കൊച്ചിയിൽനിന്ന് 579 ഹജ്ജ് തീർഥാടകർ കൂടി യാത്രതിരിച്ചു
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽനിന്ന് ഒരു വയസ്സുകാരനടക്കം 579 ഹാജിമാർ വ്യാഴാഴ്ച രണ്ട് വിമാനങ്ങളിലായി മക്കയിലേക്ക് യാത്ര തിരിച്ചു. പുലർച്ച മൂന്നിന് സൗദി എയർലൈൻസ് എസ്.വി 3763 വിമാനത്തിൽ 289 പേർ യാത്ര തിരിച്ചു. ഇതിൽ 275 സ്ത്രീകളും 14 പുരുഷന്മാരുമാണുള്ളത്.
രാത്രി 8.30ന് യാത്രതിരിച്ച സൗദി എയർലൈൻസ് എസ്.വി 3775 വിമാനത്തിൽ ഒരു വയസ്സുള്ള കുഞ്ഞടക്കം 290 പേരാണുണ്ടായിരുന്നത്. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി മങ്കാരബ്രായിൽ ഷരീഫ് ഹുസൈന്റെയും ബിസ്മിയുടെയും ഒരു വയസ്സുള്ള ജാബിറാണ് മാതാപിതാക്കളോടൊപ്പം യാത്ര തിരിച്ചിട്ടുള്ളത്.
വ്യാഴാഴ്ച വൈകീട്ടോടെ ലക്ഷദീപിൽനിന്നുള്ള ഹജ്ജ് തീർഥാടകർ ക്യാമ്പിലെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ലക്ഷദീപിൽനിന്നുള്ള 192 പേരും കേരളത്തിൽനിന്നുള്ള 97 പേരുമടക്കം 289 പേർ രാത്രി 8.30നുള്ള സൗദി എയർലൈൻസ് വിമാനത്തിൽ യാത്ര തിരിക്കും. വ്യാഴാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എം.ഡി എസ്. സുഹാസും സിയാൽ ഉദ്യോഗസ്ഥരും ഹജ്ജ് ക്യാമ്പ് സന്ദർശിക്കാനെത്തിയിരുന്നു.

