ഹജ്ജിൽ പങ്കെടുക്കുന്നത് 18,000 കേരളീയർ
text_fieldsകേരളത്തിൽനിന്നെത്തിയ ഹജ്ജ് വളൻറിയർമാർ
മക്ക: കേരളത്തിലെ മൂന്ന് എംബാർക്കേഷൻ പോയൻറുകളിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ 16,341 പേരും സ്വകാര്യ ഗ്രൂപ്പുകൾ വഴി എത്തിയ 1,000ത്തോളം പേരും ഉൾപ്പെടെ 18,000 മലയാളി തീർഥാടകരാണ് ഈ വർഷം ഹജ്ജിൽ പങ്കെടുക്കുന്നത്. ഇതിൽ മൂന്ന് തീർഥാടകർ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ രോഗങ്ങൾ മൂലം മരിച്ചിരുന്നു.
കേരള ഹാജിമാർ ചൊവ്വാഴ്ച രാത്രിയോടെ ഹജ്ജിനായി മിനായിലേക്ക് പുറപ്പെടാനാണ് ഇന്ത്യൻ ഹജ്ജ് മിഷൻ നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലെ തീർഥാടകരെ നയിക്കുന്നത് പൊലീസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള 107 ജീവനക്കാരായ വളൻറിയർമാരാണ്.
പ്രത്യേക പരിശീലനം ലഭിച്ച ഈ വളൻറിയർമാരാണ് ഹജ്ജ് ദിനങ്ങളിൽ ഹാജിമാർക്ക് തുണയാവുക. വളൻറിയർ ക്യാപ്റ്റനായി കാസർകോട് സ്വദേശി കെ.എ. മുഹമ്മദ് സലീം ആണ് ഇവരെ നയിക്കുന്നത്.
ഇത്തവണ 2,600 ഓളം വിത്തൗട്ട് മഹറം വിഭാഗത്തിലുള്ള വനിത തീർഥാടകരും ഹജ്ജിനുണ്ട്. ഇവർക്കായി സേവനം ചെയ്യുന്നതിനായി 20 വനിത വളൻറിയർമാർ കൂടെയുണ്ട്. ആൺതുണയില്ലാതെ എത്തുന്ന തീർഥാടകർക്ക് വേണ്ടതായ നിർദേശങ്ങളും സഹായങ്ങളും ചെയ്യുകയാണ് നാട്ടിൽനിന്നെത്തിയ വനിത വളൻറിയർമാർ. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ എത്തിയ തീർഥാടകർക്ക് ബലിക്കൂപ്പൺ (അദാഹി), മെട്രോ ടിക്കറ്റ് എന്നിവ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. 63,253 ഇന്ത്യൻ തീർഥാടകർ ബസ് മാർഗമാണ് ഹജ്ജ് പ്രദേശങ്ങളിൽ യാത്ര ചെയ്യുന്നത്.
മശാഇർ മെട്രോ സ്റ്റേഷന് സമീപത്തെ ടെൻറുകളിലുള്ള മലയാളി തീർഥാടകർക്ക് മെട്രോ ട്രെയിനിൽ യാത്രാസൗകര്യം ലഭിക്കും. 59,265 ഇന്ത്യൻ തീർഥാടകർക്ക് മശാഇർ മെട്രോയിൽ ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

