മക്കയിൽ നാലാം റിങ് റോഡ്-അൽ സൈൽ റോഡ് ഇൻറർസെക്ഷൻ പ്രവർത്തനസജ്ജം
text_fieldsമക്ക: മക്ക നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി നാലാം റിങ് റോഡും കിങ് ഫൈസൽ റോഡും (അൽ സൈൽ) തമ്മിൽ ബന്ധിപ്പിക്കുന്ന ഇൻറർസെക്ഷൻ പദ്ധതി പൂർണമായും പ്രവർത്തനസജ്ജമായതായി മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് റോയൽ കമീഷൻ അറിയിച്ചു. നിശ്ചയിച്ച സമയ പരിധിക്കും മുമ്പേ പദ്ധതി പൂർത്തിയാക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. നാലാം റിങ് റോഡിൽ നിന്ന് കിങ് ഫൈസൽ റോഡിലേക്ക് ഇരുവശങ്ങളിലേക്കും (ഹറം - അൽ സൈൽ) നേരിട്ടുള്ള പാതകൾ തുറന്നു കൊടുത്തു. പ്രധാന റോഡുകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ മക്കയിലെ ഏറ്റവും പ്രധാനപ്പെട്ട കവലകളിലൊന്നിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ സാധിക്കും.
ഈ പദ്ധതി പ്രവർത്തനമാരംഭിച്ചതോടെ യാത്രാ സമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രോസ് റോഡുകളിലെ ഗതാഗതം ശാസ്ത്രീയമായി ക്രമീകരിച്ചതിലൂടെ വാഹനാപകടങ്ങൾ കുറക്കാനും സുരക്ഷ വർധിപ്പിക്കാനും സാധിക്കും. ഹജ്ജ്, ഉംറ സീസണുകളിൽ മക്കയിലെ സെൻട്രൽ ഏരിയയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും (മശാഇർ) എത്തുന്ന തീർഥാടകർക്ക് ഇത് വലിയ ആശ്വാസമാകും.
സൗദി വിഷൻ 2030ന്റെ ഭാഗമായി മക്കയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും തീർഥാടകരുടെയും താമസക്കാരുടെയും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് ഈ പദ്ധതി സമയത്തിന് മുമ്പേ യാഥാർഥ്യമായത്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് റോയൽ കമീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

