ഇന്ത്യൻ ഹാജിമാരും മിനായിൽ എത്തി
text_fieldsകേരളത്തിൽനിന്നെത്തിയ ഹജ്ജ് വളൻറിയർമാർ
മക്ക: ഹജ്ജിനൊരുങ്ങി ഇന്ത്യയിൽനിന്നുള്ള ഒന്നേ മുക്കാൽ ലക്ഷം ഹാജിമാർ. ഞായറാഴ്ച വൈകുന്നേരത്തോടെതന്നെ ഹാജിമാർ മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഹാജിമാരുടെ വരവ് അവസാനിക്കും. മലയാളി ഹാജിമാരും തിങ്കളാഴ്ച പുലർച്ചയോടെ മിനായിൽ എത്തി. ഹജ്ജിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിലാണ് പൂർത്തീകരിക്കുന്നത്. ബലി കൂപ്പൺ വിതരണവും മെട്രോ ട്രെയിൻ ടിക്കറ്റ് അറഫ, മിനാ തമ്പുകളിലേക്കുള്ള പ്രവേശന കൂപ്പൺ എല്ലാം ഹാജിമാർക്ക് നേരത്തേ ലഭിച്ചിട്ടുണ്ട്.
ബസുകളിലാണ് താമസസ്ഥലത്തുനിന്നു ഹാജിമാർ മിനായിൽ എത്തുന്നത്. ഹാജിമാരെ മിനാ തമ്പുകളിൽ എത്തിക്കുന്നതടക്കം മുഴുവൻ നിയന്ത്രിക്കുന്നത് ഹജ്ജ് സർവിസ് കമ്പനിയാണ്. ഹാജിമാർക്ക് ഹജ്ജ് കഴിഞ്ഞു മടങ്ങുന്നതുവരെ മൂന്നു നേരത്തെ ഭക്ഷണവും ഹജ്ജ് സർവിസ് കമ്പനി നൽകുന്നുണ്ട്. ഹാജിമാരെ അനുഗമിക്കാൻ 550ലധികം ഖാദിമുൽ ഹുജ്ജാജുമാരും (ഹജ്ജ് വളൻറിയർമാർ) ഇന്ത്യയിൽനിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുമുള്ള ഉദ്യോഗസ്ഥരുമുണ്ടാവും.
മിനായിൽ ഇന്ത്യൻ ഹാജിമാർക്കുള്ള തമ്പുകൾ കിങ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശവും ജൗഹറ റോഡിനും കിങ് ഫഹദ് റോഡിനും ഇടയിലുമാണ് ഒരുക്കിയിട്ടുള്ളത്. മിനായിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫിസും അതിനോടനുബന്ധിച്ചു മെഡിക്കൽ സെൻററും ഒരുക്കിയിട്ടുണ്ട്. ഹാജിമാരുടെ സേവനത്തിനായി 17 ആംബുലൻസുകളും ഉണ്ടാവും. കേരളത്തിൽനിന്ന് ഇത്തവണ 11,252 ഹാജിമാരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ എത്തിയിട്ടുള്ളത്. ഇതിൽ 4232 പുരുഷന്മാരും 6899 സ്ത്രീകളുമാണുള്ളത്. ഇതിൽ 2733 പേർ മഹ്റമില്ലാത്ത വിഭാഗത്തിൽ ഉള്ളവരാണ്.
ഇവരെ നയിക്കാനായി ഒമ്പതു വനിതാ വളൻറിയർമാർ ഉൾപ്പെടെ 28 ഖാദിമുൽ ഹുജ്ജാജുമാരാണുള്ളത്. ഇവരെ നിയന്ത്രിക്കുന്നത് ജാഫർ മാലിക് ഐ.എ.എസ് ആണ്. ഇതുകൂടാതെ 5000ത്തോളം വിവിധ സന്നദ്ധ സംഘടന വളന്റിയർമാരും ഹജ്ജ് പ്രദേശങ്ങളിൽ സേവനത്തിനെത്തും. ഏഴായിരത്തോളം മലയാളി ഹാജിമാർ സ്വകാര്യ ഗ്രൂപ്പുകളിലും ഹജ്ജിൽ പങ്കെടുക്കുന്നുണ്ട്. ഇവർക്കുള്ള യാത്രകൾ ബസുകളിലാണ് ക്രമീകരിച്ചിട്ടുള്ളത്. മദീന സന്ദർശനത്തിലായിരുന്ന സ്വകാര്യ ഗ്രൂപ്പുകളിലുള്ള ഹാജിമാർ വെള്ളിയാഴ്ചയോടെ മക്കയിൽ എത്തിയിരുന്നു.
മഹ്റമില്ലാത്ത വിഭാഗത്തിലുള്ള വനിതാ തീർഥാടകർക്ക് യാത്രക്കുള്ള ബസും താമസിക്കുന്ന തമ്പുകളും ഉൾപ്പെടെ സൗകര്യങ്ങൾ എല്ലാം പ്രത്യേകമായാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക സുരക്ഷാജീവനക്കാരും ഇവർക്കുണ്ട്. കേരളത്തിൽനിന്നുള്ള അഞ്ചു മലയാളി തീർഥാടകർ മക്കയിൽ വിവിധ കാരണങ്ങളാൽ മരിച്ചിരുന്നു. ഇതിൽ ചിലരുടെ ബന്ധുക്കൾ പകരമായി ഹജ്ജിനെത്തിയിട്ടുണ്ട്.

