വിദേശ ഉംറ തീർഥാടകർക്ക് സൗദിയിൽ ഏത് വിമാനത്താവളം വഴിയും പ്രവേശിക്കുകയും തിരിച്ചു പോവുകയും ചെയ്യാം
text_fieldsജിദ്ദ: വിദേശ ഉംറ തീർഥാടകർക്ക് സൗദിയിലെ ഏത് അന്താരാഷ്‌ട്ര വിമാനത്താവളം വഴിയും രാജ്യത്ത് പ്രവേശിക്കുകയും തിരിച്ചു പോവുകയും ചെയ്യാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രലായം ആവർത്തിച്ച് വ്യക്തമാക്കി. ഇത് സംബന്ധിച്ച ചോദ്യത്തിന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് മന്ത്രാലയം മറുപടി നൽകിയത്.
വിദേശ തീർഥാടകർ ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി തന്നെ യാത്ര ചെയ്യണമെന്ന് നിർബന്ധമില്ലെന്ന് മന്ത്രാലയം അറിയിച്ചു. മുമ്പ് ഇതുസംബന്ധിച്ച് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തത നൽകിയിരുന്നു. ഇപ്പോഴും ഇക്കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ സ്ഥിരീകരണം.
എന്നാൽ ഹജ്ജ് ഉംറ മന്ത്രാലയം ഇക്കാര്യം ആവർത്തിക്കുമ്പോഴും സൗദിയിലേക്ക് സർവിസ് നടത്തുന്ന വിമാനകമ്പനികൾ ഉംറ തീർഥാടകരെ ജിദ്ദ, മദീന വിമാനത്താവളങ്ങളൊഴിച്ചുള്ള മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നില്ല. ഇതുസംബന്ധിച്ച ഒരു വിവരവും മന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്നും തങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് വിമാന കമ്പനികൾ പറയുന്നത്. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു.
നേരത്തെ ഹജ്ജ്, ഉംറ മന്ത്രാലയത്തിൽ നിന്നും ഇങ്ങിനെയൊരു അനുവാദം വന്ന സമയത്ത് കേരളത്തിൽ നിന്നുള്ള നിരവധി തീർഥാടകർ റിയാദ്, ദമ്മാം തുടങ്ങിയ വിമാനത്താവളങ്ങൾ വഴി ഉംറക്ക് പുറപ്പെടാൻ ടിക്കറ്റ് എടുത്തിരുന്നെങ്കിലും വിമാനകമ്പനികൾ ഇവരുടെ യാത്ര തടഞ്ഞിരുന്നു. അതിനാൽ നാട്ടിൽ നിന്നും ഉംറക്ക് പുറപ്പെടുന്നവർ തങ്ങളുടെ യാത്രക്ക് മുമ്പ് അതാത് വിമാനകമ്പനികളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതിന് ശേഷമേ ടിക്കറ്റ് എടുക്കാവൂ എന്ന് ഉംറ രംഗത്ത് പ്രവർത്തിക്കുന്നവർ മുന്നറിയിപ്പ് നൽകുന്നു.