ഹിജ്റയും മുഹറവും: പ്രത്യാശയുടെയും നന്ദിയുടെയും ചരിത്രസന്ദേശം
text_fieldsഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം ഒരു പുതുവർഷത്തിന്റെ തുടക്കം മാത്രമല്ല. വിശ്വാസം, ത്യാഗം, പ്രത്യാശ, നന്ദി എന്നിവയുടെ ചരിത്രസ്മരണ കൂടിയാണ്. മുഹറത്തിന്റെ ആത്മാവ് ആഘോഷങ്ങളിലോ ആചാരപ്രകടനങ്ങളിലോ ഒതുങ്ങുന്നതല്ല, മറിച്ച് അല്ലാഹുവിനോടുള്ള നന്ദിയിലും ആത്മവിചിന്തനത്തിലുമാണ് അടങ്ങിയിരിക്കുന്നത്. മുഹമ്മദ് നബി (സ) പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് മക്കയിൽ “അൽ-അമീൻ” (വിശ്വസ്തൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്നു. എന്നാൽ ഏകദൈവ വിശ്വാസത്തിന്റെ സന്ദേശവുമായി അദ്ദേഹം മുന്നോട്ട് വന്നപ്പോൾ, സമൂഹത്തിലെ വലിയൊരു വിഭാഗം മുഹമ്മദ് (സ) നബിയെയും അനുയായികളെയും എതിർത്തു. അവർ സാമൂഹിക ബഹിഷ്കരണവും സാമ്പത്തിക ഉപരോധവും ഉൾപ്പെടെയുള്ള കടുത്ത പീഡനങ്ങൾ മൂന്ന് വർഷത്തോളം നേരിട്ടു. എന്നിരുന്നാലും, അവർ സത്യവിശ്വാസത്തിൽ ഉറച്ചുനിന്നു.
ഒടുവിൽ, സത്യത്തിന്റെ ശബ്ദം നിശ്ശബ്ദമാക്കാൻ നബി (സ)യെ വധിക്കാൻ വരെ ശത്രുക്കൾ പദ്ധതിയിട്ട സാഹചര്യത്തിലാണ് അല്ലാഹുവിന്റെ നിർദേശപ്രകാരം അദ്ദേഹം മദീനയിലേക്ക് പലായനം ചെയ്തത്. ചരിത്രത്തിൽ “ഹിജ്റ” എന്നറിയപ്പെടുന്ന ഈ സംഭവം ഒരു സ്ഥലമാറ്റം മാത്രമല്ല; വിശ്വാസത്തിനുവേണ്ടിയുള്ള മഹത്തായ ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ്.
സ്വന്തം വീടും സ്വത്തും ജന്മനാടും ഉപേക്ഷിച്ച് മദീനയിലെത്തിയ പ്രവാചകനെയും അനുചരന്മാരെയും അവിടുത്തെ ജനങ്ങൾ ഹൃദയപൂർവം സ്വീകരിച്ചു. ജാതിയോ വർഗമോ സമ്പത്തോ നോക്കാതെ മനുഷ്യർ മനുഷ്യരെ സഹോദരങ്ങളായി സ്വീകരിച്ച അപൂർവ ചരിത്ര മുഹൂർത്തമായിരുന്നു അത്. അവിടെ മാനവികതയും സഹോദരത്വവും വിജയിച്ചു. ഈ ചരിത്രപരമായ സംഭവമാണ് ഹിജ്റ കലണ്ടറിന്റെ അടിസ്ഥാനമായി മാറിയത്.
ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധം, ദാരിദ്ര്യം, അക്രമം എന്നിവ കാരണം സ്വന്തം നാടും വീടും ഉപേക്ഷിക്കാൻ നിർബന്ധിതരായ ലക്ഷക്കണക്കിന് മനുഷ്യർ ജീവിക്കുന്നു. അവരുടെ ജീവിതാനുഭവങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്ന ചരിത്രസ്മരണയാണ് ഹിജ്റ. മനുഷ്യജീവിതം കണ്ണീരിൽ അവസാനിക്കേണ്ടതല്ലെന്നും, നഷ്ടങ്ങൾക്കപ്പുറം പുതിയ തുടക്കങ്ങൾ സാധ്യമാണെന്നും, പ്രതിസന്ധികളുടെ ഗർഭത്തിലാണ് പലപ്പോഴും വിജയത്തിന്റെ വിത്തുകൾ മുളയ്ക്കുന്നതെന്നും ഹിജ്റ നമ്മെ ഓർമ്മിപ്പിക്കുന്നു. അതിനാൽ, ഹിജ്റ ഒരു ചരിത്രസംഭവം മാത്രമല്ല; എല്ലാ കാലത്തും പ്രതിസന്ധികളെ അതിജീവിക്കുന്ന മനുഷ്യർക്കുള്ള പ്രത്യാശയുടെ പ്രഖ്യാപനമാണ്.
മുഹറം മറ്റൊരു പ്രധാന ചരിത്രസ്മരണയും ഉൾക്കൊള്ളുന്നു. അല്ലാഹു മൂസാ നബി (അ)യെയും അദ്ദേഹത്തിന്റെ സമൂഹത്തെയും ഫിർഔന്റെ ക്രൂരതയിൽ നിന്ന് രക്ഷപ്പെടുത്തിയ ദിനമാണ് ആശൂറാ. ഈ അനുഗ്രഹത്തിന് നന്ദിയായി മൂസാ നബി (അ) നോമ്പനുഷ്ഠിക്കുകയും, തുടർന്ന് മുഹമ്മദ് നബി (സ) ഈ നോമ്പ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അതുകൊണ്ട്, മുഹറം ദുഃഖത്തിന്റെയോ ആഘോഷത്തിന്റെയോ മാസം മാത്രമല്ല. മറിച്ച് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓർത്ത് നന്ദി പറയാനും ആത്മപരിശോധന നടത്താനും സൽകർമ്മങ്ങൾ വർധിപ്പിക്കാനുമുള്ള വിശുദ്ധ അവസരമാണ്. നോമ്പ്, ദുആ, ഖുർആൻ പാരായണം, ദാനധർമ്മങ്ങൾ തുടങ്ങിയവയിലൂടെ വിശ്വാസജീവിതം ശക്തിപ്പെടുത്തേണ്ട സമയമാണിത്.
ഹിജ്റയുടെ പ്രത്യാശയും ആശൂറായുടെ നന്ദിയും ചേർന്നാണ് മുഹറത്തിന്റെ യഥാർത്ഥ സന്ദേശം രൂപപ്പെടുന്നത്. പ്രതിസന്ധികളിൽ തളരാതെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരാകുകയും ചെയ്യുക എന്നതാണ് ഈ മാസത്തിന്റെ പ്രധാന പാഠം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

