ഹജ്ജ്, മക്ക, മലൈബാരികൾ...
text_fieldsബ്രി ട്ടീ ഷുകാരുടെ മൃഗീയപീഡനങ്ങളില്നിന്ന് രക്ഷ നേടി മലബാറില്‍നിന്ന് പലായനം ചെയ്തവരുടെ പിന്മുറക്കാരായ മലൈബാരി കുടുംബങ്ങളാണ് മക്കയിലും ജിദ്ദയിലും പരിസരപ്രദേശങ്ങളിലുമുള്ളത്. ഇതോടൊപ്പം ഹജ്ജ് തീര്‍ഥാടനത്തിനും ദാരിദ്ര്യത്തില്‍നിന്ന് കരപറ്റാനും ഉന്നത മതപഠനത്തിനും മലയാളക്കരയില്‍നിന്ന് മക്കയിലെത്തിയവര്‍ പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.
ഇന്നത്തെ കേരളത്തിന്റെ ഭാഗമായ പഴയ മലബാറില്‍നിന്നും തിരുകൊച്ചിയില്നിന്നും തിരുവിതാംകൂറില്‍നിന്നും മക്കയിലേക്കും അറേബ്യയുടെ ഇതര ഭാഗങ്ങളിലേക്കും കുടിയേറിയ മലയാളികള്‍ അറിയപ്പെടുന്നത് മലൈബാരികള്‍ എന്നാണ്.
മക്കയിലും സൗദി അറേബ്യയുടെ ഇതര ഭാഗങ്ങളിലുമായി ഇപ്പോള്‍ രണ്ടായിരത്തിലേറെ മലൈബാരി കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ആധുനിക സൗദി അറേബ്യ നിലവില്‍ വരുന്നതിനും മുമ്പേ, പുണ്യഭൂമിയിലേക്ക് കുടിയേറ്റം നടത്തുകയും അവിടത്തെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത മലൈബാരികളിലെ പഴയ തലമുറ, തങ്ങളുടെ പിതാമഹന്മാരില്നിന്നും ഹജ്ജ് തീര്‍ഥാടകരില്‍നിന്നും വാമൊഴിയായി ലഭിച്ച തനതു മലയാള ഭാഷ അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടെ ഇപ്പോഴും നുണയുന്നതു കാണാം.
കാല്‍നടയായി സംസമിന്റെ നാട്ടിലേക്കൊരു ഹജ്ജ് യാത്ര
ആയിരക്കണക്കിന് മൈലുകള്‍ താണ്ടി വന്യമായ കാനനപാതകളും മരുക്കാടുകളും പിന്നിട്ട് ആത്മീയദാഹം തീര്‍ക്കാന്‍ സംസമിന്റെ നാട്ടിലെത്തിയ മലയാളികളിലൊരാളായിരുന്നു ആലപ്പുഴ ആറാട്ടുപുഴ കൊക്കാടന്‍ പറമ്പ് ഉമര്‍കുട്ടി മുസ്ലിയാർ. ആറര പതിറ്റാണ്ട് മുമ്പായിരുന്നു മുസ്ലിയാരുടെ കാല്‍നടയായുള്ള ഹജ്ജ് യാത്ര.
പില്ക്കാലത്ത് ഉമര്‍ അലി അബ്ദുല്‍ഖാദിര്‍ മലൈബാരി എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം, ‘ഹജ്ജ് കര്മപഠനം’ എന്ന പേരിലെഴുതിയ ഹജ്ജ് ഗൈഡ് പണ്ടുകാലത്തെ മലയാളി തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. പുണ്യനാട്ടില്‍ രചിക്കപ്പെട്ട ആദ്യത്തെ മലയാള ഹജ്ജ് കൃതിയായിരുന്നു അത്. ഹറമിന്റെ മുറ്റത്ത് കുറ്റിയും പന്തും കളിച്ചും മണ്ണപ്പം ചുട്ടും കുട്ടിക്കാലം കഴിച്ചുകൂട്ടിയ കഥകള്‍ അദ്ദേഹത്തിന്റെ മക്കള്‍ക്കും അയവിറക്കാനുണ്ട്.
