Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightആ നിലാവിന്...

ആ നിലാവിന് ഇ​​ളംത​​ണു​​പ്പാണ്

text_fields
bookmark_border
ആ നിലാവിന് ഇ​​ളംത​​ണു​​പ്പാണ്
cancel

ഓർമകളിൽ സ്നേഹത്തിന്‍റെ നിലാവാണ് ഉമ്മ. ഏതു ചൂടുനിറഞ്ഞ രാത്രിയിലും മനസ്സിനെ തണുപ്പിക്കാൻ കഴിയുന്ന ഇളംതണുപ്പ്. ഇല്ലായ്മയും വല്ലായ്മയും നിറഞ്ഞ കാലത്തിന്‍റെ നടവരമ്പിലൂടെ പ്രാരബ്ധങ്ങളുടെ ചൂടേറ്റ് നടക്കുന്നതിനിടയിൽ ഇളംതെന്നലായി തഴുകിയെത്തുന്ന സ്നേഹത്തിന്‍റെ നറുംനിലാവ്. വാപ്പ എം.സി. മൂസക്കുട്ടി മരിക്കുമ്പോൾ ഉമ്മക്ക് 29 വയസ്സായിരുന്നു. അവിടന്നങ്ങോട്ട് മരണം വരെ മക്കൾക്കുവേണ്ടി ജീവിച്ചുതീർത്തു. സാമ്പത്തികപ്രയാസത്തിനിടയിലും വാപ്പയില്ലാത്തതിന്‍റെ കുറവ് അറിയിക്കാതെയാണ് ഉമ്മ ഞങ്ങളെ വളർത്തിയത്. ചെറുപ്പത്തിൽ ഞാൻ ആരാകാനാണ് ഉമ്മയുടെ ആഗ്രഹം എന്നു ചോദിച്ചപ്പോൾ 'ഒന്നുമായില്ലെങ്കിലും, നല്ല മനുഷ്യനാകണം' എന്നു പറഞ്ഞുപഠിപ്പിച്ച്, അങ്ങനെ ജീവിച്ച് സ്വയം മാതൃക കാട്ടിത്തന്നു ഉമ്മ.

കണ്ണൂർ സിറ്റി അഞ്ചുകണ്ടിയിലായിരുന്നു തറവാട്. വലിയ കൂട്ടുകുടുംബമായിരുന്നു. എത്ര പ്രയാസം ഉണ്ടായിരുന്നെങ്കിലും ഒറ്റനോമ്പും ഉമ്മ ഒഴിവാക്കില്ല. ഞാനുൾപ്പെടെ മൂന്നു മക്കളെയും ചെറുപ്പംതൊട്ട് അതുപോലെ ശീലിപ്പിച്ചു. നോമ്പുകാലത്ത് രാവിലെ വിളിച്ചെഴുന്നേൽപിക്കും. വേറെ വീടുവെച്ച് താമസം മാറിയശേഷവും ഉമ്മ റമദാൻ കാലത്ത് പതിവ് തെറ്റിച്ചിരുന്നില്ല. ദിവസവും കാലത്ത് വിളിക്കും. എല്ലാ കാര്യങ്ങളും അന്വേഷിക്കും.

ഇത്തവണ ഉമ്മയില്ലാത്ത നോമ്പിനെക്കുറിച്ച് ആലോചിക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. മരിക്കുന്നതുവരെ എത്ര വലുതായാലും ഉമ്മക്ക് ചെറിയ കുട്ടികളായിരുന്നു. എല്ലാ പ്രായത്തിലും നല്ല ഉപദേശം തരും. എന്തിനാണ് നോമ്പെടുക്കുന്നത് എന്നതിനെക്കുറിച്ചും പറഞ്ഞുതരും. കുട്ടിക്കാലത്ത് നോമ്പെടുത്താൽ ചിലപ്പോഴൊക്കെ ഉമ്മ കാണാതെ വെള്ളം കുടിക്കും. വളരെ ചെറുപ്പത്തിലായിരുന്നു ഇത്. ആദ്യമൊന്നും ഉമ്മ അറിഞ്ഞില്ല. ഞാൻതന്നെയാണ് ഉമ്മയോട് പറഞ്ഞത്. ഉമ്മക്ക് ദേഷ്യം വന്നില്ല. പകരം തെറ്റ് തിരിച്ചറിയാനുള്ള കണ്ണ് തുറപ്പിക്കുകയായിരുന്നു ഉമ്മ. ഒരിക്കലും അങ്ങനെ ചെയ്യരുതെന്നും കളവ് മറച്ചുവെക്കരുതെന്നുമായിരുന്നു ഉമ്മ പഠിപ്പിച്ച പാഠം. നമ്മൾ ഒാരോ കാര്യവും ചെയ്യുന്നത് ദൈവത്തിനു മുന്നിലാണ് എന്നാണ് ഉമ്മ പറയാറുള്ളത്.

ജീവിതത്തിൽ ഒറ്റപ്പെട്ടതുപോലെയൊരു അവസ്ഥയാണ് ഉമ്മയുടെ മരണം ഉണ്ടാക്കിയത്. നടുറോഡിൽ തനിച്ചായതുപോലെയുള്ള അനുഭവം. എനിക്ക് നാലു വയസ്സുള്ളപ്പോഴാണ് ഉപ്പ മരിച്ചത്. അതുകൊണ്ടുതന്നെ എന്‍റെ ജീവിതത്തിൽ ഉമ്മ മാത്രമേ ഉണ്ടായിട്ടുള്ളൂ.

