‘മക്ക റൂട്ട് സംരംഭം’ മാലദ്വീപിൽ തുടക്കംകുറിച്ചു
text_fieldsമാല ദ്വീപിൽ ‘മക്ക റൂട്ട് സംരംഭം’ ആരംഭിച്ചപ്പോൾ
റിയാദ്: ഹജ്ജ് തീർഥാടകരുടെ യാത്രാനടപടികൾ എളുപ്പമാക്കുന്നതിന് സൗദി ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ച ‘മക്ക റൂട്ട് സംരംഭം’ മാല ദ്വീപിലും ആരംഭിച്ചു. ആദ്യമായാണ് മാലദ്വീപിൽ മക്ക റൂട്ട് സംരംഭം നടപ്പാക്കുന്നത്. ഇതോടെ പദ്ധതി ആരംഭിച്ച എട്ടാമത്തെ രാജ്യമായി മാലദ്വീപ്.
വിലാന അന്താരാഷ്ട്ര വിമാനത്താവളത്തിലെ സംരംഭത്തിന്റെ ലോഞ്ചിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മാല ദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മോയിസ്, ‘മക്ക റൂട്ട്’ സംരംഭത്തിന്റെ സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽ യഹ്യ, മാലിദ്വീപിലെ സൗദി എംബസിയുടെ ആക്ടിങ് ചാർജ് ഡി അഫയേഴ്സ് ഫഹദ് അൽ ദോസാരി എന്നിവർ പങ്കെടുത്തു.
ഹജ്ജ് തീർഥാടകർക്ക് അവരുടെ നാടുകളിൽനിന്ന് തന്നെ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുക എന്നതാണ് മക്ക റൂട്ട് സംരംഭത്തിന്റെ ലക്ഷ്യം. തീർഥാടകരെ സ്വീകരിക്കുന്നതും അവരുടെ രാജ്യങ്ങളിൽ അവരുടെ നടപടിക്രമങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
‘വിഷൻ 2030’ന്റെ പരിപാടികളിലൊന്നായ മക്ക റൂട്ട് സംരംഭം ഏഴാം വർഷമാണ് ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്നത്. മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ്, തുർക്കിയ, കോട്ട് ഡി ഐവയർ എന്നിവിടങ്ങളിൽ നേരത്തെ നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

