ഉംറ തീർഥാടകർ പ്രതിരോധ വാക്സിനുകൾ സ്വീകരിക്കണം
text_fieldsദോഹ: ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്ക് യാത്ര തിരിക്കാൻ തയാറെടുക്കുന്ന എല്ലാ പൗരന്മാരും താമസക്കാരും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. സുരക്ഷിതവും ആരോഗ്യകരവുമായ യാത്ര ഉറപ്പാക്കുന്നതിനായി മെനിഞ്ചൈറ്റിസ് വാക്സിൻ, സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എന്നിവ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
തീർത്ഥാടകരെ പകർച്ചവ്യാധികളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രധാനപ്പെട്ട പ്രതിരോധ നടപടികളിലൊന്നാണ് കുത്തിവെപ്പുകളെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഉംറ വേളയിലും പുണ്യസ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും ഉണ്ടായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കുറക്കാനും ആരോഗ്യ സുരക്ഷ വർധിപ്പിക്കാനും ഇത് സഹായിക്കും. കൂടാതെ, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളവർ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവർ യാത്രക്ക് മുമ്പ് രജിസ്റ്റർ ചെയ്ത ഹെൽത്ത് സെന്ററുകൾ സന്ദർശിച്ച് വൈദ്യപരിശോധന നടത്തണമെന്നും യാത്രക്ക് ആരോഗ്യപരമായി യോഗ്യരാണെന്ന് ഉറപ്പാക്കുകയും ചെയ്യണം.
ഉംറ കർമങ്ങൾ നിർവഹിക്കുമ്പോൾ പാലിക്കേണ്ട പ്രതിരോധ മാർഗനിർദേശങ്ങളുടെ പ്രാധാന്യവും മന്ത്രാലയം ഓർമിപ്പിച്ചു. വ്യക്തിശുചിത്വം പാലിക്കുക, തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, യാത്രക്കിടയിലും താമസസ്ഥലത്തും ആരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം. നിർദേശിക്കപ്പെട്ട വാക്സിനുകൾ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് കീഴിലുള്ള ഹെൽത്ത് സെന്ററുകളിൽ രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായി ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

