തീർഥാടകരുടെ സുരക്ഷക്ക് ശക്തമായ പദ്ധതികൾ –ഹജ്ജ് സുരക്ഷസേന മേധാവി
text_fieldsഹജ്ജ് സുരക്ഷാസേന കമാൻഡർ മേജർ ജനറൽ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുറൈഷ്
മക്ക: തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ സുരക്ഷാ, ഗതാഗത പദ്ധതികൾ ആവിഷ്കരിച്ചതായി ഹജ്ജ് സുരക്ഷാസേന കമാൻഡർ മേജർ ജനറൽ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുറൈഷ് പറഞ്ഞു. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും പുണ്യസ്ഥലങ്ങളിലേക്കുള്ള റോഡുകളിലും സുരക്ഷാനിയന്ത്രണ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും.
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനത്തിന്റെയും ശാന്തതയുടെയും അന്തരീക്ഷത്തിൽ അവർക്ക് അവരുടെ കർമങ്ങൾ നിർവഹിക്കാൻ പ്രാപ്തമാക്കുന്നതിനും ഏറ്റവും പുതിയ നിർമിതബുദ്ധി സാങ്കേതികവിദ്യകളും യോഗ്യരായ സുരക്ഷാ ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തുന്നതായും ഹജ്ജ് സുരക്ഷാസേന മേധാവി പറഞ്ഞു.
ഈ വർഷത്തെ ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന സുരക്ഷാവകുപ്പും തീർഥാടകർക്ക് ഉയർന്ന തലത്തിലുള്ള സുരക്ഷയും ഉറപ്പാക്കുന്നതിന് ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും നടപ്പാക്കുന്നുണ്ട്. പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ സുഗമമായ ഒഴുക്കും അവരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
മക്ക നഗരത്തിലും അതിലേക്ക് നയിക്കുന്ന റോഡുകളിലും കർശനമായ സുരക്ഷാ, ഗതാഗത പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ഉയർന്ന തലത്തിലുള്ള സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവരെ തടയും.
പെർമിറ്റ് ഇല്ലാതെ ആരെയും ഹജ്ജ് ചെയ്യാൻ അനുവദിക്കില്ല. സുരക്ഷാ അധികാരികൾ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുകയും ഹജ്ജിനിടയിൽ നുഴഞ്ഞുകയറാനോ തടസ്സപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമത്തെയും നേരിടുകയും അവർക്കെതിരെ ശിക്ഷാനടപടികൾ നടപ്പാക്കുകയും ചെയ്യുമെന്നും ഹജ്ജ് സുരക്ഷ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

