വേനൽക്കാലത്തെ ഹജ്ജിന് താൽക്കാലിക വിട; ഇനി തീർഥാടനം വസന്തകാലത്ത്
text_fieldsയാംബു: ഹജ്ജ് സീസണുകൾ ഇനി കുറച്ചു കാലം വസന്തകാലത്തായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷകർ. ഈ വർഷത്തെ ഹജ്ജ് സീസൺ വേനൽക്കാലത്ത് നടക്കുന്ന അവസാനത്തേതാണെന്നാണ് നിഗമനം. ഇനി 25 വർഷത്തിന് ശേഷമായിരിക്കും വീണ്ടും വേനൽക്കാലത്ത് ഹജ്ജ് കടന്നെത്തുക. അടുത്ത വർഷം മുതൽ മിതമായ കാലാവസ്ഥയുള്ള മാസങ്ങളിലാവും ഹജ്ജ്.
അടുത്ത എട്ട് ഹജ്ജ് സീസണുകൾ വസന്തകാലത്തും തുടർന്നുള്ള എട്ടെണ്ണം ശൈത്യകാലത്തും പിന്നീട് ശരത്കാലത്തുമായിരിക്കും. ഏകദേശം 25 വർഷത്തിന് ശേഷമായിരിക്കും വേനൽക്കാലത്തേക്ക് ഹജ്ജ് മടങ്ങിവരികയെന്നും കാലാവസ്ഥ നിരീക്ഷകർ കണക്കുക്കൂട്ടുന്നു. ഹിജ്റ കലണ്ടർ ചക്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടലെന്നും സൗദി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
ഗ്രിഗോറിയൻ കലണ്ടറിനെ അപേക്ഷിച്ച് പ്രതിവർഷം 11 ദിവസത്തിന്റെ കുറവാണ് ഹിജ്റ കലണ്ടറിനുള്ളത്. അതനുസരിച്ച് മുന്നേ സഞ്ചരിക്കുന്നു. ഇത് ഋതുഭേദങ്ങളുടെ കലണ്ടർ ക്രമങ്ങളിൽ മാറ്റം വരുത്തുന്നു. 11 ദിവസം എന്ന ക്രമത്തിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഹജ്ജ് കാലത്തിന്റെ ഈ കാലാവസ്ഥ മാറ്റമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ വർഷം തീർഥാടകർ പുണ്യസ്ഥലങ്ങളിൽനിന്ന് പോകുമ്പോൾ വേനൽക്കാലവുമായുള്ള ഹജ്ജ് സീസണിന് കുറച്ചു കാലം വിട പറഞ്ഞുകൊണ്ടാണ് മടങ്ങുന്നത്.
കാലാവസ്ഥ സീസണുകളുടെ ഒരു പുതിയ ചക്രത്തിന്റെ ആരംഭം കുറിക്കുന്ന ഒരു ഘട്ടമായിരിക്കും അടുത്ത ഹജ്ജ് സീസണെന്നും കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു. കടുത്ത വേനൽക്കാലത്തെ അപേക്ഷിച്ച് വസന്തകാല, ശൈത്യകാല സീസണുകളിൽ ഹജ്ജ് അനുഷ്ടാനങ്ങൾ കൂടുതൽ എളുപ്പമാകും. നേരിയ തോതിൽ താപനില അനുഭവപ്പെടുന്ന കാലാവസ്ഥയാകുമ്പോൾ വരും വർഷങ്ങളിൽ ഹജ്ജ് കർമങ്ങൾ സുഗമമായി അനുഷ്ഠിക്കാനുള്ള സാഹചര്യം സംജാതമാകുന്നു. തീർഥാടകരെ സംബന്ധിച്ചിടത്തോളം ഈ കാലാവസ്ഥ മാറ്റം കൂടുതൽ സന്തോഷം നൽകുന്നത് തന്നെയായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.