കുഞ്ഞുനോമ്പിന്റെ ആഘോഷം ‘ഗരങ്കാവൂ’
text_fieldsഗരങ്കാവു ആഘോഷങ്ങളുടെ ഭാഗമായി വിപണിയിലെത്തിയ ഉൽപന്നങ്ങൾ, ഗരങ്കാവു ആഘോഷത്തിനായി വിപണിയിൽ എത്തിയ
മിഠായികൾ
ദോഹ കുട്ടികളുടെ നോമ്പ് ആഘോഷമായി ഗരങ്കാവൂ പുലരിയെത്തുന്നു. റമദാൻ 14ന് കുട്ടികളുടെ നോമ്പിനെ ആഘോഷത്തോടെ വരവേൽക്കുന്ന അറബ് സമൂഹത്തിന്റെ ഗരങ്കാവൂ ദിനം ബുധനാഴ്ചയാണ്. കുട്ടികളെല്ലാം നോമ്പെടുത്ത് ‘ഗരങ്കാവൂ, ഗരങ്കാവൂ.. അതൂന അതൂന... അല്ലാഹ് യഅ്തീക്കും...’ പാടി തെരുവിലിറങ്ങുമ്പോൾ നോമ്പുകാലത്തിന്റെ മറ്റൊരു പൈതൃകം കൂടി വിളിച്ചോതുന്നു. ഖത്തർ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലെ അറബ് കുടുംബങ്ങളിൽ നോമ്പു വേളയിലെ പ്രധാന ആഘോഷമായി മാറിയ ഗരങ്കാവൂ’ ദിനത്തെ വരവേൽക്കാൻ നേരത്തേ തന്നെ ഒരുക്കം തുടങ്ങി. റമദാൻ ഒരാഴ്ച പിന്നിടുമ്പോഴേക്കും സൂഖുകളിലും ഹൈപ്പർമാർക്കറ്റുകളിലും മാളുകളിലുമായി ഗരങ്കാവൂ സ്പെഷലുകളെത്തി തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളുമായി ഷോപ്പിങ്ങും തകൃതിയായി തുടങ്ങി. അറബ് കുടുംബങ്ങളിലെ ആഘോഷം, ഇപ്പോൾ പ്രവാസി കുടുംബങ്ങളും ഏറ്റെടുത്ത്, സ്കൂളുകളിലും എത്തി കഴിഞ്ഞു. കുഞ്ഞുനോമ്പ് നോൽക്കലും വൈകുന്നേരം ഇഫ്താറിനുശേഷം, ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ള മുതിർന്നവരിൽനിന്ന് സമ്മാനങ്ങൾ വാങ്ങുകയും ചെയ്യുന്നതാണ് ‘ഗരങ്കാവൂ’ വിലെ പ്രധാന ആകർഷണം. നോമ്പ് പത്തിലെത്തിയപ്പോൾ തന്നെ രക്ഷിതാക്കളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ കുട്ടികൾക്ക് സമ്മാനങ്ങളും മധുരങ്ങളും വാങ്ങാനായി കടകളിൽ തിരക്ക് തുടങ്ങി.
സൂഖുകൾ മുതൽ സൂപ്പർ മാർക്കറ്റുകളും വരെ ഗരങ്കാവൂ സമ്മാനപ്പൊതികളുമായി നേരത്തേ സജ്ജമായി. മതപരമായ വിശ്വാസത്തിന്റെ ഭാഗമല്ലെങ്കിലും സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ നോമ്പുനോൽക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഗരങ്കാവൂ ആഘോഷം വർണാഭമാണ്. ആൺകുട്ടികൾ പരമ്പരാഗത വസ്ത്രമായ തൗബും ഖഫിയ്യയും പെൺകുട്ടികൽ അൽ സരിയ്യ് എന്ന വർണ വസ്ത്രവും അൽ ബഖ്നഖ് എന്ന പ്രത്യേക തലപ്പാവുമണിഞ്ഞാണ് ആഘോഷത്തെ വരവേൽക്കാറ്.
