അനധികൃത ഹജ്ജ് ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടി
text_fieldsഹജ്ജ് പെർമിറ്റ് ഇല്ലാത്ത 22 പേരും അവരെ മക്കയിലെത്തിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനും വാഹനമടക്കം പിടിയിലായപ്പോൾ
മക്ക: അനധികൃതമായി ഹജ്ജ് ചെയ്യാനുള്ള ശ്രമങ്ങളെ പൂർണമായും ഇല്ലാതാക്കാൻ പഴുതടച്ച പരിശോധന മക്കയിലും പരിസര പ്രദേശങ്ങളിലും തുടരുന്നു. നിയമം ലംഘിച്ച് ആളുകളെ മക്കയിലെത്തിക്കാൻ സഹായിക്കുന്നവർ ഉൾപ്പെടെ നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. ‘നിയമലംഘകരില്ലാത്ത ഹജ്ജ്’ എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഹജ്ജ് പെർമിറ്റ് ഇല്ലാത്ത വ്യക്തികൾ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്നത് തടയുന്നതിനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം കർശനമാക്കിയിട്ടുണ്ട്.
താമസ സ്ഥലങ്ങളിലും പള്ളികളിലും ഹോട്ടലുകളിലുമെല്ലാം ശക്തമായ പരിശോധനയും നിരീക്ഷണവും ഊർജിതമാണ്. നിയമലംഘകരെയും അവർക്ക് സൗകര്യമൊരുക്കുന്നവരെയും അറസ്റ്റ് ചെയ്യുകയും പിഴചുമത്തുകയും ചെയ്യുമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതെല്ലാം അവഗണിച്ച് നിയമലംഘനം നടത്തുമ്പോൾ വിട്ടുവീഴ്ചയില്ലാത്ത ശിക്ഷാനടപടിയാണ് അധികൃതർ സ്വീകരിക്കുക.
രാജ്യത്ത് ജോലിചെയ്യുന്ന ഹജ്ജ് പെർമിറ്റ് ഇല്ലാത്ത 22 പ്രവാസികളെ സ്വന്തം വാഹനത്തിൽ മക്കയിലെത്തിക്കാൻ ശ്രമിച്ചതിന് ബുധനാഴ്ച ഒരു ഇന്ത്യക്കാരൻ പിടിയിലായി. ഇയാൾക്കൊപ്പം 22 പേരെയും അറസ്റ്റ് ചെയ്തു. 57 പേരെയും അവരെ മക്കയിലേക്ക് കടത്താൻ സഹായിച്ച 13 പേരെയും സുരക്ഷാസേന നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
വ്യത്യസ്ത സമയങ്ങളിൽ 35 പേരെ അനധികൃതമായി മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഏഴ് സ്വദേശികളടക്കം 12 പേരെ പ്രവേശന കവാടങ്ങളിൽ വെച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഈ ആഴ്ച ഹജ്ജ് പെർമിറ്റില്ലാത്ത 121 പേർക്ക് യാത്രാസൗകര്യമൊരുക്കിയ 20 വിദേശികളെയും 17 പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്ന നിയമലംഘകർക്ക് തടവ്, ഒരു ലക്ഷം റിയാൽ പിഴ, നാടുകടത്തൽ, 10 വർഷം സൗദിയിലേക്ക് പ്രവേശന വിലക്ക് എന്നിവയാണ് ശിക്ഷ. യാത്രക്ക് ഉപയോഗിച്ച വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. പെർമിറ്റ് ഇല്ലാതെ ഹജ്ജിന് ശ്രമിച്ചാൽ ശിക്ഷ 20,000 റിയാലാണ്.
അടുത്ത 10 വർഷത്തേക്ക് ഹജ്ജ്, ഉംറ വിലക്ക് നേരിടുകയും ചെയ്യും. ഹജ്ജിനെത്തുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യത്തെ മുഴുവൻ പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം അഭ്യർഥിച്ചു. ഏപ്രിൽ 29 മുതൽ ജൂൺ 10 വരെയുള്ള കാലയളവിൽ പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യുന്നതോ അതിന് ശ്രമിക്കുന്നതോ നിരോധിച്ചതായി മന്ത്രാലയം തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നതാണ്.
ഹജ്ജ് പെർമിറ്റ് (തസ്രീഹ്) ഇല്ലാതെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നത് കുറ്റകരമാണ്. മക്ക നഗര പരിധിക്കുള്ളിലും പ്രവേശന കവാടങ്ങളിലും ശക്തമായ പരിശോധനയാണ് മുഴുസമയവും നടക്കുന്നത്.
നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റു ഭാഗങ്ങളിലുള്ളവർ 999 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

