ഹജ്ജ് കാര്യ ഓഫിസുകൾ നിർദേശങ്ങൾ പാലിക്കണം –മന്ത്രി
text_fieldsഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ
മക്ക: പുണ്യസ്ഥലങ്ങൾക്കുള്ളിലെ പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കുന്നതിനുള്ള നിർദേശങ്ങൾ ഔദ്യോഗിക ഹജ്ജ് കാര്യ ഓഫിസുകൾ പാലിക്കേണ്ടതുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ജിദ്ദയിൽ നടന്ന 49-ാമത് ഗ്രാൻഡ് ഹജ്ജ് സിമ്പോസിയത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും വിശിഷ്ട വ്യക്തികളും ഉൾപ്പെടെയുള്ള ഔദ്യോഗിക ഹജ്ജ് ദൗത്യ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അറഫ ദിനത്തിലെ ഉയർന്ന താപനില കാരണം തീർഥാടകർ രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ അവരുടെ തമ്പുകളിൽ തന്നെ തുടരണമെന്ന് അൽറബീഅ പറഞ്ഞു.
ആരോഗ്യം സംരക്ഷിക്കുന്നതിനും ചൂടിന്റെ സമ്മർദം തടയുന്നതിനും ഇത് ആവശ്യമാണ്. ക്രമരഹിതമായി കൂട്ടമായി നടക്കുന്നത് ഗതാഗതത്തിനും തീർഥാടകരുടെ ജീവനും അപകടമുണ്ടാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രി ഊന്നിപ്പറഞ്ഞു.
അറഫയിൽനിന്ന് മുസ്ദലിഫയിലേക്ക് നടക്കരുത്. പകരം നിയുക്ത ഗതാഗത മാർഗങ്ങൾ പാലിക്കണം. ആൾക്കൂട്ട പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഗ്രൂപ്പിങ്ങും ഗതാഗത പദ്ധതികളും നേരിട്ട് സഹായിക്കുന്നുവെന്നും അവ പാലിക്കുന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്നും ഹജ്ജ് ഉംറ മന്ത്രി അഭിപ്രായപ്പെട്ടു. ‘നുസുക്’ കാർഡിന്റെ പ്രാധാന്യം ഹജ്ജ് മന്ത്രി എടുത്തുപറഞ്ഞു. അത് കൈവശം വെക്കാത്ത ആർക്കും മസ്ജിദുൽ ഹറാമിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കാനോ പൊതുഗതാഗതം ഉപയോഗിക്കാനോ അനുവദിക്കുകയില്ല. ഹജ്ജ് വ്യവസ്ഥാപിതമാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള പ്രധാന നിയന്ത്രണ ഉപകരണമായി നുസ്ക് കാർഡ് മാറിയിട്ടുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

