മഞ്ഞുപെയ്യുന്ന ഓർമകളിൽനിന്ന് മരുഭൂമിയിലെ ക്രിസ്മസ് കാഴ്ചകളിലേക്ക്
text_fields‘‘ജീവിതം പ്രവാസലോകത്തേക്ക് പറിച്ചുനട്ടപ്പോൾ ക്രിസ്മസിന്റെ മുഖം മാറി. ഗൾഫ് നാടുകളിലെ, പ്രത്യേകിച്ച് ഒമാനിലെ ക്രിസ്മസ് വേറൊരു തലത്തിലുള്ള അനുഭവമാണ് സമ്മാനിച്ചത്.
ഡിസംബറിലെ കുളിരിൽ ഓർമകളുടെ വാതിലുകൾ തുറക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് ഗൃഹാതുരത്വം ഉണർത്തുന്ന ബാല്യകാലമാണ്. കേരളത്തിന്റെ പച്ചപ്പിലും മഞ്ഞിന്റെ കുളിരിലും അനുഭവിച്ചറിഞ്ഞ ക്രിസ്മസ്. നക്ഷത്രങ്ങൾ തൂക്കിയും പുൽക്കൂടുകൾ ഒരുക്കിയും കാരൾ സംഘത്തിനൊപ്പം വീടുകൾ കയറിയിറങ്ങിയും ആഘോഷിച്ച ആ കാലഘട്ടം; അത് വെറുമൊരു ആഘോഷമായിരുന്നില്ല, മറിച്ച് സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും വലിയൊരു അനുഭവമായിരുന്നു.
പിന്നീട് ജീവിതം പ്രവാസലോകത്തേക്ക് പറിച്ചുനട്ടപ്പോൾ ക്രിസ്മസിന്റെ മുഖം മാറി. ഗൾഫ് നാടുകളിലെ, പ്രത്യേകിച്ച് ഒമാനിലെ ക്രിസ്മസ് വേറൊരു തലത്തിലുള്ള അനുഭവമാണ് സമ്മാനിച്ചത്. ഈ രാജ്യത്തിന്റെ നിയമങ്ങളെയും മൂല്യങ്ങളെയും ആദരിച്ചുകൊണ്ട്, പള്ളികളുടെ മതിലുകൾക്കുള്ളിലും താമസയിടങ്ങളിലും നമ്മൾ ആഘോഷങ്ങൾ ഒതുക്കിയപ്പോൾ അതിന് ആഴമേറി. പ്രവാസിയുടെ ക്രിസ്മസിന് കൂട്ടായ്മയുടെയും കരുതലിന്റെയും വലിയൊരു അർഥമാണുള്ളത്.
കാലം മാറിയതനുസരിച്ച് ആഘോഷങ്ങളുടെ വേദിയും മാറി. കോവിഡ് മഹാമാരിക്ക് ശേഷം ലോകം പഴയ നിലയിലേക്ക് തിരിച്ചെത്തിയപ്പോൾ, സോഷ്യൽ മീഡിയ ആഘോഷങ്ങളുടെ പുതിയ വേദിയായി. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നിറയുന്ന ക്രിസ്മസ് വിശേഷങ്ങൾ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു. ലോകത്തിന്റെ ഏത് കോണിലായാലും മലയാളികൾ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങൾ ക്രിസ്തുവിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ലോകം ഒട്ടാകെ ഇത്രയധികം വിപുലമായി ആഘോഷിക്കുന്ന മറ്റൊരു ആഘോഷം വേറെയില്ല.
ഈ വർഷം ഒമാനിലെ ക്രിസ്മസ് കാഴ്ചകൾ അതിമനോഹരമാണ്. മസ്കത്തിലെ സെന്റ് പീറ്റേഴ്സ് കാത്തോലിക് പള്ളിയിൽ ഒമാനിലെ തന്നെ ഏറ്റവും വലിയ ക്രിസ്മസ് ട്രീയാണ് അലങ്കരിച്ചിരിക്കുന്നത്. വർണവിസ്മയങ്ങൾകൊണ്ട് അത് കാണികളെ ആകർഷിക്കുന്നു. അതുപോലെതന്നെ എടുത്തുപറയേണ്ട ഒന്നാണ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ കാഴ്ച. അവിടെ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 'ബെയ്ത് അൽ ബെത്ലഹേം' എന്ന പേരിൽ ഒരുക്കിയ ദൃശ്യവിസ്മയം. ജാതിമതഭേദമന്യേ ദിവസേന നിരവധി ആളുകളാണ് ഇത് കാണാനായി അവിടെ എത്തിച്ചേരുന്നത്.
മാറുന്ന കാലത്തിനൊപ്പം ആഘോഷങ്ങൾക്കും മാറ്റം വരുന്നുണ്ടെങ്കിലും, ക്രിസ്മസ് നൽകുന്ന സന്ദേശം ഒന്നുതന്നെയാണ്. അതിരുകളില്ലാത്ത സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

