തീർഥാടകർ പൊതുവിടങ്ങളിൽ കിടക്കരുത് -ഹജ്ജ്, ഉംറ മന്ത്രാലയം
text_fieldsപുണ്യസ്ഥലങ്ങളിലെ ഹജ്ജ് സീസൺ തയാറെടുപ്പുകൾ ഹജ്ജ് -ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ
പരിശോധിക്കുന്നു
മക്ക: ഹജ്ജ് സീസണിൽ നടപ്പാതകളിലും പൊതുവിടങ്ങളിലുമുള്ള കിടത്തവും ഉറക്കവും ഒഴിവാക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തീർഥാടകർ ഹജ്ജ് നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതിന്റെയും റോഡുകളിലും പൊതുസൗകര്യ സ്ഥലങ്ങളിലും കിടക്കാതിരിക്കുന്നതിന്റെയും പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. തീർഥാടകരുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാനാണിത്. നടപ്പാതകളിലും പൊതുഇടങ്ങളിലുമുള്ള കിടത്തവും ഉറക്കവും തീർഥാടകരുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും അടിയന്തര വിഭാഗങ്ങളുടെ വരവിന് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇത് തിരക്ക് വർധിപ്പിക്കുകയും പൊതുസുരക്ഷക്ക് നേരിട്ടുള്ള ഭീഷണി ഉയർത്തുകയും ചെയ്യും. വിശ്രമിക്കേണ്ടി വരുമ്പോൾ തീർഥാടകർ ഹോട്ടലുകളിലേക്കോ നിയുക്ത ക്യാമ്പുകളിലേക്കോ മടങ്ങണം. ഹജ്ജ് സീസണിൽ സൈബർ തട്ടിപ്പുകളെ കരുതിയിരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തീർഥാടകർ അവരുടെ സ്വകാര്യ ഡേറ്റ സംരക്ഷിക്കാനും കർമങ്ങൾ സുരക്ഷിതവും ആശ്വാസകരവുമായ നിർവഹണം ഉറപ്പാക്കുന്ന സാങ്കേതിക മാർഗനിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടു.
വിശ്വസനീയമായ ഉറവിടങ്ങളിൽനിന്ന് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക, സ്വകാര്യതയും സുരക്ഷാക്രമീകരണങ്ങളും അവലോകനം ചെയ്യുക, സുരക്ഷിതമായ ലിങ്കുകൾ മാത്രം ഉപയോഗിക്കുക എന്നിവ ഉൾപ്പെടെ നിരവധി സുരക്ഷിത ഡിജിറ്റൽ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാനും വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകൾ ബ്രൗസ് ചെയ്യുന്നതോ സെൻസിറ്റീവ് ഡേറ്റ പങ്കിടുന്നത് ഒഴിവാക്കാനും മന്ത്രാലയം തീർഥാടകരോട് ആഭ്യർഥിച്ചു.
‘സൈബർ അവബോധ ഗൈഡ്’ എന്ന പേരിൽ 16 ഭാഷകളിൽ സമഗ്രമായ ഒരു ബോധവൽക്കരണ ഗൈഡ് മന്ത്രാലയം പുറത്തിറക്കി. ഹജ്ജ് സീസണിൽ ഡിജിറ്റൽ സുരക്ഷയുമായി ബന്ധപ്പെട്ട് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള പ്രായോഗിക മാർഗനിർദേശങ്ങളും ഉത്തരങ്ങളും ഇതിൽ ഉൾപ്പെടുന്നു. സൈബർ ഭീഷണികളില്ലാത്ത സുരക്ഷിതമായ ഡിജിറ്റൽ ഹജ്ജ് അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.
എല്ലാ രാജ്യങ്ങളിലെയും തീർഥാടകർക്ക് ഇത് ആക്സസ് ചെയ്യാനും അതിന്റെ ഉള്ളടക്കം പ്രയോജനപ്പെടുത്താനും കഴിയും. തീർഥാടകർക്കിടയിൽ സാങ്കേതിക അവബോധവും സംരക്ഷണവും വർധിപ്പിക്കുന്നതിനായി സൈബർ അവബോധ ഗൈഡ് ഡൗൺലോഡ് ചെയ്യാനും അതിലെ ഉള്ളടക്കങ്ങൾ അവലോകനം ചെയ്യാനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്ന് മന്ത്രാലയം തീർഥാടകരോട് അഭ്യർഥിച്ചു.
പുണ്യഭൂമിയിലേക്ക് വരുന്നതിനുമുമ്പ് ഹജ്ജ് കർമങ്ങളെക്കുറിച്ച് പഠിക്കാൻ തീർഥാടകർ ഉത്സാഹം കാണിക്കണമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം ആഹ്വാനം ചെയ്തു. ‘ഹജ്ജിനായി തയാറെടുക്കുമ്പോൾ’ എന്ന തലക്കെട്ടിൽ എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ട് വഴിയുള്ള ബോധവൽക്കരണ സന്ദേശത്തിലാണ് മന്ത്രാലയം ഇക്കാര്യം പറഞ്ഞത്.
തീർഥാടകൻ ഹജ്ജ് കർമങ്ങളും അവ എങ്ങനെ അനുഷ്ഠിക്കണമെന്നും പഠിക്കണം. അത് ശരിയായി നിർവഹിക്കുന്നതിന് അയാൾക്ക് പൂർണമായി പരിചയമുണ്ടായിരിക്കണം. ഹജ്ജിന്റെ അടിസ്ഥാന തത്വങ്ങൾ, കടമകൾ, സുന്നത്തുകൾ, വിലക്കുകൾ എന്നിവ അറിയേണ്ടതിന്റെയും ഓരോ ആചാരത്തിന്റെയും ശരിയായ രീതി പഠിക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. പുണ്യസ്ഥലങ്ങളുടെ വിശദാംശങ്ങളും അനുബന്ധ വ്യവസ്ഥകളും നിർദേശങ്ങളും മനസ്സിലാക്കണമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

