മക്ക റോയൽ കമീഷൻ ഹജ്ജ് ഒരുക്കം പൂർത്തിയാക്കി
text_fieldsമക്ക: മക്ക-മശാഇർ റോയൽ കമീഷൻ ഹജ്ജ് സീസണിനായുള്ള ഒരുക്കം പൂർത്തിയാക്കി. ഹറമും ഇതര പുണ്യസ്ഥലങ്ങളും ഇവക്കിയിലെ മധ്യമേഖലയും കേന്ദ്രീകരിച്ചുള്ള വിവിധ സംരംഭങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത സംവിധാനങ്ങൾ, ഫീൽഡ് സേവനങ്ങൾ, ആരോഗ്യ സംരക്ഷണം എന്നിവയുടെ തയാറെടപ്പുകളാണ് പൂർത്തീകരിച്ചത്. മധ്യമേഖലയിൽ നടപ്പാതകൾ വീതികൂട്ടിയും തണൽ പാതകൾ വികസിപ്പിച്ചും കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.
തിരക്ക് കുറക്കാൻ കൂടുതൽ നമസ്കാര സ്ഥലങ്ങൾ ഒരുക്കി. റോയൽ കമീഷനുകീഴിലെ ഹജ്ജ് സീസണിലെ ഗതാഗത പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന പൊതുഗതാഗത കേന്ദ്രവുമായി സഹകരിച്ച് ഗതാഗത രംഗത്തും വിവിധ സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
ദുൽഖഅദ് 15 മുതൽ ദുൽഹജ്ജ് 30 വരെയുള്ള കാലയളവിൽ 400 ബസുകൾ സർവിസ് നടത്തുന്ന ‘മക്ക ബസ്’ പദ്ധതിക്കും തുടക്കമായിട്ടുണ്ട്. 12 റൂട്ടുകളിലായി 431 സ്റ്റോപ്പുകളും നാലു സെൻട്രൽ സ്റ്റേഷനുകളുമാണുള്ളത്. ‘മക്ക ടാക്സി’ സർവിസിനായി കൂടുതൽ സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്.
സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെയും ഹജ്ജ് റൂട്ടുകളിൽ സുഖസൗകര്യങ്ങളുടെയും സുരക്ഷയുടെയും നിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായി മുസ്ദലിഫയിൽ 1,70,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ റബ്ബർ തറകളുള്ള പ്രത്യേക കാൽനട പാത സജീകരിച്ചിട്ടുണ്ട്. ചൂട് കുറക്കുന്നതിന് 10,000 മരങ്ങൾ വെച്ചുപിടിപ്പിച്ചു. ആരോഗ്യ സേവനത്തിന് 71 അടിയന്തര കേന്ദ്രങ്ങൾക്ക് പുറമേ മിനായിൽ 200 കിടക്കകളുള്ള ഒരു ആശുപത്രിയും ഉൾപ്പെടുന്നു.
24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കുന്നതിനായി 400 ആധുനിക വാട്ടർ കൂളറുകൾ വികസിപ്പിച്ചിട്ടുണ്ട്. താമസസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് നിലകളുള്ള ടെന്റ് യൂനിറ്റുകൾ നടപ്പാക്കുകയും നിരവധി ബഹുനില ശുചിമുറികൾ സ്ഥാപിക്കുകയും ചെയ്തു.
രണ്ടാം വർഷവും മൂന്ന് പാതകളിലൂടെ ഇലക്ട്രിക് സ്കൂട്ടർ സേവനം നൽകുന്നത് തുടരാനാവശ്യമായ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

