ഹജ്ജ്: ഒമ്പത് സംസ്ഥാനങ്ങളിൽ ക്വോട്ട തികക്കാൻ അപേക്ഷകരില്ല; രാജ്യത്ത് ഹജ്ജ് അപേക്ഷ കുത്തനെ കുറഞ്ഞു
text_fieldsമലപ്പുറം: ഈ വർഷത്തെ ഹജ്ജിന് അനുവദിച്ച ക്വോട്ട തികക്കാൻ അപേക്ഷകരില്ലാതെ ഒമ്പത് സംസ്ഥാനങ്ങൾ. കോവിഡിന് മുമ്പ് ഹജ്ജ് അപേക്ഷയിൽ രാജ്യത്ത് ഒന്നാമതായിരുന്ന കേരളം ഇക്കുറി നാലാം സ്ഥാനത്തുമായി. ഓരോ സംസ്ഥാനത്തെയും മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഹജ്ജിന് ക്വോട്ട നിശ്ചയിക്കുന്നത്. ഇപ്രകാരം അനുവദിച്ച ക്വോട്ട തികക്കാൻ അപേക്ഷരില്ലാത്തത് ആന്ധ്ര, അസം, ബിഹാർ, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, പഞ്ചാബ്, ത്രിപുര, ഉത്തർപ്രദേശ്, ബംഗാൾ സംസ്ഥാനങ്ങളിലാണ്. ഇവിടങ്ങളിൽ ബാക്കിയുള്ള സീറ്റുകൾ മറ്റ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുകയായിരുന്നു. ബംഗാളിൽ മാത്രം 9,041 പേരുടെ കുറവാണുളളത്. ബിഹാറിൽ 8,587ഉം.
ഉത്തർപ്രദേശിന് അനുവദിച്ച ക്വോട്ട 31,180 ആണെങ്കിൽ അപേക്ഷകർ 26,786 മാത്രം. മറ്റ് സംസ്ഥാനങ്ങളിലെ കണക്ക് ക്വോട്ട, അപേക്ഷകർ എന്ന ക്രമത്തിൽ: ബംഗാൾ- 19,976, 10,935. അസം: 8,840, 6,302. ആന്ധ്ര: 2931, 2323. ബിഹാർ: 14,225, 5638. ഝാർഖണ്ഡ്: 3,884, 2901. ഹിമാചൽ പ്രദേശ്: 121, 74. പഞ്ചാബ്: 434, 308. ത്രിപുര: 256, 165.
ഇക്കുറി രാജ്യത്ത് ഹജ്ജ് അപേക്ഷകളിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2019ൽ 2,67,261 അപേക്ഷകരുണ്ടായിരുന്നെങ്കിൽ ഇക്കുറി 1,84,147 പേർ മാത്രമാണുള്ളത്. 2018 ൽ 3,55,604 ഉം 2017 ൽ 4,48,268ഉം അപേക്ഷകരുണ്ടായിരുന്നു. ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വോട്ട വർധിപ്പിക്കുകയും മൂന്ന് വർഷത്തിന് ശേഷം കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച് ഹജ്ജിന് അവസരം ഒരുക്കുകയും ചെയ്തിട്ടും അപേക്ഷകരുടെ എണ്ണം കുത്തനെ കുറയുകയായിരുന്നു.
കോവിഡിന് മുമ്പ് രാജ്യത്ത് ഹജ്ജ് അപേക്ഷകരിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇക്കുറി നാലാമതാണ്. ഇത്തവണ 19,524 അപേക്ഷകരാണുള്ളത്. ഇതിൽ 10,531 പേർക്ക് അവസരം ലഭിച്ചു. 2019ൽ 43115, 2018ൽ 69783, 2017ൽ 95236 അപേക്ഷകരാണ് കേരളത്തിലുണ്ടായിരുന്നത്. ഉത്തർപ്രദേശിലാണ് കൂടുതൽ അപേക്ഷകർ. മഹാരാഷ്ട്രക്കാണ് രണ്ടാംസ്ഥാനം -23,982 പേർ. മഹാരാഷ്ട്രയിൽനിന്ന് 15,033 പേർക്ക് അവസരം ലഭിച്ചു. മൂന്നാമതുള്ള ഗുജറാത്തിലെ 20,947 അപേക്ഷകരിൽ 8,096 പേർക്ക് അവസരം കിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

