ഒരു ലക്ഷം ഇന്ത്യൻ ഹാജിമാർ ഹറമിൽ ജുമുഅയിൽ പങ്കെടുത്തു
text_fieldsമക്കയിൽ ഫ്രൈഡേ ഓപറേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി നേരിട്ടെത്തിയപ്പോൾ, സന്നദ്ധപ്രവർത്തകർ സമീപം
മക്ക: ദുൽഹജ്ജ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. വിശ്വാസികൾക്ക് ഏറെ പുണ്യമുള്ള നാളുകളാണ് ദുൽഹജ്ജിലെ ആദ്യദിനങ്ങൾ. മസ്ജിദുൽ ഹറാമിലെ ജുമുഅയിൽ 14 ലക്ഷം ഹാജിമാരാണ് പങ്കെടുത്തത്. ഇന്ത്യയിൽനിന്നുള്ള 115,000 ഹാജിമാർ പ്രാർഥനക്ക് എത്തി. ജുമഅയിലും നമസ്കാരങ്ങളിലും പങ്കെടുക്കാൻ തിരക്ക് പരിഗണിച്ച് പുലർച്ചെ മുതൽ ഹാജിമാർ ഹറം ലക്ഷ്യമാക്കി നീങ്ങിയിരുന്നു.
ഒമ്പതോടെ മുഴുവൻ ഇന്ത്യൻ ഹാജിമാരും ഹറമിലെത്തി. താമസകേന്ദ്രങ്ങളിൽ നിന്ന് ഹാജിമാരെ ബസുകളിലാണ് ഹറമിലെത്തിച്ചത്. ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ ഫ്രൈഡേ ഓപറേഷൻ എന്ന പേരിൽ പ്രത്യേക നടപടികൾ നേരത്തെ നടത്തിയിരുന്നു. ഇതിനായി മുഴുവൻ ഉദ്യോഗസ്ഥരെയും പ്രത്യേക ചുമതലകൾ നൽകി വ്യത്യസ്ത ഭാഗങ്ങളിൽ വിന്യസിച്ചു. മെഡിക്കൽ ടീം ആംബുലൻസുകളുമായി ഹാജിമാരുടെ യാത്രാവഴിയിൽ നിലയുറപ്പിച്ചു.ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി നേരിട്ടെത്തി ഫ്രൈഡേ ഓപറേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിവിധ സന്നദ്ധ സംഘടനകളും ഹാജിമാരുടെ സേവനത്തിന് എത്തി. വെള്ളവും ജ്യൂസും ഭക്ഷണവും വിതരണം നടത്തി.
ഇന്ത്യയിൽനിന്നുള്ള അവസാന സംഘം ഹാജിമാർ ശനിയാഴ്ചയാണ് എത്തുന്നത്. ശ്രീനഗറിൽനിന്നുള്ള ഹാജിമാരാണ് അവസാനം എത്തുക. കേരളത്തിൽനിന്നുള്ള മുഴുവൻ ഹാജിമാരും വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ജിദ്ദയിലെത്തി. കൊച്ചിയിൽനിന്ന് വെള്ളിയാഴ്ച രാത്രി 8.20-നാണ് അവസാന വിമാനം 289 തീർഥാടകരുമായി പുറപ്പെട്ടത്. ഇവർ മക്കയിൽ സൗദി സമയം പുലർച്ചെ മൂന്നോടെ എത്തി.
ഇന്ത്യൻ ഹാജിമാരുടെ താമസകേന്ദ്രങ്ങളിൽ നിന്ന് ഹജ്ജ് മിഷൻ ഒരുക്കിയ സൗജന്യ ബസ് തിരക്ക് പരിഗണിച്ച് സർവിസ് ശനിയാഴ്ച അവസാനിപ്പിക്കും. ഇനി ഹജ്ജിനുശേഷം ദുൽഹജ്ജ് 15(ജൂൺ 11)-നാണ് പുനരാരംഭിക്കുക. അതുവരെ ഹാജിമാർക്ക് ഹറമിൽ സ്വന്തമായി പോകേണ്ടിവരും. ചൊവ്വാഴ്ച രാത്രിയാണ് ഹാജിമാർ മിനായിലേക്ക് നീങ്ങുക. ബുധനാഴ്ചയാണ് ഹജ്ജിന് തുടക്കമാവുക. മിനായിലേക്ക് പുറപ്പെടുന്നതിന് മുന്നേ ഹാജിമാർക്ക് വേണ്ട നിർദേശങ്ങൾ സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർമാർ നൽകിവരുന്നുണ്ട്. നാലു ടീമുകളായി ബിൽഡിങ്ങുകൾ കേന്ദ്രീകരിച്ചാണ് ക്ലാസുകൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