മക്കയിലെ ‘ബര്‍ത്താന’ക്കാർ
മലബാര്‍ കലാപത്തെതുടര്‍ന്ന് ഏറനാട്ടില്‍നിന്നും വള്ളുവനാട്ടില്‍നിന്നും മക്കയിലേക്ക് പലായനം ചെയ്തവരടക്കമുള്ളവരില് അധികവും അക്ഷരജ്ഞാനമില്ലാത്തവരായിരുന്നുവെങ്കിലും അത്തരമൊരവസ്ഥ, തങ്ങളുടെ മക്കള്‍ക്കോ സമീപവാസികള്‍ക്കോ ഉണ്ടാവരുതെന്ന് അവര്‍ക്ക് നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. മക്കയിലും സമീപപ്രദേശങ്ങളിലും താമസമുറപ്പിച്ച മലൈബാരികളുടെ മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറ്റവും മികച്ച മത, ഭൗതിക വിദ്യാഭ്യാസം നല്കാന് അവര്‍ ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ, അവരുടെ പിന്മുറക്കാരിലധികപേരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മറ്റ് ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്നവരുമാണ്.
മലൈബാരികളുടെ പഴയ തലമുറ തങ്ങളുടെ പൂര്‍വികരില്‍നിന്നും കേരളത്തില്‍നിന്നെത്തുന്ന ഹാജിമാരില്‍നിന്നും കേട്ടുപഠിച്ച മലയാളം ഇപ്പോഴും സംസാരിക്കുന്നു. ജിദ്ദ ആസ്ഥാനമായ ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (ജി.ജി.ഐ) എന്ന മഴവില്‍ കൂട്ടായ്മ, ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് 2019ല്‍ സംഘടിപ്പിച്ച ‘മുസ്രിസ് ടു മക്ക’ സംഗമത്തില്‍ നൂറ്റാണ്ടുമുമ്പത്തെ മലയാളം സ്ലാംഗിലാണ് പല മലൈബാരി പ്രമുഖരും സംസാരിച്ചത്.
നൂറ്റാണ്ടുകള്‍ നീണ്ട സാംസ്കാരിക വിനിമയത്തിന്റെ ചരിത്രവും പാരമ്പര്യവും ഇഴചേര്‍ന്ന സംഗമം സൗദിയുടെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച സംഘടിപ്പിച്ച ‘വീരോചിത മലൈബാരി ബര്‍ത്താനം’ പരിപാടിയില്‍ പൂര്‍വികരില്‍നിന്ന് കേട്ടു പഠിച്ച മലയാളത്തില്‍ മലൈബാരികള്‍ സംസാരിച്ചപ്പോള്‍ പ്രൗഢസദസ്സിന് അത് മറ്റൊരു വിസ്മയമായി
1921ലെ മലബാര്‍ കലാപത്തെതുടര്‍ന്ന് ബ്രിട്ടീഷ് പീഡനം ഭയന്ന് നിരവധി മലപ്പുറത്തുകാര്‍ പത്തേമാരികളില്‍ സാഹസികയാത്ര നടത്തി മക്കയില്‍ കുടിയേറിയിരുന്നു. ഇവരില്‍ പലരും നിരക്ഷരരായിരുന്നു. ഇങ്ങനെ മക്കയില്‍ താമസമുറപ്പിച്ചവരെ ആദ്യമായി ഒരുമിച്ചുകൂട്ടുന്നത് 1927ല്‍ കോമുക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലായിരുന്നു. മക്കയില്‍ അന്ന് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നില്ല. മക്കക്കാര്‍ക്ക് വിദ്യാഭ്യാസം നല്കാന് സ്കൂള്‍ സ്ഥാപിക്കുകയെന്ന ആഗ്രഹം യോഗത്തില്‍വെച്ച് മുസ്ലിയാര് മുന്നോട്ടുവെച്ചു.
