ഹജ്ജിൽ പങ്കെടുക്കുന്നത് 1,22,422 ഇന്ത്യൻ തീർഥാടകർ
text_fieldsവനിത തീർഥാടകർക്ക് തുണയായി കേരളത്തിൽനിന്നെത്തിയ വനിത ഹജ്ജ് ഇൻസ്പെക്ടർമാർ
റിയാദ്: ഹജ്ജിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്ന് എത്തിയിരിക്കുന്നത് 1,22,422 തീർഥാടകരാണ്. 10,000ത്തോളം തീർഥാടകർ സ്വകാര്യ ഗ്രൂപ്പുകൾ മുഖാന്തരമാണ് എത്തിയത്. മക്കയിലും മദീനയിലും എത്തിയ ശേഷം മൂന്നു മലയാളികൾ ഉൾപ്പെടെ 18 ഇന്ത്യൻ തീർഥാടകർ മരിച്ചു. ഇതിൽ ആറുപേർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയെത്തിയതാണ്. മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ കേന്ദ്രങ്ങളിൽ താമസിച്ച ഇന്ത്യൻ തീർഥാടകർ ചൊവ്വാഴ്ച രാത്രിയോടെ മിനായിലേക്ക് പുറപ്പെട്ടു. ഹജ്ജ് സർവിസ് കമ്പനികളാണ് ബസ് മാർഗം ഹാജിമാരെ മിനായിലെ തമ്പുകളിൽ എത്തിക്കുന്നത്. മിനായിൽ കിങ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശത്തും കിങ് ഫഹദ്, സൂഖുൽ അറബ്, ജൗഹറ റോഡുകൾക്കിടയിലും ആണ് ഇന്ത്യൻ ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുള്ളത്. 33 ഹജ്ജ് സർവിസ് കമ്പനികൾക്ക് കീഴിലാണ് തീർഥാടകർ ഹജ്ജ് യാത്ര നടത്തുന്നത്.
ഓരോ സർവിസ് കമ്പനികൾക്ക് കീഴിലുള്ള തമ്പുകളിലും ഒരു ഡിസ്പെൻസറിയും ഒരുക്കിയിട്ടുണ്ട്. പകുതിയോളം തീർഥാടകർ ഹജ്ജ് നടക്കുന്ന മിന, മുസ്ദലിഫ, അറഫ, ജംറാത്ത് എന്നിവകൾക്കിടയിൽ മാശാഇയർ മെട്രോ വഴിയാണ് യാത്ര ചെയ്യുന്നത്. 150 തീർഥാടകർക്ക് ഒരു സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടറും സഹായത്തിന് കൂടെയുണ്ട്.
കേരളത്തിൽനിന്നും 107 ഹജ്ജ് ഇൻസ്പെക്ടർമാരും തീർഥാടകരെ അനുഗമിക്കുന്നുണ്ട്. ഇതിൽ 20 വനിത ഹജ്ജ് ഇൻസ്പെക്ടർമാർ വിതൗട്ട് മഹറം വിഭാഗത്തിൽ ഹജ്ജിനെത്തിയ 2,600 ഓളം വനിതാ തീർഥാടകർക്ക് തുണയേകും. കേരളത്തിൽനിന്നും 16,341 തീർഥാടകരും 1,000ലേറെ സ്വകാര്യ തീർഥാടകരുമാണ് ഹജ്ജിനുള്ളത്. ഇതിൽ സ്വകാര്യ ഗ്രൂപ്പിൽ വന്ന രണ്ടുപേരും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഒരാളും അസുഖങ്ങൾ മൂലം മക്കയിലും മദീനയിലുമായി മരിച്ചു.
മലയാളികളായ 20 ഓളം ഹാജിമാർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരെ മിനായിലേക്ക് കൊണ്ടുപോകാതെ നേരിട്ട് അറഫയിലേക്കാവും എത്തിക്കുക. വിവിധ ആശുപത്രികൾ സജ്ജീകരിക്കുന്ന ആംബുലൻസുകളിലോ എയർ ആംബുലൻസുകളിലോ ഇവരെ അറഫയിൽ എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

