ഫലസ്തീന്റെ തോരാത്ത കണ്ണീരിന്റെ മുന്നിലാണ് ഇത്തവണത്തെ നോമ്പ്
text_fieldsപരിശുദ്ധ ഖുർആന്റെ കൽപനയേറ്റുവാങ്ങി മനസ്സിന്റെയും ശരീരത്തിന്റെയും സംസ്കരണവുമായി ലോകമെമ്പാടുമുള്ള വിശ്വാസികൾ നോമ്പ് നോൽക്കുകയാണ്. നോമ്പിന്റെ മധുരമായ ഓർമകൾ കുഞ്ഞുനാളിലേതാണ്. സ്നേഹത്തിന്റെ, കൂട്ടായ്മയുടെ, പൊട്ടത്തരത്തിന്റെ ഭൂതകാലമോർത്തെടുക്കുന്നത് ഒരനുഭൂതിയാണ്.
ലോക വാർത്തകൾ ഒട്ടും സുഖകരമല്ല. നിഷ്കളങ്ക ബാല്യങ്ങളുടെ ദീനരോദനങ്ങൾ നമ്മുടെ കാതുകളെ അസ്വസ്ഥമാക്കുന്നു. അമ്മമാരുടെ കൂട്ടക്കരച്ചിലുകൾ മനസ്സിന്റെ താളം തെറ്റിക്കുന്നു. ഭക്ഷണത്തിനു വേണ്ടി വരിനിൽക്കുന്നവരെപ്പോലും നിഷ്ഠുരമായി വധിക്കുന്നു. ജീവിക്കാനുള്ള അദമ്യമായ ആഗ്രഹവുമായി എങ്ങോട്ടെന്നില്ലാതെ മനുഷ്യർ പലായനം ചെയ്യുന്നു.
ജനിച്ച മണ്ണിലിരുന്ന് സൂര്യപ്രകാശം കാണാൻ സ്വാതന്ത്ര്യമില്ലാത്ത ഒരു ജനത നിലനിൽപിനായി പൊരുതുന്നു. ഫലസ്തീൻ എന്ന നാടിന്റെ തോരാത്ത കണ്ണീരിന്റെ മുന്നിലാണ് ഇത്തവണത്തെ നോമ്പ്.
പട്ടിണി ഞെരിപൊരി കൊള്ളിച്ച എന്റെ ബാല്യം. മതസ്പർധ മനസ്സിലോ സമൂഹത്തിലോ ഇല്ലാതിരുന്ന കാലം. അതല്ലെങ്കിൽ അതുണ്ടാക്കുന്നവർ ഇല്ലാതിരുന്ന ഇന്നലെകൾ. കളിക്കൂട്ടുകാരിലൊരാളായ ഇബ്രാഹിം കുട്ടിയുടെ വീട്ടിലെ നോമ്പുതുറ മറക്കാൻ കഴിയാത്ത ഓർമയാണ്. പലഹാരങ്ങളുടെ രുചിക്കൂട്ടുകൾ മുന്നിലേക്ക് തരുന്ന അലീമത്താത്ത.
കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയപ്പോൾ താത്ത വിട പറഞ്ഞു. ചേതനയറ്റ ഭൗതിക ശരീരത്തിനരികിൽ നിന്നപ്പോൾ മനസ്സിലേക്കോടിയെത്തിയത് സ്നേഹമസൃണമായ പെരുമാറ്റവും രുചികരമായ നോമ്പ് പലഹാരങ്ങളുടെ കൂമ്പാരവുമായിരുന്നു.
ഈ പവിഴദ്വീപിലെ ഇഫ്താർ സംഗമങ്ങൾ തികച്ചും വ്യത്യസ്തമാണ്. സന്തതസഹചാരിയായ സുബൈർ കണ്ണൂരിന്റെ വീട്ടിൽനിന്ന് നാസ്സില സുബൈറിന്റെ കൈപ്പുണ്യത്തിൽ തുടങ്ങി, ഒരു മാസക്കാലത്തെ സ്നേഹസംഗമങ്ങൾ.
പ്രതിഭയുടെ, കേരളീയ സമാജത്തിന്റെ, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നോമ്പുതുറ ആത്മബന്ധത്തിന്റെ കൂടിച്ചേരലാണ്. ദേശ-ഭാഷ വ്യത്യാസമില്ലാത്ത മനുഷ്യരുടെ സംഗമവേദി.
മതങ്ങളെ മാത്രം കാണുന്ന കണ്ണുകളിൽ, മനുഷ്യരെ കാണാൻ സാധിക്കുന്ന സ്നേഹത്തിന്റെ അതിരുകളില്ലാത്ത നേർക്കാഴ്ച. എന്നാൽ, പ്രസിദ്ധ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന ചെറുകഥയെ ഓർമിപ്പിക്കുന്ന അനുഭവങ്ങളും വിരളമല്ല. വിഭവങ്ങളുടെ പോരിമയും ധൂർത്തുമല്ല, സ്നേഹത്തിന്റെ കൂടിച്ചേരലാകട്ടെ ഓരോ നോമ്പുതുറയും. അതിലൂടെ നമുക്ക് ഉയർത്തിപ്പിടിക്കാം മാനവ സ്നേഹത്തിന്റെ, മനുഷ്യ സാഹോദര്യത്തിന്റെ മധുരസന്ദേശം.
സി.വി. നാരായണൻ (ലോക കേരളസഭ അംഗം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

