ജുമുഅയിലും പ്രാർഥനയിലും പങ്കെടുത്ത് ഇന്ത്യൻ ഹാജിമാർ
text_fieldsവെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ മക്ക മസ്ജിദുൽ ഹറാമിൽ ഇന്ത്യൻ ഹാജിമാർ എത്തിയപ്പോൾ
മക്ക: വെള്ളിയാഴ്ച ജുമുഅയിലും പ്രാർഥനയിലും ഇരുഹറമിലും പങ്കെടുത്ത് ഇന്ത്യൻ ഹാജിമാർ. ഒരു ലക്ഷത്തോളം ഇന്ത്യൻ തീർഥാടകരാണ് മക്കയിലും മദീനയിലുമായുള്ളത്. 35,000 തീർഥാടകർ മദീനയിലെ മസ്ജിദുൽ നബവിയിലും 70,000 ഹാജിമാർ മക്കയിലെ മസ്ജിദുൽ ഹറാമിലുമാണ് പ്രാർഥന നിർവഹിച്ചത്. ഒരേസമയം മുഴുവൻ ഹാജിമാരും ഹറമുകളിൽ എത്തുന്നതിനാൽ അതിന് അനുസൃതമായ സുരക്ഷാ സംവിധാനങ്ങളാണ് ഇരുഹറമിലും ഒരുക്കാറുള്ളത്. ഇന്ത്യൻ ഹാജിമാർ മക്കയിൽ എത്തിയത് മുതൽ വെള്ളിയാഴ്ചകളിൽ ഇന്ത്യൻ ഹജ്ജ് മിഷനും ഇത്തരം പ്രത്യേക ഒരുക്കം നടത്താറുണ്ട്.
ഹജ്ജ് മിഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും നാട്ടിൽനിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥർക്കും പ്രത്യേക ഡ്യൂട്ടി നൽകിയാണ് ‘ഫ്രൈഡേ ഓപറേഷൻ’ ക്രമീകരണങ്ങൾ നടത്തുന്നത്. മക്കയിലെ വിവിധ സന്നദ്ധ സംഘടനകൾക്ക് പ്രത്യേകം സ്ഥലങ്ങൾ നിശ്ചയിച്ചു നൽകി ഹാജിമാർക്കുള്ള മുഴുവൻ സൗകര്യങ്ങളും ഒരുക്കും. താമസസ്ഥലങ്ങളിൽനിന്ന് പുലർച്ചെ മുതൽ ഹറമിലേക്കുള്ള പ്രത്യേക ബസുകളിലാണ് തീർഥാടകർ പുറപ്പെടുന്നത്. വെള്ളിയാഴ്ച 11 മണിയോടെ മുഴുവൻ ഹാജിമാരും ഹറമിൽ എത്തി ഹറമിലെ ജുമുഅ പ്രഭാഷണവും നമസ്കാരവും നിർവഹിച്ചു. മൂന്നോടെ താമസകേന്ദ്രങ്ങളിൽ തിരിച്ചെത്തി. ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പുരോഗമിക്കുകയാണ്. ജിദ്ദ വഴിയും മദീന വഴിയും ഹാജിമാർ യാത്രയാവുന്നുണ്ട്.
ഇതുവരെ 40,000 ലേറെ ഇന്ത്യൻ തീർഥാടകർ നാട്ടിലെത്തിയിട്ടുണ്ട്. മലയാളി ഹാജിമാരും നാട്ടിൽ തിരിച്ചെത്തി തുടങ്ങി. കോഴിക്കോട്ടേക്ക് രണ്ട് വിമാനങ്ങളും കണ്ണൂരേക്ക് ഒരു വിമാനത്തിലുമായി 442 തീർഥാടകർ ഇതുവരെ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. കൊച്ചിയിലേക്കുള്ള ആദ്യവിമാനം 18 ന് രാവിലെ 10 മണിക്ക് വിമാനമിറങ്ങും. മലയാളി ഹാജിമാർ മദീന സന്ദർശനം തുടരുകയാണ്. 3,500 ഹാജിമാർ ഇതിനകം മദീനയിൽ എത്തിയിട്ടുണ്ട്. മദീനയിൽ എട്ട് ദിനം താമസിച്ച ശേഷമാണ് ഹാജിമാർ നാട്ടിലേക്ക് പുറപ്പെടുക. എട്ട് മണിക്കൂർ മുമ്പ് ഹാജിമാരെ മദീന വിമാനത്താവളത്തിൽ എത്തിച്ചാണ് ഹാജിമാർ യാത്രയാവുന്നത്. ആഗസ്റ്റ് രണ്ട് വരെയാണ് യാത്ര ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. നട്ടിലെ വിമാനത്താവളത്തിൽ എത്തുന്ന മുറക്ക് ഹാജിമാരുടെ സംസം വെള്ളം വിതരണം നടക്കുന്നുണ്ട്.