ഒമാനിൽനിന്നുള്ള മലയാളി ഹജ്ജ് സംഘം പുണ്യഭൂമിയിൽ
text_fieldsഹജ്ജിനായി പുറപ്പെടുന്ന കുടുംബാംഗങ്ങളെ ആശ്ലേഷിക്കുന്ന ബന്ധുക്കൾ
മസ്കത്ത്: ഒമാനിൽനിന്നുള്ള ഏക മലയാളി ഹജ്ജ് സംഘം വിശുദ്ധ കർമത്തിനായി പുണ്യഭൂമിയിലെത്തി. ബുധനാഴ്ച രാവിലെ പത്തിന് റൂവി ഖാബൂസ് മസ്ജിദ് പരിസരത്ത്നിന്ന് യാത്ര തിരിച്ച സംഘം രാത്രിയേടെയാണ് മദീനയിലെത്തിയത്. ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മസ്കത്ത് സുന്നിസെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിച്ചത്.
ഈ വർഷം 52 പേരാണ് സംഘത്തിലുള്ളത്. പ്രത്യേക പ്രാർഥനകൾ പൂർത്തിയാക്കിയാണ് റൂവിയിൽനിന്നും സംഘം യാത്ര തിരിച്ചത്. മൂന്നു ദിവസം സംഘം മദീനയിൽ ചെലവഴിക്കും. ഇവിടെനിന്ന് ഇഹ്റാം കെട്ടിയതിനുശേഷമാണ് സംഘം മക്കയിലേക്ക് തിരിക്കുകയെന്ന് മസ്കത്ത് സുന്നി സെന്റർ പ്രതിനിധി എൻ. മുഹമ്മദലി ഫൈസി പറഞ്ഞു. 40 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മസ്കത്ത് സുന്നി സെന്റർ ഇത്രയും കാലയളവിലായി മികച്ച ഹജ്ജ്, ഉംറ സേവനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഹാജിമാർക്ക് ബന്ധുക്കളും സുഹൃത്തുക്കളും ആനന്ദാശ്രുക്കളോടെ യാത്രാമംഗളങ്ങൾ നേർന്നു. മസ്കത്ത് സുന്നിസെന്റർ ഭാരവാഹികളും ഹാജിമാരുടെ ബന്ധുക്കളും മറ്റും യാത്രയപ്പ് ചടങ്ങിൽ സംബന്ധിച്ചു. ഹജ്ജിനു പോകുന്നവർക്കും യാത്രയയപ്പിനു വന്നവർക്കുമായി ചായയും മധുരപലഹാരങ്ങളും പഴവർഗങ്ങളും മറ്റു സഹായവും നൽകി എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ സജീവമായി ഉണ്ടായിരുന്നു.
ഷാജുദ്ദീൻ ബഷീർ, ഗഫൂർ ഹാജി, സലിം കോർണീഷ്, ഉമർ വാഫി, ഹാഷിം ഫൈസി, സുലൈമാൻകുട്ടി, ശുഹൈബ് പാപ്പിനിശ്ശേരി, ഖാദർ മമ്മു, ഖമർ സമാൻ തുടങ്ങിയവർ സംബന്ധിച്ചു. ഏതാണ്ട് പത്തു വർഷത്തിന് ശേഷമാണ് ഇത്രയും മലയാളികളുമായി യാത്രാ സംഘം ഹജ്ജിന് പുറപ്പെടുന്നത്. കഴിഞ്ഞ വർഷം മസ്കത്ത് സുന്നി സെന്റർ ഹജ്ജ് യാത്ര സംഘടിപ്പിച്ചുരുന്നെങ്കിലും അതിൽ മലയാളികളുടെ എണ്ണം താരതമ്യേന കുറവായിരുന്നു.
എന്നാൽ, ഈ വർഷം മലയാളികൾ മാത്രമാണ് സംഘത്തിലുള്ളത്. സംഘം മുന്നു ദിവസം മദീനയിലും 12 ദിവസം മക്കയിലും തങ്ങും. ഹജ്ജ് യാത്ര സംഘടിപ്പിക്കാനായി നല്ല ഒരുക്കങ്ങളാണ് സുന്നി സെന്റർ നടത്തിയത്. ഒമാൻ മതകാര്യ മന്ത്രാലയം ഹജ്ജ് യാത്രക്കുള്ള നടപടികൾ ആരംഭിച്ചത് മുതൽ ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ അടക്കമുള്ള എല്ലാ സഹായങ്ങളും നൽകിയിരുന്നു.
ഒമാനിൽനിന്നുള്ള മലയാളി ഹജ്ജ് സംഘം മസ്കത്ത് സുന്നിസെന്റർ പ്രതിനിധികൾക്കൊപ്പം
ഹജ്ജിനായി യാത്രക്കാരെ ഒരുക്കാനായി അഞ്ചു ദിവസത്തെ പഠന ക്ലാസും ഒരു ദിവസത്തെ ഹജ്ജ് ക്യാമ്പും സംഘടിപ്പിച്ചിരുന്നു. മുഹമ്മദലി ഫൈസിയാണ് ക്ലാസുകളും ക്യാമ്പും നിയന്ത്രിച്ചത്. ഈ വർഷം 14000 ഒമാന്റെ ഹജ്ജ് ക്വോട്ട. ഇതിൽ 13,530 സ്വദേശികൾക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള 470 ക്വോട്ടയാണ് വിദേശികൾക്കുള്ളത്.
ഇതിൽ 235 അറബ് രാജ്യങ്ങൾക്കുള്ളവർക്കും ബാക്കി 235 എല്ലാ രാജ്യക്കാരുമായ വിദേശികൾക്കും ആണ് ഉള്ളത്. ഇതിൽപെട്ട 52 മലയാളികൾ ആണ് വിശുദ്ധകർമത്തിനായി പുണ്യഭൂമിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