യോഗത്തിനെത്തിയ മറ്റു 18 പേരും അതിനോട് യോജിച്ചെങ്കിലും കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തില്‍ അതിന് വകയുണ്ടായിരുന്നില്ല. വീടുകളില്‍ സംഭാവനപ്പെട്ടി വെക്കാനും പിടിയരി ശേഖരിക്കാനും അങ്ങനെയാണ് തീരുമാനമെടുത്തത്. ഇങ്ങനെ ശേഖരിച്ച അരി വിറ്റാണ് ഇപ്പോള്‍ മസ്ജിദുല്‍ ഹറാം പള്ളി സ്ഥിതിചെയ്യുന്ന ശുബൈക്ക എന്നിടത്ത് മദ്റസത്തുല്‍ മലൈബാരിയ സ്ഥാപിതമായത്. ഹിജ്റ വര്‍ഷം കണക്കാക്കിയാല്‍ മദ്റസ സ്ഥാപിതമായതിന്റെ നൂറാം വര്‍ഷമാണിത്. മക്കയിലെ പ്രശസ്തമായ 12 പള്ളികളില്‍ ഈ മദ്റസയുടെ കീഴില്‍ ഇപ്പോള്‍ തഹ്ഫീദുല്‍ ഖുര്‍ആന്‍ കേന്ദ്രങ്ങള്‍ നടക്കുന്നുണ്ട്.
മക്കയില്‍ ഹാജിമാരുടെ താമസത്തിനായി 1848ല്‍ മായന്‍കുട്ടി എളയ കേയി ഹറമിനടുത്ത മിസ്ഫലയില്‍ സ്ഥലം വാങ്ങി പണിതതാണ് കേയി റുബാത്ത്. വിശുദ്ധ ഖുര്‍ആന്‍ മലയാളത്തിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയത് മായന്‍കുട്ടി എളയയാണ്. അറക്കല്‍ കുടുംബത്തില്‍നിന്ന് വിവാഹം കഴിച്ച ഈ ദമ്പതികള്‍ക്ക് മക്കളുണ്ടായിരുന്നില്ല. 1940കളില്‍ ഹറം വിപുലീകരണത്തിനായി പൊളിച്ച കേയി റുബാത്ത് വഖഫ് സ്വത്തായതിനാല്‍, ഇതിന്റെ നഷ്ടപരിഹാരം, മായന്‍കുട്ടി ഇളയയുടെ അനന്തരാവകാശികള്‍ക്ക് വിട്ടുകൊടുക്കാന്‍ സൗദി ഭരണകൂടം തയാറായിട്ടില്ല. അയ്യായിരത്തിലേറെ കോടി രൂപയാണ് നഷ്ടപരിഹാരമായി സൗദി ബാങ്കുകളിലുള്ളത്.
മലയാളി ഹാജിമാരില്‍ പണം പോക്കറ്റടിച്ചുപോവുകയോ നഷ്ടപ്പെടുകയോ ചെയ്തവരുടെ താമസവും ഭക്ഷണവുമടക്കമുള്ള കാര്യങ്ങള്‍ ലഭ്യമാക്കാനും രോഗികളെ പരിചരിക്കാനും ലക്ഷ്യമിട്ട് 1952ല്‍ മലൈബാരികള്‍ സ്ഥാപിച്ച ധര്മസംഘമാണ് നുസ്രത്തുല്‍ മസാകീന്‍. കഅ്ബാലയത്തിന് അല്പം അകലെയായി ഉണ്ടായിരുന്ന മല ‘ജബല്‍ ഹിന്ദി’ അഥവാ ഇന്ത്യന്‍ മല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

