഞ്ഞ് ഉല്ലസിക്കാൻ കയാക്കിങ്ങുമെല്ലാം ഒരുക്കിയിരുന്നു. ഇതിനു പുറമെ, പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഒട്ടനവധി വിനോദപരിപാടികളും. ആഘോഷങ്ങൾക്കെല്ലാം കൊട്ടിക്കലാശമായി ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രി 8.30ഓടെ മാനത്ത് വർണങ്ങൾ വാരിവിതറിയ വെടിക്കെട്ടും അരങ്ങേറി.
കോവിഡ് എത്തുന്നതിന് മുമ്പത്തെ പെരുന്നാൾ ആഘോഷ രാവുകൾ തിരിച്ചെത്തിയെന്നായിരുന്നു കതാറയിലെത്തിയ ഒരു സന്ദർശകന് പറയാനുണ്ടായിരുന്നത്. സന്ദർശക വിസയിലെത്തിയ മാതാപിതാക്കളെയും കൂട്ടി പെരുന്നാൾദിനത്തിൽ എത്തിച്ചേരാൻ കതാറ തിരഞ്ഞെടുത്തതും ഈ ആഘോഷ വൈവിധ്യത്താലെന്ന് പറയുന്നു.
കുട്ടികൾക്ക് സമ്മാനപ്പൊതി വിതരണം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

