ഹജ്ജിന് ശേഷമുള്ള ആദ്യ ജുമുഅ; നിറഞ്ഞു കവിഞ്ഞ് ഹറം, ലക്ഷത്തിലേറെ തീർഥാടകർ ജുമുഅയിൽ പങ്കെടുത്തു
text_fieldsമക്ക മസ്ജിദുൽ ഹറാമിലെ ജുമുഅ നമസ്കാരം
മക്ക: ഈ വർഷത്തെ ഹജ്ജ് പൂർത്തിയായ ശേഷമുള്ള ആദ്യ ജുമുഅയിലും മക്ക മസ്ജിദുൽ ഹറാം നിറഞ്ഞുകവിഞ്ഞു. ജുമുഅ നമസ്കാരത്തിലും പ്രാർഥനയിലും പങ്കെടുക്കാൻ വിശ്വാസി ലക്ഷങ്ങളാണ് ഹറമിലെത്തിയത്. മസ്ജിദുൽ ഹറാമിലെ അകവും പുറവും നിറഞ്ഞ് റോഡുകളിലേക്ക് നമസ്കരിക്കാൻ അണിനിരന്നവരുടെ വരികൾ നീണ്ടു. ഹജ്ജിനു ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ.
വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ ഹജ്ജ് തീർഥാടകർ മക്ക മസ്ജിദുൽ ഹറാമിലേക്ക് എത്തുന്നു
നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയതോടെ വൻ ജനത്തിരക്കാണ് ഹറാമിൽ അനുഭവപ്പെടുന്നത്. വിദേശ, ആഭ്യന്തര ഉംറ തീർഥാടകൾ ഉൾപ്പടെ ജുമുഅയിൽ പങ്കെടുക്കാൻ ലക്ഷങ്ങളാണ് എത്തിയത്. ഇന്ത്യയിൽനിന്ന് ഈ വർഷം ഹജ്ജിനെത്തിയ തീർഥാടകരിൽ 110,000 പേർ ഹറമിലെ ജുമുഅയിൽ പങ്കെടുത്തു. ഇവരെ ഹറമിലെത്തിക്കാൻ എത്തിക്കാൻ പ്രത്യേക മുന്നൊരുക്കം ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയിരുന്നു.
പുലർച്ചെ അഞ്ചിന് മുമ്പേ തീർഥാടകരോട് ഹറമിലേക്ക് എത്താൻ ആവശ്യപ്പെട്ടു. രാവിലെ ആറോടെ ഹറമിലേക്കുള്ള ബസ് സർവിസ് പൂർണമായും നിർത്തിവച്ചു. 11 ഓടെ ഹറം പള്ളിയുടെ അകം നിറഞ്ഞു, പിന്നീട് വന്ന വിശ്വാസികൾ പുറത്തെ മുറ്റത്താണ് പ്രാർഥനക്കായി അണിനിരന്നത്.
നമസ്കാരസമയം ആകുമ്പോഴേക്കും തിരക്ക് ഹറമിലേക്കുള്ള റോഡുകളിലേക്ക് നീണ്ടു. തിരക്കും കാലാവസ്ഥയും പരിഗണിച്ച് ഖുതുബയും പ്രാർഥനയും പെട്ടെന്ന് തന്നെ അവസാനിപ്പിച്ചു.
വെള്ളിയാഴ്ച മക്കയിൽ 43 ഡിഗ്രി ചൂടായിരുന്നു. കടുത്ത ചൂടിനെ അവഗണിച്ചാണ് വിശ്വാസികൾ ഹറമിലേക്ക് എത്തിയത്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ നിർദേശങ്ങളും ഇന്ത്യൻ ഹജ്ജ് മിഷൻ നൽകിയിരുന്നു. പ്രാർഥന നിർവഹിച്ചു മടങ്ങുന്ന ഏതാനും തീർഥാടകർക്ക് സൂര്യാഘാതം ഏറ്റു. ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ ഒരുക്കിയ മെഡിക്കൽ സംവിധാനങ്ങൾ തീർഥാടകർക്ക് തുണയായി. നിരവധി ഹാജിമാരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
ഇന്ത്യയിൽനിന്നെത്തിയ ഹജ്ജ് ഉദ്യോഗസ്ഥർക്ക് ജുമുഅ ദിവസം പ്രത്യേക ഡ്യൂട്ടി നൽകി ഹറമിന്റെ പരിസരത്ത് സേവനത്തിന് ഇറക്കി. വഴിനീളെ മലയാളി സന്നദ്ധസംഘടനകളും ഹാജിമാരുടെ സഹായത്തിന് എത്തി.
വെള്ളവും ജ്യൂസും കുടയും ഭക്ഷണങ്ങളും ഹാജിമാർക്ക് ഇവർ വിതരണം നടത്തി. കടുത്ത ചൂടിൽ വലയുന്ന ഹാജിമാർക്ക് വളന്റിയർമാരുടെ സേവനം ആശ്വാസമായി.
വൈകുന്നേരത്തോടെയാണ് ഹാജിമാർ താമസസ്ഥലത്തേക്ക് തിരിച്ചെത്തിയത്. ഇന്ത്യൻ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര തുടരുകയാണ്.
വെള്ളിയാഴ്ച 11 വിമാനങ്ങളിലായി 3,000-ലേറെ തീർഥാടകർ നാട്ടിലേക്ക് തിരിച്ചു. ഹാജിമാരുടെ മദീന സന്ദർശനവും തുടരുന്നുണ്ട്. തിങ്കളാഴ്ചയാണ് മലയാളി ഹാജിമാർ മദീനയിലേക്ക് പുറപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

