ക്ഷേത്രങ്ങളിൽ ഇല്ലംനിറ ആഘോഷിച്ചു
text_fieldsചേർപ്പ്: പെരുവനം ഗ്രാമത്തിലെ ഗ്രാമലക്ഷ്മി ക്ഷേത്രമായ ഊരകം അമ്മതിരുവടി ക്ഷേത്രത്തിലെയും ചാത്തക്കുടം ശ്രീധർമശാസ്ത ക്ഷേത്രത്തിലെയും ആറാട്ടുപുഴ ശ്രീശാസ്ത ക്ഷേത്രത്തിലെയും ഇല്ലംനിറ ഭക്തിനിർഭരമായി. ഊരകത്തമ്മ തിരുവടി ക്ഷേത്രം തന്ത്രി വടക്കേടത്ത് പെരുമ്പടപ്പ് ഹരി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഗണപതി പൂജയും ലക്ഷ്മി പൂജയും നടന്നു.
പൂജിച്ച നെൽക്കതിർ കറ്റകൾ ദേവിയുടെ തൃക്കൈകളിലും തൃപ്പാദങ്ങളിലും ക്ഷേത്രം തന്ത്രി സമർപ്പിച്ചു. അതിനു ശേഷം ഉപദേവതാ ശ്രീലകങ്ങളിലും തിടപ്പള്ളി, കലവറ, ദേവസ്വം ഓഫിസ്, അറകൾ എന്നിവിടങ്ങളിലും പൂജിച്ച നെൽക്കതിരുകൾ സ്ഥാപിച്ചു. ഊരകം അമ്മതിരുവടി ക്ഷേത്രത്തിന്റെ കീഴേടം ക്ഷേത്രങ്ങളായ മയമ്പിള്ളി ക്ഷേത്രം, കൊറ്റംകുളങ്ങര ക്ഷേത്രം, കിടാകുളങ്ങര ക്ഷേത്രം, വാരണംകുളം ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പൂജിച്ച നെൽക്കതിരുകൾ നൽകി. ആറാട്ടുപുഴ ശ്രീശാസ്ത ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങുകൾക്ക് മേൽശാന്തിമാരായ കൂറ്റംപിള്ളി മന പത്മനാഭൻ നമ്പൂതിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
ചാത്തക്കുടം ശ്രീധർമശാസ്ത ക്ഷേത്രത്തിൽ ഇല്ലംനിറ ക്ഷേത്രം തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു. അന്തിക്കാട്: പടിയം ചൂരക്കോട് ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിർഭര ചടങ്ങുകളോടെ ആഘോഷിച്ചു. മഹേഷ് പുളിക്കത്തറ കൊണ്ടുവന്ന നെൽക്കതിർ ക്ഷേത്രം മേൽശാന്തി രാമചന്ദ്രൻ എമ്പ്രാന്തിരി ഏറ്റുവാങ്ങി. ഭക്തജനങ്ങളുടെയും വാദ്യ ശംഖുനാദത്തിന്റെയും അകമ്പടിയോടെ ക്ഷേത്രം പ്രദക്ഷിണം ചെയ്തു.
സോപാനത്തിൽ പൂജാദികർമങ്ങൾ ചെയ്ത് ഭക്തർക്ക് പ്രസാദമായി നൽകി. ചടങ്ങിന് ക്ഷേത്രം മേൽശാന്തി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് നാരായണൻ കൊലയാപറമ്പത്ത്, സെക്രട്ടറി രാജീവ് സുകുമാരൻ, ട്രഷറർ ഗിരീഷ് കുമാർ, വൈസ് പ്രസിഡന്റ് സനോജ് കല്ലാറ്റ്, ജോയന്റ് സെക്രട്ടറി ഭരതൻ കല്ലാറ്റ് തുടങ്ങിയവർ സംബന്ധിച്ചു. ഈ മാസം 15ന് ക്ഷേത്രത്തിൽ അന്നദാനം ഉണ്ടാകുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

