ഒത്തൊരുമയുടെ ഇഫ്താർ സംഗമങ്ങൾ
text_fieldsകാത്തിരുന്ന റമദാൻ നോമ്പ് ആഗതമായി. 30 ദിവസത്തെ നോമ്പ് ആരോഗ്യത്തിനും മനസ്സിനും പ്രാർഥനക്കും ഉണർവ് നൽകും. ജാതി, മത വ്യത്യാസമില്ലാതെ നോമ്പ് എടുക്കുന്ന ഒട്ടനവധി അന്യ മതവിശ്വാസികളെ എനിക്കറിയാം. പ്രതേകിച്ചു ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന മുസ്ലിം മതസ്ഥരല്ലാത്ത പലരും നോമ്പിന്റെ ഭാഗമാകാറുണ്ട്. അതിൽ ഞാനും ഉൾപ്പെടുന്നു. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാൻ. അതുകൊണ്ട് തന്നെ ലോകം മുഴുവൻ ഇതിനെ ഭക്തിപൂർവം ആചരിക്കുന്നു.
സ്നേഹം, സഹിഷ്ണുത, ബഹുമാനം എന്നീ സദ്ഗുണം ഈ സമയത്ത് നാം അറിയാതെ തന്നെ നമ്മിൽ ഉണ്ടാവുന്നു. നോമ്പ് തുറക്കൽ ഒരു ആഘോഷ രാവാണ്. ഒമാനിൽ വന്നതിനു ശേഷം ഒരുപാട് ഇഫ്താർ വിരുന്നുകളിൽ പങ്കെടുക്കാൻ അവസരം കിട്ടിയിട്ടുണ്ട്. എടുത്തു പറയേണ്ട അതിൽ ഒന്ന് കെ.എം.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നാണ്.
ജന സമുദ്രം എന്ന് കേട്ടിട്ടില്ലേ, അത്രമാത്രം ആളുകൾ ഒന്നിക്കുന്ന ഒരു ഇഫ്താർ വിരുന്നാണ് അത്. പിന്നെ മലബാർ വിങ്, പട്ടാമ്പിയൻസ്, ഒ.ഐ.സി.സി, ടോസ്റ്റ് മാസ്റ്റേഴ്സ് എന്നിവർ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നിലും പങ്കെടുക്കാറുണ്ട്. എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല രസമാണ്. ഏഴു വർഷമായി ഇത്തരം കൂടിച്ചേരലുകളിൽ സ്ഥിരം പങ്കാളിയായതുകൊണ്ട് ഈ ഒരു പുണ്യ മാസം വരാനായി കാത്തിരിപ്പ് തുടങ്ങിയിട്ട് 11 മാസമായി. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ റമദാൻ മാസ ആശംസകൾ.

വേണു മാന്നനൂർ, ഒറ്റപ്പാലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
