Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightചരിത്രമുറങ്ങും സൽമാനുൽ...

ചരിത്രമുറങ്ങും സൽമാനുൽ ഫാരിസിയുടെ ഈത്തപ്പനത്തോട്ടം

text_fields
bookmark_border
ചരിത്രമുറങ്ങും സൽമാനുൽ ഫാരിസിയുടെ ഈത്തപ്പനത്തോട്ടം
cancel
camera_alt

മദീനയിൽ സൽമാനുൽ ഫാരിസിയുടെ പേരിൽ അറിയപ്പെടുന്ന ഈത്തപ്പനത്തോട്ടം

Listen to this Article

അറബ് നാട്ടിൽ കാണുന്ന പല ഈത്തപ്പനത്തോട്ടങ്ങൾക്കും ചരിത്രങ്ങൾ പറയാനുണ്ടാവും. മുഹമ്മദ് നബിയുടെ നഗരിയായി അറിയപ്പെടുന്ന മദീനയിൽ ചരിത്രത്തിൽ ഇടംപിടിച്ച അത്തരമൊരു തോട്ടമുണ്ട്. മസ്ജിദുന്നബവിയുടെ പടിഞ്ഞാറുവശത്ത് അധികം അകലെയല്ലാതെ 'സൽമാനുൽ ഫാരിസിയുടെ ഈത്തപ്പനത്തോട്ടം' എന്ന പേരിൽ അറിയപ്പെടുന്നതാണ്​ അത്​. മദീനയിലേക്കും പുറത്തേക്കുമുള്ള ചന്തകളിലേക്ക്​ഈത്തപ്പഴങ്ങൾ ഇന്നും ധാരാളമായി ഈ തോട്ടത്തിൽ നിന്ന് എത്തുന്നു. പ്രവാചകനഗരം ഈത്തപ്പഴകൃഷിക്കും ശ്രേഷ്ടതയാർന്ന വില കൂടിയ അജ്‌വ ഈത്തപ്പഴത്തിനും പേര് കേട്ട നാടു കൂടിയാണ്.

മുഹമ്മദ് നബിയുടെ വലംകൈയായ അനുചരൻ പേർഷ്യക്കാരനായ സൽമാനുൽ ഫാരിസിയെ സമ്പന്നനായ ജൂത​ന്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ പ്രവാചകൻ മേൽനോട്ടം വഹിച്ച് നിർമിച്ച തോട്ടമാണിത്. വലിയ തലയെടുപ്പുള്ള ഈത്തപ്പനകൾ നിറഞ്ഞ ഈ തോട്ടത്തിന്​ നല്ല ജലസമൃദ്ധിയും നൂറുമേനി വിളവുമുണ്ട്​. പഴമ നിലനിർത്തി സംരക്ഷിച്ചുവരുന്ന ഈ ചരിത്രത്തോട്ടം മദീനയിലെത്തുന്നവരെല്ലാം സന്ദർശിക്കുക പതിവാണ്​.

ഒരു പ്രവാചകൻ വരാനുണ്ട് എന്ന് കൃസ്ത്യൻ പാതിരിമാരിൽ നിന്ന് കേട്ടറിഞ്ഞ സൽമാനുൽ ഫാരിസി അതി​ന്റെ അടയാളങ്ങൾ തേടിയാണ് ത​ന്റെ യജമാനൻ അറിയാതെ ഈത്തപ്പനകളുടെ നാട്ടിലെത്തിയത്. ഒരുപാട് ദുരിതങ്ങൾ താണ്ടിയാണ് ജൂത​ന്റെ തോട്ടത്തിലെ അടിമയായിരുന്ന സൽമാനുൽ ഫാരിസി ഇന്ന് മദീന എന്നറിയപ്പെടുന്ന അന്നത്തെ യസ്‌രിബിലെത്തിയത്. പ്രവാചക​ന്റെ ആഗമനത്തിനായി മറ്റുള്ള പലരെയും പോലെ അദ്ദേഹവും കാത്തിരുന്നു.

പ്രവാചകൻ മദീനയിലെത്തിയപ്പോൾ സൽമാനുൽ ഫാരിസി അദ്ദേഹത്തിൽ വിശ്വസിച്ച ഉത്തമ അനുചരനായി മാറി. അടിമയായ സൽമാനെ മോചിപ്പിക്കാൻ 300 ഈന്തപ്പനതൈകളുള്ള തോട്ടം വേണമെന്ന്​ ജൂത യജമാനൻ ആവശ്യപ്പെട്ടു. പ്രവാചക​ന്റെ നേതൃത്വത്തിൽ സ്ഥലമൊരുക്കി മുന്നൂറോളം ഈത്തപ്പന തൈകൾ നട്ടു പിടിപ്പിച്ചു.

