കലയാൽ കാലത്തെ അടയാളപ്പെടുത്തി ഇസ്ലാമിക് ആർട്ട് ബിനാലെ
text_fieldsആർട്ട് ബിനാലെയിൽനിന്ന്
കെ.എം. ഇർഷാദ്
ജിദ്ദ: കലകൊണ്ട് കാലത്തെ അടയാളപ്പെടുത്തി ഇസ്ലാമിക് ആർട്ട് ബിനാലെ. ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവള ടെർമിനലിന്റെ (ഹജ്ജ് ടെർമിനലിനോട് ചേർന്നുള്ള) വിശാലമായ ഒഴിഞ്ഞയിടങ്ങളിലാണ് മനോഹരമായ കലാസൃഷ്ടികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്. പ്രഥമ ഇസ്ലാമിക് ആർട്ട് ബിനാലെ പുതിയ കാലത്തെ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കലാരൂപങ്ങളും അപൂർവ ചരിത്ര വസ്തുക്കളുടെ പ്രദർശനവും കൊണ്ട് ശ്രദ്ധയാകർഷിക്കുന്നു. ദറഇയ ബിനാലെ ഫൗണ്ടേഷൻ ആണ് സംഘാടകർ.
സൗദിയിലെ പ്രമുഖ ബ്രാൻഡുകൾ സ്പോൺസർ ചെയ്യുന്ന ബിനാലെയിൽ വിവിധ രാജ്യങ്ങളിലെ പ്രശസ്ത മ്യൂസിയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും പങ്കെടുക്കുന്നു. സൗദിയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും പ്രശസ്തരായ 60 കലാകാരന്മാർ ഒരുമിച്ച് ഒരു ദൃശ്യവിസ്മയം തന്നെ ബിനാലെയിൽ ഒരുക്കിയിട്ടുണ്ട്. ചരിത്രത്തിലെ 280 അപൂർവ വസ്തുക്കൾ കലാപരമായി ബിനാലെയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ കളിത്തൊട്ടിൽ എന്ന് അറിയുന്ന നാടിനോട് ഏറ്റവും ചേർന്നുനിൽക്കുന്ന ആദ്യ ഗേഹം എന്ന അർഥം വരുന്ന ‘അവ്വൽ ബൈത്’ എന്നതാണ് പ്രഥമ ബിനാലയുടെ പ്രമേയം.
ആതൻസിലെ ബെനകി മ്യൂസിയം, ഹിസ്റ്ററി ഓഫ് സയൻസ് മ്യൂസിയം, ഇസ്ലാമിക കലകളിൽ താൽപര്യമുള്ള ഓക്സ്ഫഡ് യൂനിവേഴ്സിറ്റി, പാരിസിലെ ലൂവ്ര്, ബ്രിട്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം, മക്ക-മദീന ഹറം കാര്യാലയം, ഈജിപ്ത്, മൊറോക്കോ, കുവൈത്ത്, ഖത്തർ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ മ്യൂസിയങ്ങൾ എന്നിവ ചേർന്നാണ് അപൂർവ ചരിത്ര കലാരൂപങ്ങൾ ബിനാലെയിൽ എത്തിച്ചിരിക്കുന്നത്.
ഈജിപ്ഷ്യൻ ആർക്കിടെക്ട് ഓംനിയ അബ്ദുൽ ബർ, വാഷിങ്ടൺ ഡി.സിയിലെ നാഷനൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്സ് ഡയറക്ടറായ ജൂലിയൻ റാബി അടക്കമുള്ള വിദഗ്ധ സംഘമാണ് ബിനാലെയിലെ കലാസൃഷ്ടികൾ ഒരുക്കിയിരിക്കുന്നത്. ജൊഹാനസ് ബർഗിൽനിന്നുള്ള സുമയ്യ വലിയാണ് ബിനാലെയുടെ ആർട്ട് ഡയറക്ടർ.
ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിൽ ആരംഭിച്ച ഇസ്ലാമിക് ആർട്ട് ബിനാലെ
റമദാനിലെ ഇഫ്താറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് താൻസനിയൻ കലാകാരി ലുബ്ന ചൗധരി ഒരുക്കിയ 40 മീറ്റർ നീളമുള്ള തീൻമേശ ‘ദി എൻഡ് ലെസ് ഇഫ്താർ’, ഇറാനിയൻ ആർട്ടിസ്റ്റ് ഷാപ്പൂർ ജോയാൻ ഒരുക്കിയ കലാകാരന്റെ ഡി.എൻ.എയിലെ മൂന്ന് അടയാളങ്ങളെ പ്രതിനിധാനംചെയ്യുന്ന ‘മൈ പ്ലേസ് ഈസ് പ്ലൈസ് ലെസ്സ്’, കേപ് ടൗണിലെ വീട്ടിലെ പ്രാർഥന മുസല്ലകൾ (പായകൾ) ശേഖരിച്ച് മുത്തുകളും കല്ലുകളും നിറങ്ങളും പട്ടുനൂലിൽ കോർത്ത് ഇഗ്ഷാൻ ആഡംസ് ചെയ്ത കലാരൂപം, അതോടൊപ്പം ഖിബ്ല, ഹിജ്റ, വുദു (അംഗസ്നാനം), സമൂഹ നമസ്കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട കലാപ്രദർശനങ്ങൾ, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇൻസ്റ്റലേഷനുകളും പ്രദർശനത്തിനുണ്ട്.
ഗാലറികൾക്കപ്പുറത്ത് ഇരു ഹറമുകളുമായി ബന്ധപ്പെട്ട രണ്ടു പവിലിയനുകളിൽ വിവിധ കാലങ്ങളിൽ ഹറമിൽ ഉപയോഗിച്ച മനോഹരമായ വസ്തുക്കൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ കലാപരമായി പ്രദർശിപ്പിച്ചിരിക്കുന്നു.
ജനുവരി 23ന് ആരംഭിച്ച പ്രദർശനം ഏപ്രിൽ 23 വരെ നീണ്ടുനിൽക്കും. വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 11 വരെയും വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ട് മുതൽ രാത്രി 11 വരെയുമാണ് പ്രദർശന സമയം. പ്രവേശനം സൗജന്യമാണെങ്കിലും https://iab2023.org/register എന്ന ലിങ്ക് വഴി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

