കൽപാത്തിക്ക് ഇനി ഉത്സവരാവുകൾ; രഥോത്സവം കൊടിയേറി
text_fieldsകൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രത്തിൽ മുഖ്യപൂജാരിമാരായ പ്രഭുദേവ സേനാപതി, രത്നസഭാപതി എന്നിവർ ചേർന്ന് കൊടിയുയർത്തുന്നു
പാലക്കാട്: കൽപാത്തിയുടെ അഗ്രഹാരവീഥികൾ ഉത്സവത്തിമിർപ്പിലേക്ക്. രഥോത്സവത്തിന്റെ വരവറിയിച്ച് ക്ഷേത്രങ്ങളിൽ ചൊവ്വാഴ്ച കൊടിയേറി. പ്രധാന ക്ഷേത്രമായ കൽപാത്തി വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രത്തിൽ മുഖ്യപൂജാരിമാരായ പ്രഭുദേവ സേനാപതി, രത്നസഭാപതി എന്നിവർ കൊടിയുയർത്തി.
പിന്നാലെ പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലും പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും ചാത്തപുരം പ്രസന്നമഹാഗണപതി ക്ഷേത്രത്തിലും രാവിലെ 10നും 11നും ഇടയിൽ കൊടിയേറി.
12നാണ് അഞ്ചാംതിരുനാൾ ആഘോഷം. പുതിയ കൽപാത്തി ജങ്ഷനിൽ രാത്രി 11.30 ചെറുരഥങ്ങൾ സംഗമിക്കും. 14, 15, 16 തീയതികളിലാണ് രഥോത്സവം. കൊടിയേറ്റത്തിനുമുമ്പുള്ള വാസ്തുശാന്തി തിങ്കളാഴ്ച നടന്നു.
രഥങ്ങളുടെ അറ്റകുറ്റപണികൾ അവസാനഘട്ടത്തിലാണ്. പാലക്കാട്ടെയും പരിസരങ്ങളിലെയും ഏറ്റവും വലിയ വാണിജ്യ ഉത്സവംകൂടിയാണ് രഥോത്സവം. കൽപ്പാത്തി ഉത്സവത്തോടെ ജില്ലയിലെ അഗ്രഹാര ക്ഷേത്രങ്ങളിൽ ആറുമാസം നീളുന്ന രഥോത്സവങ്ങൾക്ക് തുടക്കമാകും.
ദേശീയ സംഗീതോത്സവത്തിന് ഇന്ന് തുടക്കം
പാലക്കാട്: സംസ്ഥാന ടൂറിസം- സാംസ്കാരിക വകുപ്പും ഡി.ടി.പി.സിയും ചേർന്ന് സംഘടിപ്പിക്കുന്ന കൽപാത്തി ദേശീയ സംഗീതോത്സവത്തിന് ബുധനാഴ്ച തിരിതെളിയും. ചാത്തപുരം മണി അയ്യർ റോഡിൽ പ്രത്യേകം സജ്ജീകരിച്ച സംഗീത കലാനിധി ടി.വി. ശങ്കരനാരായണൻ നഗർ വേദിയിലാണ് സംഗീതോത്സവം നടക്കുക. പുരന്ദരദാസർ ദിനമായി ആഘോഷിക്കുന്ന ബുധനാഴ്ച വൈകിട്ട് ആറിന് വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കുന്നക്കുടി എം. ബാലമുരളിയുടെ സംഗീതക്കച്ചേരി നടക്കും.
16ന് പ്രാദേശിക അവധി
പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 16ന് പാലക്കാട് താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