പ്രവാചകൻ ത​ന്നെ നേരിട്ട്​ ഇവിടെ തൈകൾ നടുകയായിരുന്നു. പിൽക്കാലത്ത് മദീനയുടെ ഭരണം ഇസ്‌ലാമിനായതോടെ ഈ തോട്ടം വിശ്വാസികൾക്ക് സ്വന്തമായി. തോട്ടത്തി​ന്റെ ഉടമസ്ഥത ഇന്ന് മദീനയിലെ ഔഖാഫ്​ മന്ത്രാലയത്തിനാണ്​. സൽമാൻ ഫാരിസിയുടെ വിമോചനത്തിന് വഴി തെളിയിച്ച ഈ തോട്ടം 14 നൂറ്റാണ്ടുകൾക്കിപ്പുറം ഇന്നും ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെട്ടുകിടക്കുന്നു.

പ്രവാചകന്റെ പ്രഗത്ഭനായ ശിഷ്യൻ കൂടിയായിരുന്നു സൽമാനുൽ ഫാരിസി. മദീനക്ക് ചുറ്റും കിടങ്ങ് കുഴിച്ചുകൊണ്ട് മക്ക നിവാസികളുടെ ആക്രമണത്തെ പ്രതിരോധിക്കാമെന്ന അദ്ദേഹത്തി​ന്റെ നിർദേശമാണ് 'ഖന്ദഖ്' യുദ്ധത്തിലെ വിശ്വാസികളുടെ വിജയത്തിന് നിമിത്തമായ പല കരണങ്ങളിൽ ഒന്ന്.

മുഹമ്മദ് നബിയുടെ കൂടെ സമര യോദ്ധാവും ത്യാഗിയുമായി അദ്ദേഹം ജീവിച്ചു. ഭൗതിക വിജ്ഞാനവും അനുഭവ പാഠവവും ഒത്തിണങ്ങിയ സൽമാൻ ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ അഗാധ പാണ്ഡിത്യം നേടി. ഖലീഫമാരുടെ കാലമായപ്പോൾ മുസ്‍ലിംകൾക്ക് സമൃദ്ധിയുണ്ടായെങ്കിലും സൽമാൻ ലളിത ജീവിതം നയിച്ചു. സമ്പദ് സമൃദ്ധിയുടെയും ഐശ്വര്യത്തി​ന്റെയും പ്രതാപകാലത്ത് വയോധികനായ സൽമാനുൽ ഫാരിസി കുനിഞ്ഞിരുന്ന് ഈത്തപ്പന നാരുപിരിച്ച് കുട്ടയുണ്ടാക്കി ഉപജീവനം കഴിച്ചതായി ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പൊതുഖജനാവിൽ നിന്ന് അദ്ദേഹത്തിന് അക്കാലത്ത് കിട്ടിയിരുന്ന സഹായത്തിൽ നിന്ന് സ്വന്തം ആവശ്യത്തിന് ഒരു വെള്ളിത്തുട്ട് പോലും എടുക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നില്ല. അവ മുഴുവനും നിർധനരായ ആളുകൾക്ക് ദാനം ചെയ്യുകയായിരുന്നു. മദാഇനിൽ പിൽക്കാലത്ത് ഗവർണറായി നിയമിതനായപ്പോഴും ഈ ലളിതജീവിതം അദ്ദേഹം കൈവിട്ടില്ല. ഖലീഫ ഉസ്മാ​ന്റെ കാലത്ത് ഹിജ്റ വർഷം 35 ലാണ് (ക്രി. 655) സൽമാനുൽ ഫാരിസി മരിച്ചത്. ജോർദനിലാണ് അദ്ദേഹത്തെ ഖബറടക്കിയത്. മദീനയിലെ സൽമാനുൽ ഫാരിസിയുടെ ഈ ചരിത്രത്തോട്ടം സന്ദർശിക്കുന്ന വിശ്വാസികൾക്ക് അദ്ദേഹത്തി​ന്റെ ത്യാഗോജ്വലമായ ജീവിത കഥകൾ മനസിലേക്ക് ഓടിയെത്തും.

Show Full Article
TAGS:Salmanul Farisi's palm plantation 
News Summary - Salmanul Farisi's palm plantation
Next Story