സ്കൂട്ടറിൽ ഇന്ത്യ ചുറ്റി വ്യത്യസ്ത നോമ്പ്തുറകളിൽ പങ്കെടുത്ത് യുവാക്കൾ
text_fieldsസ്വഫുവാനും മുആദും
കോട്ടക്കൽ: സ്കൂട്ടറിൽ കശ്മീരിലേക്ക് യാത്ര തിരിച്ച യുവാക്കൾ പങ്കെടുത്തത് വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നോമ്പ് തുറകളിൽ. കോട്ടക്കൽ പുതുപ്പറമ്പ് സ്വദേശി സ്വഫുവാനും സുഹൃത്ത് പാണക്കാട് സ്വദേശി മുആദുമാണ് റമദാനിൽ വിവിധ സംസ്ഥാനങ്ങളിലെ നോമ്പ് തുറകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. റമദാൻ ഒന്നിനാണ് ഇരുവരും കശ്മീർ യാത്ര ആരംഭിക്കുന്നത്.
തുടർന്ന് പതിനാറ് ദിവസങ്ങളിലായി കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, കശ്മീർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇവർ സഞ്ചരിച്ചത്.റമദാനിലെ യാത്ര ഏറെ പ്രയാസകരമാണെന്നും കടുത്ത വേനലാണെന്നുമൊക്കെ പലരും പറഞ്ഞെങ്കിലും ഇരുവരും യാത്ര മുടക്കിയില്ല. ഓരോ സംസ്ഥാനത്തെയും ഗ്രാമങ്ങളിൽ എത്തുമ്പോൾ മലയാളിയാണെന്ന സ്നേഹവും പരിഗണനയുമാണ് ലഭിച്ചത്. നോമ്പ് തുറയും അത്താഴവുമടക്കം എല്ലാം വേണ്ടപോലെ നൽകി. കൂടാതെ താമസിക്കാനുള്ള സൗകര്യവും ലഭിച്ചു-ഇരുവരും പറഞ്ഞു.
രാജ്യത്ത് മതസൗഹാർദവും സമാധാനവും ഉയർത്തി ജീവിക്കുക എന്ന ആശയമുയർത്തി 'റൈഡ് ഇൻ പീസ്' എന്ന പ്രമേയത്തിലായിരുന്നു മലപ്പുറത്ത് നിന്ന് യാത്ര ആരംഭിച്ചത്. 'ആൾ ഇന്ത്യ റൈഡേഴ്സ് ക്ലബ് വാട്സാപ്പ് കൂട്ടായ്മയും' യാത്രക്ക് സഹായം നൽകി.