ഹജ്ജ്; മസ്ജിദുന്നബവിയിൽ സേവനമനുഷ്ഠിച്ചത് 681 വളന്റിയർമാർ
text_fieldsഹജ്ജ് സീസണിൽ മസ്ജിദുന്നബവിയിൽ സേവനമനുഷ്ഠിച്ച
വളന്റിയർമാർ
റിയാദ്: ഇക്കൊല്ലത്തെ ഹജ്ജ് സീസണിൽ മദീനയിലെ മസ്ജിദുന്നബവിയിലെത്തിയ ലക്ഷക്കണക്കിന് തീർഥാടകർക്കും സന്ദർശകർക്കുമിടയിൽ സേവനമനുഷ്ഠിച്ചത് 681 സന്നദ്ധസേവകർ. ആകെ 20,000 സേവന മണിക്കൂറുകൾ ഇവർ സംഭാവന ചെയ്തതായി ഹറം കാര്യാലയ വളന്റിയർ വർക്ക് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം, മദീനയിലെത്തിയ തീർഥാടകർക്ക് വഴികാട്ടുകയും പ്രാർഥനക്ക് സൗകര്യമൊരുക്കുകയും ചെയ്യുന്നതിൽ ഇവർ മുൻപന്തിയിലുണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, ഭക്ഷണ വിതരണം, രോഗികളെ ആശുപത്രികളിലെത്തിക്കൽ, വയോജനങ്ങൾക്കുള്ള സഹായം, ആംബുലൻസ് സേവനങ്ങൾ തുടങ്ങിയവ നിർവഹിച്ച ഇവർ മദീനയിലെത്തിയത് ഏഴ് സർക്കാർ ഏജൻസികളിൽനിന്നാണ്.
തീർഥാടകർക്ക് നിയുക്ത താമസസ്ഥലങ്ങളിലേക്ക് അലച്ചിൽ കൂടാതെ എത്തിച്ചേരാനും വളന്റിയർ സേവനം സഹായകമായി.