ഹജ്ജ് പെർമിറ്റില്ലാതെ പിടിയിലായ 14 പേർക്ക് പിഴ ചുമത്തി
text_fieldsമക്ക: ഹജ്ജ് പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യാൻ നടത്തുന്ന ശ്രമങ്ങളെ പൂർണമായും ഇല്ലാതാക്കാൻ പഴുതടച്ച പരിശോധന മക്കയിലും പരിസര പ്രദേശങ്ങളിലും തുടരുകയാണ്. മക്കയുടെ പ്രവേശന കവാടങ്ങളിൽ ഹജ്ജ് സുരക്ഷാസേന പിടിയിലായത് 50ഓളം പേരാണ്. ഇതിൽ സ്വദേശികളായ ഒമ്പതും പ്രവാസികളായ അഞ്ചും ഉൾപ്പെടെ 14 ഡ്രൈവർമാരാണ്. നിലവിൽ അറസ്റ്റിലുള്ള 14 പേർക്ക് പിഴ ചുമത്തി. നിയമലംഘകർക്ക് തടവും ഒരു ലക്ഷം റിയാലുമാണ് പിഴ. വിദേശികളായ നിയമലംഘകരെ നാടുകടത്തും. സൗദിയിലേക്ക് 10 വർഷത്തേക്ക് പ്രവേശന വിലക്കുമുണ്ടാകും.
ഓരോ ദിവസവും നിരവധി പേർ പിടിയിലാകുന്നുണ്ട്. നിയമലംഘകരില്ലാത്ത ഹജ്ജ് എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാസേന പ്രവർത്തിക്കുന്നത്. ഹജ്ജ് പെർമിറ്റ് ഇല്ലാത്ത വ്യക്തികൾ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്നത് തടയുന്നതിനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം കർശനമാക്കിയിട്ടുണ്ട്. അനധികൃത ഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും പെർമിറ്റ് ഇല്ലാതെ ഹജ്ജിന് ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്താനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പിടിക്കപ്പെട്ട എല്ലാ പ്രതികളെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. തീർഥാടകർക്ക് സുരക്ഷിതമായ ഹജ്ജ് ഉറപ്പാക്കാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും ഹജ്ജ് ചട്ടങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
മക്ക നഗരപരിധിയിലും പ്രവേശന കവാടങ്ങളിലും ശക്തമായ പരിശോധനയാണ് മുഴുസമയവും നടക്കുന്നത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ളവർ 999 എന്ന നമ്പറിലോ വിളിച്ച് റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം പൊതുജനങ്ങളോട് ആവർത്തിച്ച് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