മലയാളിയാണെങ്കിലും വാപ്പ സിംഗപ്പൂർ പൗരനായിരുന്നു. പെട്ടെന്നായിരുന്നു മരണം. പിന്നീട് അങ്ങോട്ട് ആടിനെ വളർത്തിയൊക്കെയാണ് ഉമ്മ മക്കളെ വളർത്തിയത്. അത്ര കഷ്ടപ്പെട്ടിരുന്നു ഉമ്മ. മക്കൾ വളർന്ന് നല്ല നിലയിലായതോടെ ഉമ്മയുടെ സങ്കടങ്ങളൊക്കെ മാറ്റിയെടുത്തു. കണ്ണൂർ കോർപറേഷൻ പരിധിയിലെ പഞ്ഞിക്കയിൽ ഉമ്മക്ക് വീട് വെച്ചുകൊടുത്തു.

നോമ്പുകാലത്തും പ്രോഗ്രാമുമായി ക്ഷേത്രങ്ങളിൽ ഉൾപ്പെടെ പോകാറുണ്ടായിരുന്നു. നോമ്പെടുത്ത് പ്രോഗ്രാമുകൾക്കു പോകുമ്പോൾ ആവശ്യമായ ഭക്ഷണം ഉമ്മ തയാറാക്കി നൽകാറുണ്ട്. രാത്രിയാണ് അമ്പലങ്ങളിൽ പരിപാടി ഉണ്ടാകുക. ബാങ്ക് കൊടുത്താൽ അവിടെനിന്നാണ് നോമ്പ് മുറിക്കുക.

അത്തരം ഒരു നോമ്പുകാലത്ത് പയ്യന്നൂർ ഭാഗത്തെ അമ്പലത്തിൽ പരിപാടി അവതരിപ്പിക്കാൻ പോയപ്പോൾ ഭക്ഷണം എടുക്കാൻ മറന്നുപോയി. നോമ്പു തുറ സമയത്ത് ബാഗ് നോക്കുമ്പോഴാണ് ഭക്ഷണമില്ലാത്തത് മനസ്സിലായത്. ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് വിവരം ആരോ പറഞ്ഞു. ക്ഷേത്രത്തിന്‍റെ മുഖ്യനെന്നു തോന്നിയ ഒരാൾ പെട്ടെന്നു തന്നെ നോമ്പു തുറക്കാനുള്ള ഭക്ഷണം സംഘടിപ്പിച്ചുനൽകിയത് മറക്കാനാവില്ല.

മറ്റൊന്ന് നോമ്പുകാലത്ത് റെക്കോഡിങ് കോഴിക്കോട് ഷൈൻ സ്റ്റുഡിയോയിൽ നടത്തിയതാണ്. 40 മിനിറ്റ് നീണ്ട നോൺ സ്റ്റോപ്പായിരുന്നു റെക്കോഡിങ്. ഒരു പള്ളിയിലെ ഫാദറായിരുന്നു സ്റ്റുഡിയോ ഉടമ. നോമ്പ് തുറക്കാനാവശ്യമായ ജ്യൂസും ഭക്ഷണവും നൽകിയത് അദ്ദേഹമായിരുന്നു. അത്തരം ഒരുപാട് അനുഭവങ്ങൾ നോമ്പുകാലത്ത് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

എന്നുമെപ്പോഴും മക്കൾ അരികിലുണ്ടാകണം എന്നതായിരുന്നു ഉമ്മയുടെ ആഗ്രഹം. അതുകൊണ്ടുതന്നെയാണ്, സ്വന്തമായൊരു വീട് വെക്കാൻ ആലോചിച്ചപ്പോൾ അത് തറവാടിന്‍റെ തൊട്ടടുത്തുതന്നെ വേണം എന്ന് തീരുമാനിച്ചത്. പ്രോഗ്രാമിന്‍റെ തിരക്കുകൾ എത്രയുണ്ടെങ്കിലും നാട്ടിലുണ്ടെങ്കിൽ ഞാനെന്നും ഉമ്മയുടെ അടുത്തുണ്ടാകും. ഉമ്മക്ക് കോവിഡ് ആണെന്നറിഞ്ഞപ്പോൾ തകർന്നുപോയി. ഞാനും കുടുംബവും കോവിഡ് ബാധിച്ച് ക്വാറന്‍റീനിലായിരുന്നതിനാൽ ഉമ്മയെ കാണാനോ അടുത്തിരുന്ന് ഒന്ന് തലോടാനോ കഴിയാതെ നെഞ്ച് പൊട്ടുകയായിരുന്നു. ഒാക്സിജന്‍റെ ലെവൽ വളരെ താഴ്ന്ന് ദിവസങ്ങളോളം ആശുപത്രിയിലായിരുന്നെങ്കിലും ഉമ്മ തിരികെവരും എന്നുതന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ, വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു ഉമ്മ. മരിക്കുമ്പോൾ മക്കൾ അരികിലുണ്ടാകണം എന്നതായിരുന്നു ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ, ഉമ്മയുടെ ആ ആഗ്രഹം സാധിച്ചുകൊടുക്കാൻ മക്കൾക്കായില്ല. ഉമ്മയുടെ അവസ്ഥ വളരെ മോശമാണെന്നറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണാൻ ആശുപത്രിയിലെത്തിയെങ്കിലും അതിന് മിനിറ്റുകൾക്കു മുമ്പ് ഉമ്മ വിടപറഞ്ഞിരുന്നു.

വിധിയെ തടുക്കാൻ ആർക്കുമാവില്ല എന്നറിയാം. പക്ഷേ, ഇനി ഉമ്മയില്ല എന്ന സത്യവുമായി മനസ്സ് പൊരുത്തപ്പെടാൻ ഒരുപാട് സമയമെടുക്കും.

തയാറാക്കിയത്: മട്ടന്നൂർ സുരേന്ദ്രൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2022
News Summary - Kannur sheriff ramadan memory
Next Story