കുട്ടികൾക്ക് അറബി പൈതൃകവും സംസ്കാരവും ആചാരങ്ങളും സംബന്ധിച്ച് അവബോധമുണ്ടാക്കുകയാണ് ഗരങ്കാവൂ ആഘോങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ‘ഗരങ്കാവൂ, ഗരങ്കാവൂ.. അതൂന അതൂന... അല്ലാഹ് യഅ്തീക്കും’ എന്ന വരികൾ താളത്തിൽ പാടിയാണ് ബന്ധുവീടുകളും അയൽവീടുകളും ഗരങ്കാവൂ ആഘോഷത്തിൽ സന്ദർശിക്കാറ്. ‘ഞങ്ങൾക്ക് തരൂ, അല്ലാഹു നിങ്ങൾക്ക് തരും...’ എന്നാണ് വരികളുടെ അർഥം.
അൽ ഷഖാബിൽ ആഘോഷം
ദോഹ: ഗരങ്കാവൂ ആഘോഷങ്ങൾക്ക് വേദിയൊരുക്കി അൽ ഷാബ് വില്ലേജ്. കുട്ടികളുടെ ആഘോഷങ്ങളിൽ പങ്കാളികളാകാൻ പൊതുജനങ്ങൾക്കുകൂടി അവസരം നൽകിയാണ് അൽ ഷഖാബ് വില്ലേജിൽ ഗരങ്കാവൂ പരിപാടികൾ ഒരുക്കുന്നത്. ബുധനാഴ്ച രാത്രി 8.30 മുതൽ അർധരാത്രി 12 വരെ വിവിധ മത്സര പരിപാടികളോടെ ഗരങ്കാവൂ ആഘോഷങ്ങൾ അരങ്ങേറും. ബെസ്റ്റ് ഗരങ്കാവൂ നൈറ്റ് ഡ്രസ്, ഫാഷന ഷോ, റാന്തൽ പരിശീലന പരിപാടി, പരമ്പരാഗത കളികൾ, സദു നെയ്ത് തുടങ്ങിയ മത്സരങ്ങൾക്ക് അൽ ഷഖാബ് വേദിയാവും.
ഗരങ്കാവു ആഘോഷത്തിന്റെ ഭാഗമായി സമ്മാനങ്ങൾ വാങ്ങുന്ന കുട്ടികൾ (ഫയൽ ചിത്രം)
വസ്ത്ര വിപണിയിലും തിരക്ക്
ദോഹ: ഗരങ്കാവൂ ആഘോഷവേളയെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുകയാണ് ഖത്തറിലെ പ്രധാന വ്യാപാര കേന്ദ്രങ്ങൾ. സൂഖ് വാഖിഫ് മുതൽ ഹൈപ്പർ മാർക്കറ്റുകളും ചെറു നട്സ് ഷോപ്പുകളിലും തിരിക്കു വർധിച്ചു. മിഠായികൾ, മധുര പലഹാരങ്ങൾ, വസ്ത്രങ്ങൾ, ചോക്ലറ്റുകൾ ഉൾപ്പെടെയുള്ളവയുടെ വിൽപനയാണ് കാര്യമായി വർധിച്ചത്. കുട്ടികളുടെ പലനിറങ്ങളിലെ വസ്ത്രങ്ങൾക്ക് ആവശ്യക്കാർ കൂടിയതായി വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തെ അപേക്ഷിച്ച് ഗരങ്കാവൂ ആഘോഷത്തിന് തിരക്കേറിയതായി സൂഖ് വാഖിഫിലെ അൽ ഇമാദി ഷോപ്പ് ജീവനക്കാരൻ അനുൽഹഖ് പറഞ്ഞു.
കഴിഞ്ഞ 12 വർഷമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ, കോവിഡ് പൂർവകാല നിലയിലേക്ക് വ്യാപാരം തിരിച്ചെത്തിയതായും ആഘോഷങ്ങൾക്ക് സാധനങ്ങൾ വാങ്ങികൂട്ടാൻ കൂടുതൽ പേർ എത്തുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിദിന വിൽപനയും വർധിച്ചു. രണ്ടു മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് അണിയാനുള്ള ഗരങ്കാവൂ വസ്ത്രങ്ങൾ 60 -85 റിയാൽ നിരക്കിൽ ലഭ്യമാണ്. മുതിർന്നവരുടേത് 50 റിയാൽ മുതൽ 100 റിയാൽ വരെയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

