പഴമയുടെ ആഘോഷമായി 'ഹയ്യാ ബയ്യാ..'
text_fieldsഹയ്യാ ബയ്യാ ചടങ്ങിനുള്ള പ്ലാസ്റ്റിക് കൂടുകളുമായി കുട്ടികൾ
മനാമ: പഴമയുടെ ഓർമപുതുക്കലായെത്തുന്ന ഹയ്യാ ബയ്യാ ആഘോഷത്തിന്റെ ആവേശത്തിൽ കുട്ടികൾ. ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള ആചാരമാണ് ഹയ്യാ ബയ്യാ. ചെറിയ കുട്ടകളിൽ മുളപ്പിക്കുന്ന ധാന്യങ്ങൾ പെരുന്നാൾ ദിവസം ആഘോഷപൂർവം കടലിൽ എറിയുന്നതാണ് ചടങ്ങ്.
ഹജ്ജ് തീർഥാടനത്തിനുപോയ പ്രിയപ്പെട്ടവർ സുരക്ഷിതരായി തിരിച്ചെത്തുന്നതിനുള്ള പ്രാർഥനയായാണ് ഈ ആചാരം നടത്തുന്നതെന്ന് പറയുന്നു. പ്രത്യേക വസ്ത്രങ്ങൾ ധരിച്ചും പാട്ടുകൾ പാടിയുമാണ് കുട്ടികൾ ആഘോഷത്തിൽ പങ്കെടുക്കുന്നത്. ഹജ്ജ് മാസമായ ദുല്‍ഹജ്ജ് ഒന്നിന് തന്നെ തങ്ങളുടെ വീട്ടുപരിസരങ്ങളില്‍ കുട്ടികള്‍ പ്രത്യേകം തയാറാക്കിയ ചെടിച്ചട്ടികളില്‍ ചെറിയ ചെടികള്‍ നട്ടുപിടിപ്പിക്കും.
ഓരോ ദിവസവും ഇതിന് വെള്ളവും വളവും നല്കി പരിചരിക്കുകയും താലോലിക്കുകയും ചെയ്യും. ചെടികളുമായി കുട്ടികള്‍ പത്തുദിവസത്തിനുള്ളില്‍ വല്ലാത്തൊരു ആത്മബന്ധം സ്ഥാപിച്ചിരിക്കും. അറഫ ദിനത്തിന്റെ വൈകുന്നേരം ഈ ചെടികളുമായി കുട്ടികള്‍ വിവിധ വര്‍ണങ്ങളിലുള്ള മനോഹരമായ വസ്ത്രങ്ങള്‍ അണിഞ്ഞ് കടല്‍ത്തീരത്തേക്ക് ഘോഷയാത്രയായി പുറപ്പെടും. കൂടെ മുതിര്‍ന്നവരും അവരുടെ സഹായികളായി ഉണ്ടാവും. കടല്‍ത്തീരത്തുള്ള ഉയര്‍ന്ന പ്രദേശത്ത് കയറിനിന്ന് 'ഹയ്യ ബയ്യ റാഹത് ഹയ്യ ബയ്യാത് ഹയ്യ...' എന്ന് തുടങ്ങുന്ന ഗാനം ഇവര്‍ സംഘമായി ആലപിക്കും.
പാട്ടുപാടുന്നതിനിടയില്‍ തന്നെ തങ്ങളുടെ കൈയിലുള്ള ചെടികള്‍ ഇവര്‍ ഓരോരുത്തരായി കടലിലേക്കൊഴുക്കും. വലതുവശത്തുനിന്നാരംഭിച്ച് ഇടതുവശത്ത് അവസാനിക്കുന്ന ക്രമത്തിലാണ് ഈ ഒഴുക്കലുകള്. ശേഷം ഇവര്‍ ഹജജ് കർമത്തിന് പോയ തങ്ങളുടെ ബന്ധുമിത്രാദികള്‍ സുരക്ഷിതരായി തിരിച്ച് വരാനും പെരുന്നാള്‍ ദിനം സന്തോഷകരമാവാനും വേണ്ടി അവിടെനിന്ന് പ്രാർഥിക്കും. പിന്നെ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുപോകും. കുട്ടികളിൽ പരിപാലന ശീലവും ക്ഷമയും ത്യാഗമനോഭാവവും വളർത്തിയെടുക്കാൻ ഈ ആചാരത്തിന് കഴിയാറുണ്ട്.
മുൻകാലങ്ങളിൽ ഈന്തപ്പനയുടെ ഓലകൊണ്ട് മെടയുന്ന കുട്ടകളിൽ വീടുകളിൽ തന്നെയാണ് തിന പോലുള്ള ധാന്യങ്ങൾ മുളപ്പിച്ചിരുന്നത് . ഓലകൊണ്ടുള്ള കുട്ടകൾ നിർമിച്ചുനൽകുന്ന നിരവധി പേർ പണ്ടുണ്ടായിരുന്നു. കാലം മാറിയപ്പോൾ ആചാരരീതികൾക്കും മാറ്റം വന്നു. ഇന്ന് കടകളിൽനിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് കൂടുകളാണ് ഉപയോഗിക്കുന്നത്. ധാന്യങ്ങൾ മുളപ്പിച്ച ഇത്തരം പ്ലാസ്റ്റിക് കൂടുകൾ പ്രാദേശിക പച്ചക്കറികൾ വിൽക്കുന്ന മാർക്കറ്റുകളിൽ ലഭ്യമാണ്. മാൽകിയ, ബാർബാർ, കർബാബാദ്, നുറാന, ബുസൈതീൻ എന്നിവിടങ്ങളിലാണ് പ്രധാനമായും ഹയ്യാ ബയ്യാ ആഘോഷം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

